കണ്ണീരിൽ വിടവാങ്ങിയ ഇതിഹാസങ്ങൾ
text_fieldsകായിക ചരിത്രത്തിൽ തലതാഴ്ത്തി വിടവാങ്ങിയത് ബോൾട്ട് മാത്രമല്ല. ഇതിഹാസങ്ങളായ ചില മുൻഗാമികൾ കൂടിയുണ്ട്. വീണാലും ഇവർ ആരാധക മനസ്സിൽ നിറഞ്ഞുനിൽക്കുന്നവരാണ്
സർ ഡോൺ ബ്രാഡ്മാൻ
ആസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാൻ 1948ൽ ഇംഗ്ലണ്ടിനെതിരെ അവസാന മത്സരത്തിന് ഇറങ്ങുന്ന സമയം. ക്രിക്കറ്റ് ലോകം കാത്തിരുന്നത് 100 ശതമാനം ബാറ്റിങ് ആവറേജ് നേടുന്ന യുഗപുരുഷനെ. ആ നേട്ടത്തിന് ബ്രാഡ്മാന് വേണ്ടിയിരുന്നത് വെറും നാലു റൺസ് മാത്രം. എന്നാൽ, എറിക് ഹോളിസ് എന്ന ഇംഗ്ലീഷ് ബൗളറുടെ ഗൂഗ്ലിയിൽ ബ്രാഡ്മാൻ പൂജ്യത്തിന് പുറത്തായി. ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ആൻറിക്ലൈമാക്സ്. 99.94 ബാറ്റിങ് ആവറേേജാടെ ആ ഇതിഹാസം പൂജ്യത്തിന് പുറത്തായി ക്രീസ് വിട്ടു. ബ്രാഡ്മാെൻറ ആദ്യ ഡെക്ക്.
സിനദിൻ സിദാൻ
2006 ലോകകപ്പ് ഫൈനൽ. ആധുനിക ഫുട്ബാൾ യുഗത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ജീനിയസ് എന്ന് ലോകം വിശേഷിപ്പിച്ച സിനദിൻ സിദാൻ വിടവാങ്ങുന്നത് ലോകകപ്പുമായായിരിക്കുമെന്ന് ആരാധകർ കരുതി. എന്നാൽ, ഫൈനലിൽ ഇറ്റലിക്കെതിരെ സംഭവിച്ചത് മറ്റൊന്ന്. കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ എതിർ താരം മറ്റരാസിയുമായി വഴക്കിട്ട സിദാൻ ചുവപ്പു കാർഡ് കണ്ട് പുറത്ത്. പിന്നാലെ ഫ്രാൻസിന് ലോക കിരീടവും നഷ്ടം. ക്യാപ്റ്റെൻറ ആംപാഡ് തിരിച്ചുനൽകി ഇതിഹാസം തലതാഴ്ത്തി കളംവിട്ടു.
മുഹമ്മദലി
റിങ്ങിൽ മുഹമ്മദലി എന്ന ബോക്സിങ് ഇതിഹാസത്തിന് പകരംവെക്കാൻ ഇതുവരെയും ആരും ജനിച്ചിട്ടില്ല. 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ലറ്റ് എന്ന ബഹുമതി നേടിയ താരം. എന്നാൽ, ഇൗ ബോക്സിങ് ചാമ്പ്യെൻറ വിടവാങ്ങൽ മത്സരം തോൽവിയോടെയായിരുന്നു. കരിയറിലെ ആദ്യത്തെയും അവസാനത്തെയും നോക്കൗട്ട് തോൽവി. കരിയറിൽ ഒന്നിലേറെ തവണ തോൽവി വഴങ്ങിയിരുന്നെങ്കിലും നോക്കൗട്ട് തോൽവിയില്ലാത്തയാൾ എന്ന വിശേഷണവുമായി കുതിക്കവെ, ലാരി ഹോൽമസിനെതിരെ വാശിതീർക്കാനിറങ്ങിയ അവസാന അങ്കത്തിൽ നോക്കൗട്ടിൽ തോൽവി സമ്മതിച്ച് പിൻവാങ്ങുകയായിരുന്നു.
സ്റ്റീവൻ ജറാഡ്
ഇൗ പേര് ലിവർപൂൾ ആരാധകൾ ഒരിക്കലും മറക്കില്ല. ആൻഫീൽഡിൽ പതിറ്റാണ്ടുകളോളം കാൽപന്തുകളിയിൽ വിസ്മയം വിരിയിച്ച പടനായകൻ. എന്നാൽ, അവസാന മത്സരങ്ങൾ ജറാഡിന് സുഖമുള്ളതായിരുന്നില്ല. കരിയർ അവസാനിക്കുന്നതിനു മുമ്പുള്ള മൂന്നു മത്സരങ്ങൾ ജറാഡിനെ തീർത്തും കൈവിട്ടു. 2015 മാർച്ച് 22ന് മാഞ്ചസ്റ്ററിനെതിരെ പകരക്കാരനായി കളത്തിലെത്തി 38ാം സെക്കൻഡിൽ തന്നെ റെഡ്കാർഡ്. പിന്നീട് ക്രിസ്റ്റൽ പാലസിനെതിരെ 3-1െൻറ തോൽവി. ഒടുവിൽ കാലം കഴിെഞ്ഞന്നു പറഞ്ഞ് ബെഞ്ചിൽ കുറച്ചു ദിവസം ഇരിക്കേണ്ടിവന്നു. അവസാനം വിരമിക്കാനായി ലിവർപൂൾ മാനേജ്മെൻറ് ഇൗ ഇതിഹാസത്തിന് അനുവാദം നൽകി. ദുർബലരായ സ്റ്റോക് സിറ്റിക്കെതിരെ അവസാന മത്സരത്തിൽ ജറാഡിന് ഇറങ്ങാൻ പറ്റിയെങ്കിലും അന്ന് ലിവർപൂൾ തോറ്റത് 6-1ന്. 52 വർഷത്തെ ക്ലബ് ചരിത്രത്തിനിടെ ലിവർപൂളിെൻറ ഏറ്റവും വലിയ തോൽവി. വൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ ഇതിഹാസത്തിന് മൈതാനം വിടേണ്ടിവന്നു.