പറക്കെട്ട ജാവലിൻ
text_fieldsലണ്ടൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻപ്രതീക്ഷകൾ പേറി നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിൻ േത്രായിൽ നിലവിലെ ലോകജൂനിയർ റെക്കോഡിനുടമയായ നീരജ്, മീറ്റിൽ മെഡൽ പ്രതീക്ഷയർപ്പിക്കുന്ന ഏക ഇന്ത്യൻതാരം കൂടിയാണ്. ഇന്ത്യൻസമയം രാത്രി 11.35ന് ആരംഭിക്കുന്ന ജാവലിൻ ത്രോ ഗ്രൂപ് ‘എ’ യോഗ്യതാ റൗണ്ടിലാണ് മത്സരിക്കുന്നത്. മറ്റൊരു ഇന്ത്യൻ താരം ദേവീന്ദർ സിങ് ഗ്രൂപ് ‘ബി’ യോഗ്യതാറൗണ്ടിലും മത്സരിക്കുന്നുണ്ട്. രാത്രി 1.05നാണ് ‘ബി’ ഗ്രൂപ് മത്സരങ്ങൾ.
ലണ്ടനിലെത്തിയ 24അംഗ ഇന്ത്യൻസംഘത്തിൽ ലോകനിലവാരത്തിലുള്ള ഏക താരം കൂടിയാണ് 19കാരനായ നീരജ്. സീസണിൽ 85.63 മീറ്റർ എറിഞ്ഞ ഇന്ത്യൻതാരം ലോകറാങ്കിങ്ങിൽ 14ാം സ്ഥാനക്കാരനായാണ് ലണ്ടനിലെത്തിയത്. ഏറ്റവും മികച്ച വ്യക്തിഗത ദൂരം 86.48 മീറ്റർ. ലോകജൂനിയർ റെക്കോഡ് കൂടിയാണിത്. 2016ൽ പോളണ്ടിൽ നടന്ന അണ്ടർ 20 ലോകമീറ്റിലായിരുന്നു ഇൗ പ്രകടനം. 2016 സാഫ് ഗെയിസിലും (82.23 മീ), ഇക്കഴിഞ്ഞ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും (85.23മീ) സ്വർണം നേടി ആത്മവിശ്വാസത്തിലേറിയാണ് നീരജ് ലണ്ടനിൽ മെഡൽപട്ടികയിൽ ഇടം പിടിക്കാനെത്തുന്നത്.
പത്തുദിവസമായി ലണ്ടനിൽ മികച്ച പരിശീലനം പൂർത്തിയാക്കിയാണ് നീരജ് ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ‘‘ലോകമീറ്റിനായി നന്നായി ഒരുങ്ങി. തുടക്കത്തിൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ ശരിയായി. 100 ശതമാനം തയാറെടുപ്പോടെയാണ് മത്സരിക്കുന്നത്’’ -ചോപ്ര പറഞ്ഞു. അതേസമയം, കോച്ചില്ലാതെയാണ് ലണ്ടനിൽ ചോപ്രയുടെ ഒരുക്കം. ജർമൻകാരനായ ജാവലിൻ ഇതിഹാസം യുവേ ഹോണിനെ കോച്ചായി നിയമിച്ചെങ്കിലും ആസ്ട്രേലിയയുമായുള്ള കരാർ ലോകമീറ്റ് വരെ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിട്ടില്ല. യോഗ്യതാറൗണ്ട് അനായാസം കടക്കാമെന്ന പ്രതീക്ഷയിലാണ് ചോപ്ര. ശനിയാഴ്ചയാണ് ഫൈനൽ.