ദക്ഷിണാഫ്രിക്കയുടെ രഹസ്യ ഗെയിം പ്ലാനുകള്‍ ഫേസ്ബുക്കില്‍...!
text_fieldsസെഞ്ചൂറിയന്‍: കൊക്കിനുവെച്ചത് ചക്കിന് കൊണ്ടെന്ന് പറഞ്ഞാല്‍ മതിയല്ളോ. ന്യൂസിലന്‍ഡിന് കൊടുക്കാന്‍ കരുതിവെച്ച തന്ത്രങ്ങള്‍ ഫേസ്ബുക്കില്‍ ഓടിക്കളിക്കുന്നത് കണ്ട് അന്തംവിടാനായിരുന്നു ദക്ഷിണാഫ്രിക്കന്‍ നിരയുടെ വിധി. ബുധനാഴ്ച നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായാണ് എതിര്‍പടക്കെതിരെയുള്ള തങ്ങളുടെ ഗെയിം പ്ളാന്‍ ‘ചോര്‍ന്നു പരന്നത്’ കണ്ട് പ്രോട്ടീസ് പട ഞെട്ടിയത്. ഹോട്ടലിലെ റൂം മാറിപ്പോയി എന്നൊരു അബദ്ധം മാത്രമേ പറ്റിയുള്ളൂ. പക്ഷേ, അത് ഇങ്ങനെ ഇന്‍റര്‍നെറ്റില്‍ വൈറലായി നാടുമുഴുവന്‍ പാട്ടാകുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും കരുതിയില്ല.
സംഭവമിങ്ങനെ: ന്യൂസിലന്‍ഡിന്‍െറ ഓരോ ബാറ്റ്സ്മാനെയും നേരിടാന്‍ പേസ് ബൗളര്‍മാര്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ വിവരിക്കുന്ന കുറിപ്പ് ടീം മാനേജ്മെന്‍റ് തയാറാക്കി താരങ്ങളുടെ ഹോട്ടല്‍മുറിയിലേക്ക് കൊടുത്തുവിട്ടു. അതില്‍, സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിനായുള്ള കുറിപ്പ് കടന്നുചെന്നത് തെറ്റായ മുറിയിലേക്കാണ്. താരങ്ങള്‍ താമസിക്കുന്ന സാന്‍ഡ്ടണ്‍ ഹോട്ടലില്‍ താമസിച്ചിരുന്ന മറ്റൊരു അതിഥിക്കാണ് വാതിലിന് അടിയിലൂടെ ഇട്ടുകൊടുത്ത ആ കുറിപ്പ് കിട്ടിയത്. അവര്‍ ഉടനെ അതിന്‍െറ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടീം കാര്യമറിഞ്ഞ് വന്നപ്പോഴേക്കും സംഭവം വൈറലായിരുന്നു.
അബദ്ധംപറ്റിയ കാര്യം ടീം വക്താവ് സ്ഥിരീകരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കസാന്‍ഡ്ര ടീസ്ഡെയ്ല്‍ എന്ന യുവതിക്ക് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷം മത്സരത്തിന്‍െറ ടിക്കറ്റും സമ്മാനിച്ചു. മുമ്പും സമാനമായ സംഭവങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ട്.
2001ല്‍ ഇംഗ്ളണ്ടില്‍ എത്തിയ ആസ്ട്രേലിയന്‍ ടീമിന്‍െറ കോച്ച് ജോണ്‍ ബുച്ചനന്‍ തന്‍െറ ടീമിന് പ്രചോദനമേകാന്‍ കൊടുത്തുവിട്ട കുറിപ്പ് ചെന്നത്തെിയത് ഒരു ഇംഗ്ളീഷ് പത്രപ്രവര്‍ത്തകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
