ഒറ്റലാപ്പിലെ ബോൾട്ട്
text_fieldsലണ്ടൻ: ഉസൈൻ ബോൾട്ട് പടിയിറങ്ങുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മറ്റൊരു ഇതിഹാസത്തിെൻറ പിറവി വിളംബരം ചെയ്യുകയാണ് ലണ്ടൻ. ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമായി 400 മീറ്ററിലെ മൂന്നാം സ്വർണവുമായി നീകർകിക് ട്രാക്കിൽ ബോൾട്ടിെൻറ പിൻഗാമിയാവുന്നു. രണ്ടുദിനം കഴിഞ്ഞ് 200 മീറ്ററിൽകൂടി മഞ്ഞപ്പതക്കമണിഞ്ഞാൽ ഇൗ ദക്ഷിണാഫ്രിക്കൻ താരം അനശ്വരനായിമാറും.
ബുധനാഴ്ച പുലർച്ചെ നടന്ന 400 മീറ്ററിൽ പ്രധാന വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ച ബൊട്സ്വാനയുടെ െഎസക് മക്വാല ഭക്ഷ്യവിഷബാധ കാരണം ഫൈനലിൽ പിൻവാങ്ങിയതോടെ പോരാട്ടം കുറഞ്ഞ നീകർകിെൻറ ജയം ഏകപക്ഷീയമായിരുന്നു. തുടക്കം മുതൽ ലീഡ് നേടിയ ലോക റെക്കോഡുകാരൻ 43.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ചാമ്പ്യൻപട്ടം നിലനിർത്തി. 2016 റിയോ ഒളിമ്പിക്സിലെയും 2015 ബെയ്ജിങ് ലോക ചാമ്പ്യൻഷിപ്പിലെയും തനിയാവർത്തനം. ബഹാമസിെൻറ സ്റ്റീവൻ ഗാഡിനർ വെള്ളിയും ഖത്തറിെൻറ അബ്ദുല്ല ഹാറൂൺ വെങ്കലവും നേടി.
അമേരിക്കയുടെ ഇതിഹാസം മൈക്കൽ ജോൺസെൻറ പേരിലെ റെക്കോഡ് (43.18 സെ) ഒരുവർഷം മുമ്പ് റിയോ ഒളിമ്പിക്സിൽ സ്വന്തം പേരിലാക്കിയാണ് (43.03 സെ) നീകർക് വരവറിയിച്ചത്. ഇനി, 200 മീറ്ററിൽ ബോൾട്ടിെൻറ പേരിലെ റെക്കോഡും തിരുത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് നീകർക് അടുത്ത പോരിനൊരുങ്ങുന്നത്. 200ൽ 19.84 സെക്കൻഡാണ് നീകർകിെൻറ സമയം. ബോൾട്ടിേൻറത് 19.19 സെക്കൻഡും.
അട്ടിമറി ബോസ്
800 മീറ്ററിൽ ഡേവിഡ് റുഡിഷയുടെ അഭാവത്തിൽ പുത്തൻ താരോദയമായി ഫ്രാൻസിെൻറ പിയറി ആംബ്രോയിസ് േബാസ്. ജൂനിയർ ചാമ്പ്യൻ കൂടിയായ കെനിയയുടെ കിപിഗോൺ ബെറ്റ്സിനെ പിന്തള്ളിയായിരുന്നു ബോസിെൻറ സുവർണനേട്ടം. 1 മിനിറ്റ് 44.67 സെക്കൻഡിലായിരുന്നു ബോസിെൻറ ആദ്യ രാജ്യാന്തര സ്വർണപ്പിറവി. ‘‘ആരും എന്നെ മറികടക്കാത്തതെന്തെന്ന് മനസ്സിലായില്ല. ഫിനിഷിങ് ലൈൻ മറികടന്നപ്പോൾ എനിക്ക് പോലും വിശ്വാസമായില്ല. മറ്റുള്ളവരെല്ലാം ആത്മഹത്യചെയ്യുകയായിരുന്നു. അവസാന 100 മീറ്ററിനുമുേമ്പ അവർ മരിച്ചു’’ -തെൻറ കന്നി സ്വർണത്തിലെ അവിശ്വസനീയതയിൽ ബോസ് പ്രതികരിച്ചു.
അഞ്ചാം ദിനത്തിലെ മറ്റു ഫൈനലുകളിൽ സാം കെൻഡ്രിക്സ് (പോൾവാൾട്ട്, അമേരിക്ക), ബർബോറ സ്പൊറ്റകോവ (ജാവലിൻ, ചെക്ക്), കോൺസലിസ് കിപ്റുതോ (3000 മീ. സ്റ്റീപ്ൾ ചേസ്, കെനിയ) എന്നിവർ സ്വർണം നേടി. മീറ്റിൽ അമേരിക്കയുടെയും കെനിയയുടെയും സ്വർണനേട്ടം മൂന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
