സെലക്ഷനില്‍ ജയിച്ച് ടീം ഇന്ത്യ
text_fieldsസെന്‍റ് ലൂസിയ: ‘ചോദ്യമുയര്‍ത്തുന്ന സെലക്ഷന്‍’, മൂന്നാം ടെസ്റ്റിനായി ഒരുപിടി മാറ്റങ്ങള്‍ വരുത്തിയ ടീമുമായി ഡാരന്‍ സമി നാഷനല്‍ സ്റ്റേഡിയത്തില്‍ കാലുകുത്തിയ ടീം ഇന്ത്യയെ നോക്കി ക്രിക്കറ്റ് വിദഗ്ധരും മാധ്യമങ്ങളും സംശയമുന്നയിച്ചു. പിച്ച് മനസ്സിലാക്കാതെയോ എതിരാളികളുടെ ആക്രമണത്തെ വിലകുറച്ച് കണ്ടോ ആയിരിക്കാം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കോച്ച് അനില്‍ കുംബ്ളെയും മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അമിത് മിശ്ര, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി പോരിനിറങ്ങിയതെന്ന് പോലും വിലയിരുത്തലുണ്ടായി.
എന്നാല്‍, ഒടുവില്‍ മത്സരവും പരമ്പരയും ജയിച്ച് തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് തങ്ങള്‍ക്കറിയാമെന്ന് കോഹ്ലിയും കുംബ്ളെയും തെളിയിച്ചു. റണ്‍സ് കണക്കില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയംകുറിച്ചാണ് ഒരു മത്സരം ബാക്കിനില്‍ക്കെ 2-0ത്തിന് മുന്നിലത്തെി കോഹ്ലിയും കൂട്ടരും പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാമത്തേത് സമനിലയായിരുന്നു. വിന്‍ഡീസ് മണ്ണില്‍ രണ്ട് ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്ലിക്ക് സ്വന്തം. ഏഷ്യക്ക് പുറത്ത് സിംബാബ്വെയില്‍ അല്ലാതെ ഒരു പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ ജയിക്കുന്നതും 1986ന് ശേഷം ആദ്യമായാണ്. അഞ്ചിന് 126 എന്ന നിലയില്‍ തകര്‍ന്നുനിന്ന ഇന്ത്യയെ, ആറാം വിക്കറ്റില്‍ സാഹ-അശ്വിന്‍ സഖ്യം നേടിയ 213 റണ്‍സാണ് 353 എന്ന സുരക്ഷിത സ്കോറിലത്തെിച്ചത്.
കളിക്കാന്‍ പ്രശ്നങ്ങളില്ലാതിരുന്ന വിജയിനെ ടീമിലെടുക്കാതിരുന്നും പൂജാരക്ക് പകരം രോഹിത് ശര്‍മയെയും മിശ്രക്ക് പകരം രവീന്ദ്ര ജദേജയെയും യാദവിന് പകരം ഭുവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയതുമാണ് മത്സരത്തിനുമുമ്പ് ഇന്ത്യയുടെ സെലക്ഷനില്‍ സംശയമുയര്‍ത്തിയത്. ആദ്യ ഇന്നിങ്സിലെ മുന്‍നിരയുടെ തകര്‍ച്ചയും ന്യൂബാളില്‍ ഭുവനേശ്വറിന് വിക്കറ്റെടുക്കാനാകാതിരുന്നതും സംശയങ്ങള്‍ക്ക് ബലംപകരുകയും ചെയ്തു. എന്നാല്‍, ശക്തമായി തിരിച്ചുവന്ന താരങ്ങള്‍ ക്യാപ്റ്റന്‍െറ വിശ്വാസം കാത്തുസൂക്ഷിച്ച പ്രകടനങ്ങളുമായി ഇന്ത്യയുടെ വിജയത്തില്‍ പങ്കാളികളായി. ഭുവനേശ്വര്‍ രണ്ടുവര്‍ഷത്തിനിടയില്‍ ആദ്യമായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ജദേജ നിര്‍ണായക വിക്കറ്റുകളും റണ്‍സും സ്വന്തമാക്കിയതും രണ്ടാം ഇന്നിങ്സില്‍ രോഹിതിന്‍െറ വക ബാറ്റിങ് കരുതലും (41 റണ്‍സ്) കൂടി ആയപ്പോള്‍ കോഹ്ലി ആഗ്രഹിച്ച ഫലംതന്നെ വന്നത്തെി. ടീമില്‍ താന്‍ ആഗ്രഹിക്കുന്നത് ഫ്ളെക്സിബിലിറ്റിയാണെന്ന് വ്യക്തമാക്കിയ കോഹ്ലി 237 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ അടിത്തറപാകിയ വൃദ്ധിമാന്‍ സാഹ-ആര്‍. അശ്വിന്‍ കൂട്ടുകെട്ടിനെ പ്രശംസകൊണ്ട് മൂടാനും മറന്നില്ല. ജയിക്കുകയാണ് പരമപ്രധാനമെന്ന് ഒരിക്കല്‍ കൂടി പ്രകടനത്തിലൂടെ തെളിയിക്കാനും ഇന്ത്യക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
