യുവരാജ് സിങ് വിവാഹിതനാകുന്നു
text_fieldsബാലി: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ് വിവാഹജീവിതത്തിലേക്ക്. ബ്രിട്ടീഷ് നടിയും മോഡലുമായ ഹെയ്സല്‍ കീചുമായി യുവരാജിന്‍െറ വിവാഹനിശ്ചയം നടന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്തോനേഷ്യയിലെ ബാലിയില്‍ രഹസ്യമായി നടന്ന സ്വകാര്യചടങ്ങിന്െറ ഫോട്ടോ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് വിവാഹവാര്‍ത്തക്ക് സ്ഥിരീകരണം വന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നുവര്‍ഷമായി പരിചയമുള്ള ഹെയ്സലുമായി ഏതാനും മാസങ്ങളായി യുവരാജ് പ്രണയത്തിലാണെന്ന് താരത്തിന്‍െറ അമ്മ ഷബ്നം സിങ് പറഞ്ഞു. യുവരാജിന്‍െറ പിതാവ് യോഗ്രാജ് സിങ്ങും വിവാഹവാര്‍ത്ത സ്ഥിരീകരിച്ചു.
തങ്ങളുടെ ബന്ധം മാധ്യമശ്രദ്ധയില്‍നിന്ന് അകറ്റിനിര്ത്തിയിരിക്കയായിരുന്നു ഇരുവരും. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സഹതാരം ഹര്ഭജന് സിങ്ങിന്‍െറ വിവാഹത്തോടനുബന്ധിച്ച് ട്വിറ്ററില്‍ ആശംസകള്‍ അറിയിക്കവെ തന്‍െറ വിവാഹം ഉടനുണ്ടാകുമെന്ന സൂചന യുവരാജ് നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഹെയ്സലും യുവരാജും പ്രണയത്തിലാണെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും അതിനത്തെുടര്‍ന്ന് വാര്‍ത്ത പരന്നു. ഇതിനെ കളിയാക്കി മാധ്യമങ്ങള്‍ തന്‍െറ വിവാഹ വേദിവരെ നിശ്ചയിച്ചതായും എന്നാണെന്ന് അറിയിച്ചാല്‍ താന്‍ ഒരുങ്ങിയിരിക്കാമെന്നും യുവി പ്രതികരിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ഹെയ്സല്‍ വിവാഹനിശ്ചയ മോതിരം ഉയര്‍ത്തിക്കാട്ടുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
