വജ്ര ജൂബിലിയില്‍ സ്വര്‍ണം കൊയ്യാന്‍
text_fieldsതേഞ്ഞിപ്പലം (മലപ്പുറം): മലയാളക്കരക്കൊപ്പം വജ്രജൂബിലിയാഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പതക്കങ്ങള്‍ വാരാന്‍ കൗമാരക്കൂട്ടം ഒരുങ്ങി. കായികോത്സവമെന്ന് വിദ്യാഭ്യാസമന്ത്രി പേരുമാറ്റി വിളിച്ച സംസ്ഥാന സ്കൂള്‍ കായികമേളക്ക് തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കില്‍ ശനിയാഴ്ച തുടക്കം. ചൊവ്വാഴ്ച വരെ നീളുന്ന കായികോത്സവത്തില്‍ 2600ഓളം കൗമാരപ്രതിഭകള്‍ പുത്തന്‍ വേഗവും ദൂരവും ഉയരവും ലക്ഷ്യമിട്ട് മാറ്റുരക്കും.
മലപ്പുറം ജില്ലയില്‍ ആദ്യമായി വിരുന്നത്തെിയ മേളക്കായി താരങ്ങള്‍ എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ രജിസ്ട്രേഷന്‍ വൈകീട്ട് വരെ നീണ്ടു. ശനിയാഴ്ച രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. വൈകീട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കായികോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷയും പി.ആര്‍. ശ്രീജേഷും മുഖ്യാതിഥികളാവും.
രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 500 മീറ്റര്‍ ഓട്ടത്തോടെ ട്രാക്കില്‍ വെടിമുഴങ്ങും. ആദ്യദിനം 18 ഫൈനലുകളാണ് അരങ്ങേറുക. വേഗക്കാരെ തീരുമാനിക്കുന്ന നൂറു മീറ്റര്‍ ഞായറാഴ്ചയാണ്. നിലവിലെ ജേതാക്കളായ എറണാകുളവും സ്കൂളുകളില്‍ കരുത്തുകാട്ടിയ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസും ആധിപത്യം തുടരാനുള്ള ഒരുക്കത്തിലാണ്. അനുമോള്‍ തമ്പി, ബിബിന്‍ ജോര്‍ജ് തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് ഷിബി ടീച്ചറുടെ നേതൃത്വത്തില്‍ മാര്‍ ബേസില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം 91 പോയന്‍റുമായാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. കഴിഞ്ഞ തവണ ആറാമതായിരുന്ന കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് 33 താരങ്ങളുമായി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. എറണാകുളത്തിന് 241 പോയന്‍റായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ വമ്പിലാണ് പാലക്കാടിന്‍െറ പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നേരിയ വ്യത്യാസത്തിനാണ് പറളിക്ക് ചാമ്പ്യന്‍ സ്കൂള്‍ പട്ടം നഷ്ടമായത്.
ലോക സ്കൂള്‍ മീറ്റില്‍ വെളളി നേടിയ പി.എന്‍. അജിത്തും തുടര്‍ച്ചയായ ആറാം സ്വര്‍ണം തേടുന്ന ഇ. നിഷയുമാണ് പറളിയുടെ സൂപ്പര്‍ താരങ്ങള്‍. കല്ലടി 38ഉം മുണ്ടൂര്‍ 24ഉം അത്ലറ്റുകളുമായി ട്രാക്കിലിറങ്ങും. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന കോഴിക്കാടിനായി ഉഷ സ്കൂളിലെ എട്ടുപേരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
