ഹാട്രിക് സ്വര്ണവുമായി മോ ഫറ വിടവാങ്ങി
text_fieldsഇതിഹാസം മുഹമ്മദ് ഫറക്ക് ഇതിനേക്കാൾ വലിയൊരു യാത്രയയപ്പ് സ്വപ്നത്തിൽ മാത്രം. അഞ്ചുവർഷം മുമ്പ് ഇരട്ട ഒളിമ്പിക്സ് മെഡൽ മാറിലണിഞ്ഞ അതേ ട്രാക്കിൽ 10,000 മീറ്റർ അതിവേഗത്തിൽ ഒാടിത്തീർത്ത് സോമാലിയൻ വംശജൻ ചരിത്രത്തിലേക്ക്. ഇനി, 12ന് രാത്രിയിലെ 5000 മീറ്ററിൽ കൂടി ഒന്നാമതായാൽ ഫറ ഇതിഹാസങ്ങളിലെ ഇതിഹാസപുരുഷനാവും. തുടർച്ചയായി മൂന്ന് ലോകചാമ്പ്യൻഷിപ്പിലും രണ്ട് ഒളിമ്പിക്സിലും 10,000-5000 മീറ്ററുകളിൽ ഇരട്ട സ്വർണം സ്വന്തമാക്കുന്ന അപൂർവ പ്രതിഭയെന്ന പെരുമയുമായി ഇൗ പറക്കുംമനുഷ്യൻ മത്സര ട്രാക്കിൽ നിന്ന് റോഡ് റേസിലേക്ക് മാറും.
ഞായറാഴ്ച പുലർച്ച നടന്ന 10,000 മീറ്റർ മത്സരത്തിൽ 26 മിനിറ്റ് 49.51 സെക്കൻഡ് എന്ന മികച്ച സമയത്തിലായിരുന്നു ഫറയുടെ ഫിനിഷിങ്. യുഗാണ്ടയുടെ ജോഷുവ കിപ്റുയി വെള്ളിയും (26:49:94 മി), കെനിയയുടെ പോൾ കിപ്നെറ്റിച് (26:50:60മി) വെങ്കലവും നേടി.ദീർഘദൂരട്രാക്കിലെ അവസാന ലോകചാമ്പ്യൻഷിപ്പെന്ന പ്രഖ്യാപനവുമായിറങ്ങിയ ഫറയെ വരവേൽക്കാൻ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. സൂചികുത്താനിടമില്ലാതെ വീർപ്പുമുട്ടിയ ഗാലറിയെ വണങ്ങിയശേഷം ട്രാക്കിലേക്കെത്തിയ ഫറ തലയെടുപ്പോടെതന്നെ മത്സരം പൂർത്തിയാക്കി.
2011 ദെയ്ഗു ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയണിഞ്ഞ് വരവറിയിച്ച യുഗപുരുഷൻ 2013 മോസ്കോയിലും 2015 ബെയ്ജിങ്ങിലും നേടിയ 10,000മീ സ്വർണം നിലനിർത്തുകയെന്നതായിരുന്നു വെല്ലുവിളി. ഒപ്പം ലണ്ടൻ, റിയോ ഒളിമ്പിക്സുകളിലെ സ്വർണനേട്ടവും. 34ാം വയസ്സിെൻറ പ്രായാധിക്യത്തെ തന്ത്രവും മനസ്സാന്നിധ്യവും കൊണ്ട് അതിജയിച്ചായിരുന്നു ഫറ കരിയറിലെ ആറാം ലോകമീറ്റ് സ്വർണമണിഞ്ഞത്. തുടക്കത്തിൽ കുതിച്ചുപാഞ്ഞ കെനിയ,യുഗാണ്ട താരങ്ങൾക്കിടയിൽ ആറ്-ഏഴ് സ്ഥാനത്തായിരുന്നു ഫറ. 23ാം ലാപ്പിൽ ഗിയർമാറ്റിപ്പിടിച്ചു. ട്രേഡ്മാർക്കായ സ്പ്രിൻറ് ഫിനിഷിലൂടെ ജോഷുവ കിപ്റുയിയെയും കിപ്ൻഗെറ്റിച്ചിനെയും ബെഡാൻ കരോകിയെയും പിന്തള്ളിയുള്ള കുതിപ്പ്. അവസാന ലാപ്പിൽ രണ്ടുതവണ ട്രാക്കിൽ നിന്ന് പുറന്തള്ളപ്പെെട്ടങ്കിലും ബാലൻസ് നഷ്ടമാവാതെ ഒാട്ടംതുടർന്ന ബ്രിട്ടീഷ് ചാമ്പ്യൻ ലോകചാമ്പ്യൻപട്ടം കൈവിടാതെ ആതിഥേയരുടെ അഭിമാനമായിമാറി.

‘‘ബ്രിട്ടീഷുകാരനെന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷം. ദൈർഘ്യമേറിയതാണ് ഇൗ വിജയയാത്ര. അവിശ്വസനീയം’’ -മത്സരശേഷം ഫറയുടെ വാക്കുകൾ. ‘‘കഠിനമായിരുന്നു മത്സരം. എതിരാളികൾ എെന്നക്കാൾ കരുത്തരായിരുന്നു, കൂടുതൽ ചെറുപ്പവും. എന്നാൽ, ഗാലറി സമ്മാനിച്ച ആത്മവിശ്വാസവും വൈകാരികതയും ആവേശമായി. ’’ -ഫറ പറഞ്ഞു.
ട്രാക്ക് വിടും; ഇനി റോഡിൽ
ലണ്ടൻ ലോകമീറ്റോടെ ഫറ കരിയർ അവസാനിപ്പിക്കുന്നില്ലെങ്കിലും ദീർഘദൂര ട്രാക്കിൽ ഇൗ ബ്രിട്ടീഷുകാരനുണ്ടാവില്ല. ലണ്ടനുശേഷം ട്രാക്ക് വിട്ട് റോഡിലാവും ഇനിയുള്ള ഒാട്ടമെന്ന് ഫറ പറയുന്നു. മാരത്തൺ ഒാട്ടത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് നല്ല സമയത്തെ വിടവാങ്ങൽ. ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിനുപിന്നാലെ ബെർമിങ്ഹാം, സൂറിച് ഡയമണ്ട് ലീഗിലും ബ്രിട്ടീഷ് താരം മത്സരിക്കും.