വനിതാ ട്വൻറി20 കിരീടം വിൻഡീസിന്
text_fieldsകൊൽക്കത്ത: ലോകകപ്പ് വനിതാ ട്വൻറി20യിൽ വിൻഡീസിന് കിരീടം. ആസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് വിൻഡീസ് ആദ്യ ട്വൻറി20 കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആസ്ട്രേലിയ ഉയർത്തിയ 148 റൺസ് വിൻഡീസ് 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
ഓപണർമാരായ ഹെയ് ലി മാത്യൂസും സ്റ്റഫാനി ടെയ് ലറുമാണ് വിൻഡീസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. ഹെയ് ലി മാത്യൂസ് 45 പന്തിൽ 66ഉം ടെയ് ലർ 57 പന്തിൽ 59ഉം റൺസെടുത്തു പുറത്തായി. ഇരുവരും പുറത്താകുമ്പോൾ വിൻഡീസ് 18.4 ഓവറിൽ 144 റൺസെടുത്തിരുന്നു. പിന്നീട് ഒരുമിച്ച ദിയന്ത്ര ദോത്തിനും (12 പന്തിൽ 18) ബ്രിട്ട്നി കൂപ്പറും (മൂന്ന് പന്തിൽ മൂന്ന്) വിൻഡീസിനെ ജയിപ്പിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ലോകകപ്പിൻെറ ഫൈനൽ കളിക്കാനിറങ്ങിയ ഓസീസ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആസ്ട്രേലിയൻ വനിതകൾ 148 റൺസെടുത്തത്. എലിസ് വില്ലാനിയും മെഗ് ലീനിങ്ങും 52 വീതം റൺസെടുത്തു. എല്ലിസ് പെറി 23 പന്തിൽ 28 റൺസെടുത്തു. വിൻഡീസിനുവേണ്ടി ദോത്തിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
