സ്വൈരം നഷ്ടപ്പെട്ട് വനിത അത്ലറ്റുകൾ; കാമറക്കെതിരെ പരാതി
text_fieldsദോഹ: ലോക ചാമ്പ്യൻഷിപ് ടി.വിയിലൂടെ വീക്ഷിച്ചവരെല്ലാം സ്റ്റാർട്ടിങ് ലൈനിൽ അത്ലറ്റുകളുെട അതി സൂക്ഷ്മമായ മുഖഭാവങ്ങളും മറ്റും കണ്ട് അത്ഭുതം കൂറിയിരുന്നു. എന്നാൽ, ഇത് സാധ്യമാക്കിയ സ്റ്റാർട്ടിങ് ബ്ലോക് കാമറക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മീറ്റിലെ വനിത അത്ലറ്റുകൾ.
ഇത്തരം കാമറകളിലൂടെ അത്ലറ്റുകളുടെ സ്വകാര്യഭാഗങ്ങളും മറ്റും ചിത്രീകരിക്കപ്പെടുന്നുവെന്നാണ് പരാതി ഉയർന്നത്. ജർമൻ താരങ്ങളായ തയാന പിേൻറായും ഗിന ലൂക്കൻകെംപറും ജഴ്സി ധരിച്ച് ഈ അതിസൂക്ഷ്മ കാമറകളുടെ മുന്നിൽ കയറിനിന്ന് ഓടുന്നതിലുള്ള ബുദ്ധിമുട്ട് ഐ.എ.എ.എഫിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
വെടിപൊട്ടുന്ന സമയത്തെ മത്സരാർഥികളുടെ മുഖഭാവങ്ങൾ യഥാവിധം ഒപ്പിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. പരാതി ഉയർന്നതോടെ സംപ്രേഷണം ചെയ്യുന്ന രംഗങ്ങൾ പരിമിതപ്പെടുത്തി. ദിവസവും ചിത്രീകരിച്ച രംഗങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനായും ഐ.എ.എ.എഫ് നിർദേശം നൽകിയിട്ടുണ്ട്.