തലകുനിച്ച് മടക്കം
text_fieldsനോട്ടിങ്ഹാം: ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഏകദിന ലോകത്തിന്‍െറ രാജാക്കന്മാരായി സ്വന്തം ടീമിനെ വാഴിച്ച്, തലയുയര്‍ത്തി നിശ്ചിത ഓവര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ മൈക്കല്‍ ക്ളാര്‍ക്കിന് തൂവെള്ളക്കുപ്പായത്തില്‍ തോല്‍വിയുടെ കറയുമായി കണ്ണീര്‍മടക്കം. നാലാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ആഷസ് അടിയറവെച്ചതിന് പിന്നാലെ ക്രിക്കറ്റിനോടുതന്നെ വിടപറയുന്നതായി ഓസീസ് ക്യാപ്റ്റന്‍ പ്രഖ്യാപിച്ചു.
മികവുറ്റ ഒരു കരിയറിന് പരിക്കും മോശം ഫോമും ഒടുവില്‍ പൊറുക്കാനാവാത്ത തോല്‍വിയും ഒരുക്കിയ അന്ത്യം. ഓവലില്‍ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റായിരിക്കും 34 കാരനായ ക്ളാര്‍ക്കിന്‍െറ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം. ‘എനിക്ക് ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട്. അതോടെ എന്‍െറ കരിയറിന്‍െറ അവസാനമാകും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഞാന്‍ വിരമിക്കുന്നു.’-ഇന്നിങ്സിനും 78 റണ്‍സിനും തോറ്റമ്പിയതിന് പിന്നാലെ ക്ളാര്‍ക്ക് പറഞ്ഞു. കരിയറിലെ 115ാം ടെസ്റ്റിലാണ് താരം വിടപറയുന്നത്.
‘ഓവലിലെ അവസാന ടെസ്റ്റ് എനിക്ക് കളിക്കണം. കളിയില്‍നിന്ന് ദൂരെപ്പോകാന്‍ നിങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല. പക്ഷേ, കഴിഞ്ഞ 12 മാസങ്ങളായുള്ള എന്‍െറ പ്രകടനം എനിക്കുതന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ല.’- സമ്മാനദാന വേദിയില്‍ നിറകണ്ണുകളോടെ ക്ളാര്‍ക്ക് പറഞ്ഞു. 2011ല്‍ റിക്കി പോണ്ടിങ്ങില്‍നിന്ന് ലോകത്തെ ഏറ്റവും മികച്ച ടീമിന്‍െറ സാരഥ്യമേറ്റെടുത്ത ക്ളാര്‍ക്ക്, നായകനായുള്ള ആദ്യ 30 ടെസ്റ്റില്‍ 12 സെഞ്ച്വറികളാണ് അടിച്ചെടുത്തത്. എന്നാല്‍, കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒരു അര്‍ധശതകംപോലും നേടാന്‍ താരത്തിനായില്ല.
അതിനൊപ്പമാണ് രണ്ടുടെസ്റ്റുകള്‍ മൂന്നുദിവസങ്ങളില്‍ തോറ്റ് ആഷസും കൈവിട്ടത്. ‘ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ ആഷസാണ്. ഞങ്ങള്‍ കഴിവതും ശ്രമിച്ചു, ഞാന്‍ തീര്‍ച്ചയായും എന്നാല്‍, കഴിയുന്നത് പോലെയെല്ലാം ശ്രമിച്ചു. എന്നാല്‍, ഞങ്ങള്‍ പിന്തള്ളപ്പെട്ടു. ഇനി പുതിയ തലമുറയുടെ സമയമാണ്.’-ക്ളാര്‍ക്ക് പറഞ്ഞു.

‘കഴിഞ്ഞദിവസം രാത്രി വീട്ടിലത്തെിയതിനു ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ബോയ്സ് അദ്ഭുതപ്പെട്ടു. ഇപ്പോള്‍ ഞാന്‍ ദൂരെപ്പോകുമെന്ന് അവര്‍ പ്രതീക്ഷിച്ചതായി എനിക്ക് തോന്നുന്നില്ല. എന്‍െറ എല്ലാ കടപ്പാടും കളിയോടാണ്. ഒരുപാട് ഓര്‍മകളുമായാണ് ഞാന്‍ പോകുക. തുടര്‍ന്ന് ഗാലറിയിലിരുന്ന് ടീമിനായി ആര്‍പ്പുവിളിക്കും. ഇത് ശരിയായ സമയമാണ്. ചിലപ്പോള്‍ ഒരു മൈക്രോഫോണുമായി ഞാന്‍ നിങ്ങള്‍ക്കൊപ്പം (അവതാരകന്‍) കമന്‍ററി ബോക്സിലുണ്ടാകും. ’
തന്‍െറ മോശം ഫോമിനെക്കുറിച്ചും ക്യാപ്റ്റന്‍ തുറന്നു സംസാരിച്ചു. ‘ഞാന്‍ എപ്പോഴും എന്നത്തെന്നെയാണ് കണക്കുപറയേണ്ടയാളായി കാണുന്നത്. ഞാന്‍ എവിടെയുണ്ടായിരിക്കണമായിരുന്നോ അവിടെ ഞാന്‍ ഉണ്ടായില്ല. തീര്‍ച്ചയായും ഞാന്‍ മുന്നില്‍നിന്ന് നയിച്ചില്ല. ’
നിങ്ങള്‍ നന്നായി പ്രകടനം നടത്തുമ്പോള്‍ വിരമിക്കല്‍ എന്നത് കഠിനമായ തീരുമാനമാകില്ല. 100 ടെസ്റ്റുകള്‍ കളിക്കാനായതില്‍ ഞാന്‍ ഭാഗ്യവാനാണ്. മുതിര്‍ന്ന താരങ്ങളില്‍നിന്ന് പഠിക്കാനുള്ള അവസരം എനിക്കുണ്ടായി. ഇപ്പോള്‍ അത് തിരിച്ചുകൊടുക്കാനുള്ള അവസരവും. ആ ഡ്രസ്സിങ് റൂമില്‍ ഒരുപാട് പ്രതിഭകളുണ്ട്, അവര്‍ക്ക് തിരിച്ചുവരാനാകും. അതിനുള്ള ശക്തി അവിടെയുണ്ട്.’-വികാരാധീനനായി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഇതുവരെ കളിച്ച 114 ടെസ്റ്റുകളിലായി 49.30 ശരാശരിയില്‍ 8628 റണ്‍സാണ് ക്ളാര്‍ക്കിന്‍െറ സമ്പാദ്യം. 28 സെഞ്ച്വറികള്‍ അടിച്ചെടുത്ത കരിയറില്‍ 329 റണ്‍സാണ് ടോപ് സ്കോര്‍. 245 ഏകദിനങ്ങളില്‍ 44.58 ശരാശരിയില്‍ 7981 റണ്‍സ് നേടി. പുറംവേദന കാരണം കരിയറിലേറെ സഹിച്ചതാരം സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ അഞ്ചാം ലോകകപ്പ് ആസ്ട്രേലിയക്ക് സമ്മാനിച്ചാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ചത്. ട്വന്‍റി20യോട് അധികം മമത പുലര്‍ത്താതിരുന്ന ക്ളാര്‍ക്ക്, 34 മത്സരങ്ങള്‍ മാത്രം കളിച്ച് 2010ല്‍ തന്നെ ആ ഫോര്‍മാറ്റില്‍നിന്ന് പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
