രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എ പൊരുതുന്നു
text_fieldsചെന്നൈ: ആസ്ട്രേലിയ ‘എ’ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച ലീഡ് നേടാന്‍ ഇന്ത്യ എ പൊരുതുന്നു. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ആറിന് 265 എന്ന നിലയിലാണ് ഇന്ത്യ.
അവസാന ദിവസത്തിലെ കളിശേഷിക്കെ 51 റണ്‍സിന്‍െറ ലീഡ് മാത്രമാണ് ആതിഥേയര്‍ക്ക് ഇതുവരെ നേടാനായത്. മൂന്നാംദിനം ഒമ്പതിന് 329 എന്ന നിലയില്‍ കളിക്കാനിറങ്ങിയ ഓസീസ് 349 റണ്‍സുമായി തിരിച്ചുകയറി. 214 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡാണ് കങ്കാരുപ്പട പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 135 റണ്‍സില്‍ പുറത്തായിരുന്നു.
ഓപണറായിറങ്ങിയ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര (11) ഒഴികെ, മുന്‍നിര മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് ആസ്ട്രേലിയന്‍ ലീഡിനെ മറികടക്കാന്‍ ഇന്ത്യക്ക് കരുത്തു പകര്‍ന്നത്. ഇന്നിങ്സിന്‍െറ തുടക്കത്തില്‍തന്നെ പൂജാര റണ്ണൗട്ടായെങ്കിലും ഓപണര്‍ അഭിനവ് മുകുന്ദും മൂന്നാമനായിറങ്ങിയ വിരാട് കോഹ്ലിയും ചേര്‍ന്ന് കളിനിയന്ത്രിച്ചു. 63 റണ്‍സ് ചേര്‍ത്ത് കൂട്ടുകെട്ട് മുന്നോട്ടുനീങ്ങവെ സ്റ്റീവ് ഒ കീഫ് ആസ്ട്രേലിയന്‍ രക്ഷകനായി. അര്‍ധശതകത്തിലേക്ക് നീങ്ങുകയായിരുന്ന കോഹ്ലിയെ 45 റണ്‍സില്‍ നില്‍ക്കെ ഒ കീഫ് ക്ളീന്‍ബൗള്‍ഡാക്കി. ദേശീയ ടീമിന്‍െറ ലങ്കന്‍ ടൂറിനുമുമ്പ് ബാറ്റിങ് പരിശീലനം നേടാന്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ 94 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും പറത്തിയാണ് 45 റണ്‍സെടുത്തത്. കോഹ്ലി പോയെങ്കിലും കരുണ്‍ നായരില്‍ അഭിനവിന് അടുത്ത കൂട്ടുകിട്ടി. 52 റണ്‍സിന്‍െറ സഖ്യത്തെ കരുണിനെ (31) പുറത്താക്കി ഗുരീന്ദര്‍ സന്ധു പൊളിച്ചു. അടിച്ചുകളിച്ച കരുണ്‍ 34 പന്തില്‍നിന്ന് ഏഴു ഫോറുള്‍പ്പെടെയാണ് 31 റണ്‍സെടുത്തത്്. തുടര്‍ന്നും പിടിച്ചുനിന്ന അഭിനവ്, ശ്രേയസ് അയ്യരില്‍ അടുത്തപങ്കാളിയെ കണ്ടത്തെി. ഇരുവരും അനായാസം ഇന്ത്യക്ക് ലീഡ് സമ്മാനിക്കുമെന്ന ഘട്ടത്തില്‍, അര്‍ധശതകം നേടിനിന്ന അഭിനവിനെ അഗര്‍ പുറത്താക്കി. 163 പന്തില്‍ 59 റണ്‍സുമായി അഭിനവ് തിരിച്ചുകയറുമ്പോള്‍ ഓസീസ് ലീഡ് മറികടക്കാന്‍ ഇന്ത്യക്ക് 10 റണ്‍സ് കൂടി വേണമായിരുന്നു. 70 റണ്‍സിന്‍െറ അഭിനവ്-ശ്രേയസ് കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍, അത് പിരിഞ്ഞതോടെ ആതിഥേയരുടെ താളം നഷ്ടമായി. തൊട്ടുപിന്നാലെ ശ്രേയസും ഒ കീഫിന്‍െറ ഇരയായി മടങ്ങി. മൂന്നിന് 204 എന്ന നിലയില്‍നിന്ന് അഞ്ചിന് 210 എന്നതായി ഇന്ത്യയുടെ അവസ്ഥ.
പ്രതിസന്ധിഘട്ടത്തില്‍ ആറാം വിക്കറ്റില്‍ കൈകോര്‍ത്ത നമന്‍ ഓജയും ബാബ അപരാജിതും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. അഞ്ചു വിക്കറ്റുകളുമായി ബൗളിങ്ങില്‍ തിളങ്ങിയ അപരാജിത് ബാറ്റിങ്ങിലും ഇന്ത്യക്ക് രക്ഷയായി. എന്നാല്‍, 47 റണ്‍സിന്‍െറ കൂട്ടുകെട്ട് പൊളിച്ച് വീണ്ടും ഇന്ത്യന്‍നില പരുങ്ങലിലാക്കിക്കൊണ്ടാണ് ഓസീസ് മൂന്നാംദിനം കളി അവസാനിപ്പിച്ചത്. 30 റണ്‍സെടുത്ത നമന്‍ ഒ കീഫിന്‍െറ മൂന്നാം ഇരയായി മടങ്ങി. 28 റണ്‍സെടുത്ത അപരാജിതും റണ്ണൊന്നുമെടുക്കാതെ ശ്രേയസ് ഗോപാലുമാണ് ക്രീസില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
