ആഘോഷമില്ല, ചടങ്ങ് മാത്രം; ഒളിമ്പിക്സ് ദീപം ഇന്ന് ജപ്പാൻ ഏറ്റുവാങ്ങും
text_fieldsടോക്യോ: ഗ്രീസിലും ജപ്പാനിലും മഹോത്സവമാവേണ്ടിയിരുന്ന ചടങ്ങുകൾ വെറും ആചാരം മാത്രമാവുകയാണ്. കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ഒളിമ്പിക്സും അനുബന്ധ ചടങ്ങുകളും കോവിഡ്-19 ഭീതിയിൽ പേരിൽ ഒതുങ്ങുന്നു. ടോക്യോ ഒളിമ്പിക്സിെൻറ വിളംബരമായി ജപ്പാൻ കൊട്ടിഗ്ഘോഷിക്കാനിരുന്ന ദീപശിഖ ഏറ്റുവാങ്ങൽ ആളനക്കമില്ലാതെ ഗ്രീസിലെ ആതൻസിൽ വ്യാഴാഴ്ച നടക്കും. മാർച്ച് 12ന് ഒളിമ്പിയയിൽ തിരികൊളുത്തപ്പെട്ട ദീപ ശിഖ ഒരു ദിവസം പ്രയാണം നടത്തിയെങ്കിലും ആൾക്കൂട്ടമെത്തിയതോടെ റദ്ദാക്കി.
ആതൻസിലെ പുരാത ഒളിമ്പിക്സ് വേദിയായ പനതിനായിക് സ്റ്റേഡിയത്തിൽ സൂക്ഷിച്ച ശിഖ വ്യാഴാഴ്ച ടോക്യോ ഒളിമ്പിക്സ് പ്രതിനിധികൾക്ക് കൈമാറും. ജപ്പാനിൽനിന്നും കുട്ടികളെയും കലാകാരന്മാരെയും എത്തിച്ച് ആഘോഷപൂർവമായി നടത്താൻ തീരുമാനിച്ച ചടങ്ങ് പേരിനു മാത്രമായി ചുരുങ്ങി. കാണികളെയും വിശിഷ്ടാതിഥികളെയും ഒഴിവാക്കി ടോക്യോ ഒളിമ്പിക്സ് പ്രതിനിധികൾ ദീപ ശിഖ ഏറ്റുവാങ്ങും. ഒളിമ്പിക്സ് ദീപം വഹിക്കാനുള്ള പ്രത്യേക വിമാനം ബുധനാഴ്ച ടോക്യോയിൽനിന്ന് ആതൻസിലേക്ക് പറന്നു. ഒളിമ്പിക്സ് മാറ്റിവെക്കാൻ ധിറുതിപിടിച്ച് തീരുമാനമെടക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ഐ.ഒ.സി യോഗം വ്യക്തമാക്കിയിരുന്നു.
47 നഗരങ്ങൾ; 111 ദിവസം
വ്യാഴാഴ്ച ആതൻസിൽ ഏറ്റുവാങ്ങുന്ന ദീപശിഖ മാർച്ച് 26ന് ജപ്പാനിലെ പ്രയാണം തുടങ്ങും. ആണവ ദുരന്തത്തിെൻറ പ്രതീകമായി നിൽക്കുന്ന ഫുകുഷിമയിൽനിന്നാണ് തുടക്കം. ജപ്പാനിലെ 47 നഗരങ്ങൾ 111 ദിവസംകൊണ്ട് താണ്ടിയ ശേഷം ജൂൈല 24ന് ഒളിമ്പിക്സ് സ്റ്റേഡിയത്തിലെത്തും വിധമാണ് ക്രമീകരണം.
കാണികൾക്ക് വിലക്കില്ലാതെയാണ് ജപ്പാനിലെ പ്രയാണം. ഒളിമ്പിക്സ് ദീപം കടന്നുപോവുന്ന വഴിയുടെ വശങ്ങളിൽ നിയന്ത്രണങ്ങളോടെ മാത്രം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് സംഘാടക സമിതി സി.ഇ.ഒ തോഷിറോ മൂടോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
