വിജേന്ദറിന് ഇരട്ടക്കിരീടം
text_fieldsമുംബൈ: ചൈനക്കാരൻ സുൽപിക്കർ മെയ്മെയ്തിയാലിയെ ഇടിച്ചുവീഴ്ത്തി ഏഷ്യൻ സൂപ്പർ മിഡ്ൽവെയ്റ്റിൽ വിജേന്ദർ സിങ്ങിന് ഇരട്ടക്കിരീടം. ‘ബാറ്റിൽ ഗ്രൗണ്ട് ഏഷ്യ’ എന്നു വിളിച്ച ചാമ്പ്യഷിപ്പിെൻറ പത്തു റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ റഫറിമാർ െഎകകണ്ഠ്യേന വിജേന്ദറിനെ ഏഷ്യ- പസഫിക് സൂപ്പർ മിഡ്ൽവെയ്റ്റ്, ഡബ്ല്യു.ബി.ഒ ഒാറിയൻറൽ ചാമ്പ്യനായി പ്രഖ്യാപിച്ചു.
പ്രഫഷനൽ ബോക്സിങ്ങിൽ അരങ്ങേറിയ ശേഷം തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യൻ താരത്തിെൻറ ഒമ്പതാം വിജയമാണിത്.ഇതോടെ ഏഷ്യ പസഫിക് കിരീടം നിലനിർത്തിയ വിജേന്ദർ സുൽപികർ കൈവശംവെച്ച ഒാറിയൻറിൽ ചാമ്പ്യൻപട്ടവും സ്വന്തമാക്കി.
മുക്കാൽ മണിക്കൂറിലേറെ നീണ്ടുനിന്ന പത്തു റൗണ്ട് മത്സരത്തിൽ വിജേന്ദറും സുൽപിക്കറും ഇഞ്ചോടിഞ്ചായിരുന്നു മത്സരിച്ചത്. കരുതലോടെ തുടങ്ങിയ ഇരുവരും ആദ്യ മൂന്നു റൗണ്ടിൽ എതിരാളിയെ പഠിക്കാൻ ശ്രമിച്ചപ്പോൾ നാലാം റൗണ്ട് മുതൽ ഇടിയുടെ പൂരമായി മാറി. കടന്നലിനെപ്പോലെ റിങ്ങിൽ പറന്നുകളിച്ച വിജേന്ദർ ഒാരോ മൂലയിലുമിട്ട് ചൈനീസ് എതിരാളിയെ പഞ്ച് ചെയ്തു. പ്രതിരോധിച്ച് തുടങ്ങിയ സുൽപിക്കറും അവസരം കാത്തിരുന്ന് ആഞ്ഞു കുത്തി.
ഇടി പരിധിവിട്ടപ്പോൾ പലപ്പോഴും റഫറിക്ക് ഇടപെടേണ്ടിവന്നു. ആറാം റൗണ്ടിൽ വിജേന്ദറിന് അടിതെറ്റിയപ്പോൾ എതിരാളി മുൻതൂക്കം നേടി. ഇതിനിടെ, റഫറിയുടെ താക്കീതും ലഭിച്ചു. അവസാന മൂന്നു റൗണ്ടിലായിരുന്നു ഉഗ്രപോരാട്ടം. റിങ്ങിൽ ഒാടിച്ചിട്ടായിരുന്നു ഇരുവരുടെയും പഞ്ചുകൾ. ഒമ്പതാം റൗണ്ടിൽ ഇന്ത്യൻ താരം പതറിയെങ്കിലും അവസാന പോരാട്ടത്തിൽ മൂന്ന് ഉഗ്രൻ പഞ്ചിലൂടെ പോയൻറ് നേടി.