കിവികളെ ചുരുട്ടിക്കൂട്ടി കംഗാരുക്കള്‍; വിജയം 208 റണ്‍സിന്
text_fieldsബ്രിസ്ബേന്‍: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലക്കായി പൊരുതിയ കിവികള്‍ക്ക് 208 റണ്‍സിന്‍െറ കനത്ത തോല്‍വി. 504 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കിവീസ് 295 റണ്‍സിനു പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (80), കെയ്ന്‍ വില്യംസണ് (59) എന്നിവര്‍ക്കു മാത്രമാണ് ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. സ്പിന്നര്‍ നഥാന്‍ ലയോണ്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിരയില്‍ മക്കല്ലം അദ്ഭുതം സൃഷ്ടിച്ചു. ട്വന്റി-20 ശൈലിയില്‍ ഓസീസ് ബൗളിങ് നിരയെ നേരിട്ട മക്കല്ലം 10 ഫോറും രണ്ടു സിക്സും നേടിയിരുന്നു.
കെയ്ന്‍ വില്യംസണ് (59) പൊരുതിനേടിയ അര്‍ധശതകവും മഴയും ന്യൂസിലന്‍ഡിന് ഇന്നലെ സമനില പ്രതീക്ഷ നല്‍കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ നാലിന് 264 റണ്‍സെടുത്ത് 504 റണ്‍സിന്‍െറ കൂറ്റന്‍ ലക്ഷ്യം ന്യൂസിലന്‍ഡിന് മുന്നിലുയര്‍ത്തിയ ആസ്ട്രേലിയ തലേദിവസത്തെ സ്കോറില്‍ തന്നെ ഡിക്ളയര്‍ ചെയ്ത് നാലാം ദിവസം ന്യൂസിലന്‍ഡിന് ബാറ്റിങ് കൊടുക്കുകയായിരുന്നു.
