മഴ കളി തടസ്സപ്പെടുത്തി, ഇന്ത്യ 157 റണ്‍സ് മുന്നില്‍
text_fieldsകൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരിയില്‍ വിജയപ്രതീക്ഷകളുടെ പൂക്കളം തീര്‍ക്കാനുള്ള ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചാറ്റല്‍മഴയില്‍ തിളക്കം കുറഞ്ഞു. ചന്നംപിന്നം പെയ്ത മഴയും വെളിച്ചക്കുറവും മലമുകളില്‍ നേടിയ മേല്‍ക്കൈ ഓണനാളില്‍ വിജയാഘോഷമാക്കി മാറ്റാമെന്ന ആതിഥേയ കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടിയായി. 22 ഓവര്‍ മാത്രമാണ് മൂന്നാംദിനം കളി സാധ്യമായത്. ലഭ്യമായ പരിമിത സമയത്തിലും വാലറ്റത്തിന്‍െറ കരുത്തില്‍ മികവ് തുടര്‍ന്ന ഇന്ത്യ എ രണ്ടാം ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാമിന്നിങ്സ് ലീഡ് 157 റണ്‍സായി ഉയര്‍ത്തി. സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 417 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച് അല്‍പസമയത്തേക്കെങ്കിലും ഗാലറിയെ വിരുന്നൂട്ടിയ അക്ഷര്‍ പട്ടേല്‍ 69 റണ്‍സെടുത്ത് ക്രീസിലുണ്ട്.
93 പന്തില്‍ 10 ഫോറും രണ്ടു സിക്സും പായിച്ച 21കാരന്‍െറ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് കൃഷ്ണഗിരിയില്‍ പിറന്നത്. അഭേദ്യമായ ഒമ്പതാം വിക്കറ്റില്‍ അക്ഷറും കരണ്‍ ശര്‍മയും (19 നോട്ടൗട്ട്) വിലപ്പെട്ട 59 റണ്‍സ് ചേര്‍ത്തു. തിരുവോണ നാളില്‍ കളി സാധ്യമായാല്‍ ലീഡ് വര്‍ധിപ്പിച്ച ശേഷം ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സില്‍ എളപ്പം പുറത്താക്കി വിജയം നേടാമെന്ന വിദൂര പ്രതീക്ഷകളിലാണ് ആതിഥേയര്‍.
രാവിലെ മുതല്‍ ചാറ്റല്‍മഴ പെയ്തിറങ്ങിയ കൃഷ്ണഗിരിയുടെ പിച്ചില്‍ വ്യാഴാഴ്ച ആദ്യ പന്തെറിഞ്ഞത് ഉച്ച 1.30നാണ്. ആറിന് 342 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കെതിരെ പവലിയന്‍ എന്‍ഡില്‍നിന്ന് പന്തെറിഞ്ഞു തുടങ്ങിയ ഹാര്‍ഡസ് വിലോയെന്‍ അടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് പ്രഹരമേല്‍പി ച്ചു. വ്യക്തിഗത സ്കോറിനൊപ്പം ഒരു റണ്‍മാത്രം കൂട്ടിച്ചേര്‍ത്ത അങ്കുഷ് ബെയ്ന്‍സ് (35) രണ്ടാം സ്ലിപ്പില്‍ റീസാ ഹെന്‍റിക്സിന്‍െറ കൈകളിലൊതുങ്ങി. അക്കൗണ്ട് തുറക്കും മുമ്പെ അടുത്ത ഓവറില്‍ ജയന്ത് യാദവും വീണു. രണ്ടാം മത്സരത്തിലും പീറ്റ് ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെന്ന മിന്നുംനേട്ടത്തിനുടമയായി. നാലോവറിനുശേഷം വീണ്ടും മഴയത്തെിയതോടെ കളി തടസ്സപ്പെട്ടു. മഴയും ഇരുളും മാറിനിന്നപ്പോള്‍ അരമണിക്കൂറിനുശേഷം വീണ്ടും കളിയത്തെി. വിലോയെനെതിരെ തുടരെ ബൗണ്ടറി പറത്തിയാണ് അക്ഷര്‍ അരങ്ങുവാഴാന്‍ തുടങ്ങിയത്. എട്ടിന് 382 റണ്‍സെന്ന നിലയില്‍ ചായക്കുപിരിഞ്ഞ ശേഷം അവസാന സെഷനില്‍ ഇന്ത്യന്‍ നിര ആഞ്ഞടിച്ചു. പീറ്റിന്‍െറ ഓവറില്‍ രണ്ടു ഫോറടിച്ച് കരണും ആക്രമണ മൂഡിലേക്ക് മാറി. ഓണ്‍സൈഡിലേക്ക് ഡ്രൈവുതിര്‍ത്ത് 82 പന്തില്‍ അര്‍ധശതകം തികച്ച അക്ഷര്‍, പീറ്റിനെതിരെ ലോങ്ഓഫില്‍ കൂറ്റന്‍ സിക്സര്‍ പറത്തി. മഴ മാറിനിന്നെങ്കിലും കാര്‍മേഘങ്ങള്‍ വീണ്ടും വട്ടമിട്ടതോടെ 4.45ന് സ്റ്റംപെടുക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
