ഇന്ത്യക്ക് ജയം ഏഴ് വിക്കറ്റ് അകലെ
text_fieldsകൊളംബോ: ഒരു ദിവസവും ഏഴ് വിക്കറ്റും അപ്പുറത്ത് ഇന്ത്യയെ കാത്തിരിക്കുന്നത് 23 വര്‍ഷം നീണ്ട വരള്‍ച്ചയുടെ അറുതിയാണ്. അതിശയങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ ലങ്കന്‍മണ്ണില്‍ ഇന്ത്യ രണ്ടാമത്തെ പരമ്പരവിജയം ആഘോഷിക്കും. സിംഹളീസ് സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടില്‍ പുതിയ ചരിത്രപ്പിറവിയിലേക്ക് വിരാട് കോഹ്ലിക്കും സംഘത്തിനും ഇനി ശേഷിക്കുന്നത് വെറും ഏഴ് വിക്കറ്റ് ദൂരം.
മൂന്നാം ടെസ്റ്റിന്‍െറ രണ്ടാമിന്നിങ്സില്‍ 274 റണ്‍സ് കൂട്ടി ച്ചേര്‍ത്ത് പുറത്തായ ഇന്ത്യ, ലങ്കക്ക് വെച്ചുനീട്ടിയത് 386 റണ്‍സിന്‍െറ വിജയലക്ഷ്യം. നാലാം ഇന്നിങ്സില്‍ താരതമ്യേന അപ്രാപ്യമായ സ്കോര്‍ പിന്തുടര്‍ന്ന ലങ്കക്ക് തുടക്കത്തില്‍തന്നെ കാലിടറി. നാലാം ദിവസം 67 റണ്‍സെടുത്തപ്പോഴേക്കും വിലപ്പെട്ട മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നിലംപൊത്തിയത്.
കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ അങ്കലാപ്പോടെ ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ആദ്യ ഓവറില്‍തന്നെ ഇശാന്ത് ശര്‍മ പ്രഹരമേല്പിച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്ക് വെട്ടിത്തിരിഞ്ഞ പന്തില്‍ ബാറ്റ് വെച്ച ഓപണര്‍ ഉപുല്‍ തരംഗയെ റണ്ണെടുക്കുംമുമ്പ് വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ പിടികൂടി. സ്കോര്‍ ഒന്നിന് ഒന്ന്.
തുടര്‍ന്ന് ക്രീസിലത്തെിയ ദിമുത് കരുണരത്നെ തരംഗയെ അനുകരിച്ച് ഓജക്ക് പിടികൊടുത്തു. ഇശാന്തിന് പകരം ഉമേഷ് യാദവായിരുന്നു പന്തെറിഞ്ഞതെന്നുമാത്രം. സ്കോര്‍ രണ്ടിന് രണ്ട്.
ഇന്ത്യന്‍ ഇന്നിങ്സില്‍ 11ാമന ായി ബാറ്റേന്തിയ ഇശാന്തുമായി കളിക്കിടെ കൊമ്പുകോര്‍ത്ത ലങ്കന്‍ ബാറ്റ്സ്മാന് ദിനേശ് ചാണ്ഡിമലിനെ വീഴ്ത്തി ഇശാന്ത് ശര്‍മ പകരംവീട്ടി. 17 പന്തില്‍ 18 റണ്‍സെടുത്ത ചാണ്ഡിമലിനെ ശര്‍മയുടെ പന്തില്‍ വിരാട് കോഹ്ലി പിടികൂടുകയായിരുന്നു. വലിയ പതനം മുന്നില്‍നില്‍ക്കെ ഓപണര്‍ കൗശല്‍ സില്‍വക്കൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ് ഉറച്ചുനിന്നപ്പോള്‍ നാലാം ദിവസം ലങ്കക്ക് തുടര്‍നഷ്ടങ്ങളുണ്ടായില്ല. 24 റണ്‍സുമായി കൗശല്‍ സില്‍വയും 22 റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസും ലങ്കന്‍ സ്കോര്‍ മൂന്ന് വിക്കറ്റിന് 67 റണ്‍സിലത്തെിച്ചു. രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ഇശാന്ത് ശര്‍മ ടെസ്റ്റിലെ വിക്കറ്റ് നേട്ടം ഏഴാക്കി.
ശേഷിക്കുന്ന ഏഴ് വിക്കറ്റുമായി സമനില പിടിക്കാനായിരിക്കും മാത്യൂസും കൂട്ടരും പൊരുതുക. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്ന ക്രീസില്‍ ഇശാന്തിന്‍െറയും ഉമേഷ് യാദവിന്‍െറയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ടെസ്റ്റിന്‍െറ വിധിയെഴുത്ത്.
21ന് മൂന്ന് എന്ന സ്കോറുമായി നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പ്രകടനവും പതറിയ നിലയിലായിരുന്നു. 21 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൂടാരമണഞ്ഞപ്പോഴും പിടിച്ചുനിന്ന് അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ പോരാട്ടത്തെ കരക്കടുപ്പിച്ചത്. 50 കടന്നയുടന്‍ രോഹിതും വീണു. തുടര്‍ന്ന് സ്റ്റുവര്‍ട്ട് ബിന്നിയും നമാന്‍ ഓജയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഒരു റണ്‍സിന്‍െറ വ്യത്യാസത്തില്‍ അര്‍ധ സെഞ്ച്വറി നഷ്ടമായി ബിന്നി കരക്കുകയറിയിട്ടും ഓജയും (35) അമിത് മിശ്രയും (39) ഉറച്ചുനിന്നു. എന്നാല്‍, വാലറ്റത്ത് അര്‍ധ സെഞ്ച്വറി തികച്ച് ഇന്നിങ്സിലെ ടോപ്സ്കോറര്‍ ആയ രവിചന്ദ്ര അശ്വിനാണ് താരമായത്. ഇന്ത്യന്‍ പ്രതീക്ഷകളെ ഒറ്റക്ക് ചുമലിലേന്തിയ അശ്വിന് ഏഴ് ബൗണ്ടറി സഹിതം 58 റണ്‍സെടുത്ത് പത്താമനായി പുറത്തായി. ഫാസ്റ്റ് ബൗളര്‍മാരായ ധമ്മിക പ്രസാദും നുവാന്‍ പ്രദീപും നാല് വീതം വിക്കറ്റ് വീഴ്ത്തി.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ലങ്ക 63 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 278 റണ്‍സിന് വിജയിച്ച് തിരിച്ചടിച്ചു.
1993ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്െറ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ലങ്കന്‍മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ആ ജയവും ഇതേ ഗ്രൗണ്ടിലായിരുന്നു. കപില്‍ദേവും സചിനും കുംബ്ളെയും വിനോദ് കാംബ്ളിയുമൊക്കെ അടങ്ങുന്ന താരങ്ങള്‍ അണിനിരന്ന അസ്ഹറിന്‍െറ സംഘം 235 റണ്‍സിനാണ് അന്ന് ലങ്കയെ കീഴടക്കിയത്. മറ്റ് രണ്ട് ടെസ്റ്റുകളും സമനിലയില്‍ പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
--dismissi_9.jpg)