ഒന്നാം ഇന്നിങ്സില്‍ 204ന് പുറത്ത്, ആതിഥേയര്‍ പരാജയ ഭീതിയില്‍
text_fieldsകൃഷ്ണഗിരി (വയനാട്): റണ്ണുകളുടെ തേരോട്ടം നടത്തി ബാറ്റ്സ്മാന്മാരുടെ പറുദീസയെന്ന് തങ്ങള്‍ തെളിയിച്ച അതേ പിച്ചില്‍ ആതിഥേയ ബാറ്റിങ്ങിന്‍െറ ചിറകരിഞ്ഞ് ആഫ്രിക്കന്‍ സഫാരി. പിച്ചിലല്ല, കളിക്കരുത്തിലാണ് കാര്യമെന്ന് എറിഞ്ഞുകാട്ടിയ അതിഥികള്‍ക്കുമുന്നില്‍ മുട്ടിടിച്ച് ഇന്ത്യ എ ആദ്യ ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ പരാജയ ഭീതിയില്‍. ഒന്നാം ഇന്നിങ്സില്‍ 542 റണ്‍സിന്‍െറ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക എക്കെതിരെ കൃഷ്ണഗിരിയുടെ നടുത്തളത്തില്‍ പാഡുകെട്ടിയിറങ്ങിയ ആതിഥേയര്‍ കേവലം 204 റണ്‍സിന് കൂടാരം കയറി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റിന് 105 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിര ഇന്ത്യ എക്കു മുമ്പാകെ ഉയര്‍ത്തിയത് 444 റണ്‍സിന്‍െറ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയ ഇന്ത്യന്‍ യുവനിര മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. അവസാന ദിനമായ വെള്ളിയാഴ്ച എട്ടു വിക്കറ്റ് കൈയിലിരിക്കേ ജയിക്കാന്‍ ആതിഥേയര്‍ക്ക് 371 റണ്‍സ് കൂടി വേണം. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിച്ചുതുടങ്ങിയ പിച്ചില്‍ ദക്ഷിണാഫ്രിക്കക്കാര് തികഞ്ഞ വിജയപ്രതീക്ഷയിലാണിപ്പോള്‍.
85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പീറ്റാണ് ഒന്നാമിന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. കരിയറില്‍ ഒരൊറ്റ ടെസ്റ്റ് കളിച്ച ഈ കേപ്ടൗണ്‍കാരന്‍ 2014 ആഗസ്റ്റില്‍ ഹരാരെയില്‍ സിംബാബ്വെക്കെതിരെ നേടിയത് എട്ടു വിക്കറ്റ്. കൃഷ്ണഗിരിയിലെ തകര്‍പ്പന്‍ പ്രകടനം ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തിനത്തെുന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ താരത്തിന് ഇടംനേടിക്കൊടുത്തേക്കും. നിലവാരമുള്ള സ്പിന്നര്‍മാരെ തേടുന്ന ദക്ഷിണാഫ്രിക്കക്കുവേണ്ടി ദൂസ്രയും കാരംബോളും ടോപ്സ്പിന്നറുമൊക്കെ ഇടകലര്‍ത്തി പീറ്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ ചോരത്തിളപ്പിന് കൃഷ്ണഗിരിയില്‍ കാര്യമായ മറുപടിയുണ്ടായില്ല. മധ്യനിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുകയായിരുന്നു. ഒരാള്‍പോലും അര്‍ധശതകം തികക്കാതെപോയ ഇന്നിങ്സില്‍ ശ്രേയസ് അയ്യരും (49) ക്യാപ്റ്റന്‍ അമ്പാട്ടി റായുഡും (46) അഭിനവ് മുകുന്ദും (38) മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.
തുടര്‍ന്ന് ആക്രമിച്ചുകളിച്ച റീസാ ഹെന്റിക്സിന്‍െറ (69 പന്തില്‍ 61) മികവിലാണ് രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകര്‍ മുന്നേറിയത്. സ്റ്റിയാന്‍ വാന്‍ സില് 38 റണ്‍സെടുത്ത് പുറത്താകാതെനിന്നു. ചായക്കുപിരിയുമ്പോള്‍ മഴയത്തെിയതോടെ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. അല്പം വൈകി പുനരാരംഭിച്ച കളിയില്‍ ജീവന്‍ജോത് സിങ്ങിനെ (ഒന്ന്) പീറ്റ് റണ്ണൗട്ടാക്കിയതോടെ രണ്ടാം ഇന്നിങ്സിന്‍െറ തുടക്കത്തിലേ തിരിച്ചടിയേറ്റു. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയത്തെിയ അങ്കുഷ് ബെയ്ന്‍സ് (25 പന്തില്‍ 27) അടിച്ചുകളിച്ചെങ്കിലും കേശവ് മഹാരാജിന്‍െറ പന്തില്‍ ക്ളീന്‍ബൗള്‍ഡായി. 32 റണ്‍സുമായി മുകുന്ദും 13 റണ്‍സെടുത്ത് റായുഡുവും ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
