ദുബൈ: ഇന്ത്യ സുരക്ഷിത രാജ്യമല്ലെന്നും അതിനാൽ വിദേശ ക്രിക്കറ്റ് ടീമുകളെ മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് അയക്കരുതെന്നും പാകിസ്താൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മിയാൻദാദിന്റെ പ്രസ്താവന.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം. ഇന്ത്യയെ ബഹിഷ്കരിക്കാൻ ഐ.സി.സിയോട് ആവശ്യപ്പെടുകയാണ്. ടൂറിസ്റ്റുകൾക്കായാലും മറ്റാർക്കായാലും സുരക്ഷിതമല്ലാത്ത രാജ്യം പാകിസ്താനല്ല, ഇന്ത്യയാണ്. മനുഷ്യരെന്ന നിലയിൽ, നമ്മൾ കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്നതിനെതിരെ പ്രതിഷേധിക്കണം -മിയാൻദാദ് വെബ്സൈറ്റിലൂടെ പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്നതെന്തെന്ന് ലോകം മുഴുവൻ കാണുകയാണ്. ഇന്ത്യയുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഒഴിവാക്കണം. എല്ലാ രാജ്യങ്ങളും ഇന്ത്യയിൽ നടക്കുന്നതിനെതിെര രംഗത്തുവരണമെന്നും മിയാൻദാദ് പറഞ്ഞു.
2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച ബസിന് നേരെ പാകിസ്താനിൽ വെച്ച് ആക്രമണമുണ്ടായിരുന്നു. തുടർന്ന് പതിറ്റാണ്ടോളം പാക് മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾ നടത്തിയിരുന്നില്ല. സമീപകാലത്താണ് വീണ്ടും പാകിസ്താൻ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് വേദിയായത്.
എന്നാൽ മിയാൻദാദിന്റെ പ്രസ്താവനയെ ബി.സി.സി.ഐ തള്ളി. മുഴുവൻ സമയവും ലണ്ടനിൽ കഴിയുന്ന മിയാൻദാദ് ഇന്ത്യയിലെ സുരക്ഷയെ കുറിച്ച് അഭിപ്രായം പറയുന്നത് അനുചിതമാണെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ദുമാൽ പറഞ്ഞു. പാകിസ്താനിലെ സുരക്ഷയെ കുറിച്ച് പോലും പറയാൻ മിയാൻദാദ് യോഗ്യനല്ലെന്നും ദുമാൽ പറഞ്ഞു.