നാളെ മുതൽ കൗമാരമേള
text_fieldsതിരുവനന്തപുരം: പ്രളയം തീർത്ത പ്രതിബന്ധം അതിജീവിച്ച് കൗമാര കായികകേരളം െവള്ളിയാഴ്ച സ്റ്റേഡിയത്തിലിറങ്ങും. പ്രതിഷേധങ്ങളുടെയും പരാധീനതയുടെയും നടുവിലാണ് മേളക്ക് നാളെ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാകുക. ചെലവ് ചുരുക്കലിെൻറ ഭാഗമായി മൂന്ന് ദിവസമായി മീറ്റ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ, ദീപശിഖ പ്രയാണം, മാർച്ച് പാസ്റ്റ് എന്നിവയും ഒഴിവാക്കി. ടീമുകളുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മുതൽ എസ്.എം.വി.എച്ച്.എസ്.എസിൽ ആരംഭിക്കും. കുട്ടികൾക്ക് 17 സ്കൂളുകളിലാണ് താമസസൗകര്യം. 26ന് രാവിലെ ഏഴിന് ആദ്യദിനത്തെ മത്സരം ആരംഭിക്കും. 28 വരെയാണ് മീറ്റ്.
താരങ്ങളുടെ എണ്ണത്തിലും വൻ കുറവ്
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കായികതാരങ്ങളുടെ എണ്ണത്തിലും വൻകുറവാണ്. ജില്ലകളിൽനിന്നുള്ള ടീമുകൾ വ്യാഴാഴ്ച എത്തും. 1786 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നതെന്നാണ് അനൗേദ്യാഗിക കണക്ക്. 932 ആൺകുട്ടികളും 854 പെണ്‍കുട്ടികളും. കഴിഞ്ഞവർഷം പാലായിൽ നടന്ന മീറ്റില്‍ 2558 താരങ്ങളാണ് പെങ്കടുത്തത്. റവന്യു ജില്ലതല മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടിവരെ സംസ്ഥാന മീറ്റില്‍ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം വന്നതോടെയാണ് എണ്ണൂറോളം താരങ്ങള്‍ ഇക്കുറി കുറഞ്ഞത്. വിജയികൾക്ക് മെഡലോ ചാമ്പ്യൻമാർക്ക് ട്രോഫികളോ നൽകേണ്ടതില്ലെന്ന തീരുമാനത്തിലും വ്യാപക പ്രതിഷേധമുണ്ട്.
96 മത്സര ഇനങ്ങള്‍
മൂന്ന് വിഭാഗങ്ങളിൽ 96 മത്സര ഇനങ്ങളാണുള്ളത്. കഴിഞ്ഞവർഷം 95 ഇനങ്ങളിലായിരുന്നു മത്സരം. ഇക്കുറി ജൂനിയർ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹർഡ്ൽസ് 110 മീറ്ററാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ദീർഘദൂര ഒാട്ടമത്സരം ഇക്കുറിയില്ല. സീനിയര്‍ ആണ്‍കുട്ടികള്‍ക്ക് 5000 മീറ്റര്‍ ഒഴിവാക്കി അത് 3000 മീറ്ററാക്കി മാറ്റി. സീനിയര്‍, ജൂനിയർ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിെൻറ ഭാരം അഞ്ചു കിലോഗ്രാമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നു കിലോഗ്രാമും ആക്കി കുറച്ചിട്ടുണ്ട്. ഡിസ്കസ്, ഹാമര്‍, ജാവലിന്‍ എന്നിവയുടെ ഭാരത്തിലും നേരിയ കുറവ് വരുത്തി. ക്രോസ്കണ്ട്രി ദൂരം ആറ് കിലോമീറ്റര്‍ എന്നത് അഞ്ചായും കുറച്ചു.
കാഷ് അവാർഡും ട്രോഫിയുമില്ല, പ്രതിഷേധം ശക്തം
ചാമ്പ്യന്‍ സ്കൂളുകൾക്ക് എവർറോളിങ് ട്രോഫിയും കാഷ് അവാർഡും നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ പ്രതിഷേധമുണ്ട്. നിലവില്‍ ചാമ്പ്യന്‍ ജില്ലയുടെയും ചാമ്പ്യന്‍ സ്കൂളിെൻറയും കൈവശമുള്ള ട്രോഫികള്‍ കൈമാറിയാല്‍ മാത്രം മതി. സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയുമില്ല. എന്നാൽ, അതും വേണ്ടെന്നാണ് തീരുമാനം. മികച്ച സ്കൂളുകൾക്കുള്ള കാഷ് അവാർഡ്, പ്രൈസ്മണി, മെഡലുകൾ, ട്രോഫികൾ എന്നിവ ഉണ്ടായിരിക്കില്ലെന്നും സാക്ഷ്യപത്രങ്ങളും മെരിറ്റ് സർട്ടിഫിക്കറ്റും മാത്രമാകും വിതരണം ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
