രണ്ടാം ട്വന്‍റി20: തിരിച്ചുവരാന്‍ ഇന്ത്യ
text_fieldsകട്ടക്ക്: ആദ്യ മത്സരത്തില്‍ വഴങ്ങേണ്ടിവന്ന തോല്‍വിയുടെ ക്ഷീണംമറന്ന് തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ തിങ്കളാഴ്ച രണ്ടാം ട്വന്‍റി20യില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നു മത്സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും ജയം അനിവാര്യമാണ്. ധര്‍മശാലയിലെ ആദ്യ മത്സരത്തിലെ തോല്‍വി വിലയിരുത്തുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് ഇത്തവണ സമ്മര്‍ദം മുഴുവനും. മൂന്നുമാസത്തെ ഇടവേളക്കുശേഷം നയിക്കാനിറങ്ങിയ ധോണിക്കും തന്‍െറ ടീമിനെ തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്തമേറെയാണ്.
ധര്‍മശാലയിലേതുപോലെയല്ല, കട്ടക്കില്‍ സാഹചര്യങ്ങള്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ പിച്ചിന്‍െറ വേഗം കുറക്കാനാണ് സാധ്യത. അതിനൊപ്പം കാര്‍മേഘങ്ങള്‍ കളിയുടെ ഭാവിക്ക് മുകളിലും അപകടമായി നില്‍പ്പുണ്ട്. ഇന്ത്യന്‍ ടീം ഭുവനേശ്വറിലത്തെുമ്പോള്‍ സ്റ്റേഡിയം തടാകത്തിന്‍െറ പ്രതീതിയിലായിരുന്നു. അടുത്ത 48 മണിക്കൂറില്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം.
സെഞ്ച്വറിയുമായി രോഹിത് ശര്‍മയും (106) 43 റണ്‍സുമായി വിരാട് കോഹ്ലിയും ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ആശങ്കകള്‍ അസ്ഥാനത്താക്കിയിട്ടുണ്ട്. എന്നാല്‍, മത്സരം കൈവിട്ട ബൗളര്‍മാര്‍ക്ക് ഈ മത്സരം തികഞ്ഞ പരീക്ഷണമാകും. ജെ.പി. ഡുമിനി മൂന്നു സിക്സറുകളുമായി 22 റണ്‍സ് വാരിയ 16ാം ഓവര്‍ എറിഞ്ഞ അക്ഷര്‍ പട്ടേലിന് തിങ്കളാഴ്ച വീണ്ടും അവസരം കിട്ടുമോയെന്ന് ചോദ്യമുയരുന്നുണ്ട്. ലെഫ്റ്റ് ആം സ്പിന്നില്‍ വാലറ്റത്തില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള അക്ഷറിനോടാണ് വെറ്ററന്‍താരം അമിത് മിശ്രയെക്കാള്‍ ധോണിക്ക് മമത. എന്നാല്‍, കട്ടക്കിലെ വേഗംകുറഞ്ഞ സാഹചര്യങ്ങള്‍ അമിതിന് അവസരം നല്‍കാനുള്ള കാരണവുമാകാം. അടി വാങ്ങാതിരിക്കുകയും മികച്ചരീതിയില്‍ എറിയുകയും ചെയ്ത ആര്‍. അശ്വിന്‍ ക്യാപ്റ്റന് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
