You are here
ദേശീയ സീനിയർ സ്കൂൾ മീറ്റ്: കേരളത്തിന് മൂന്നു സ്വർണം കൂടി
അപർണ റോയിക്ക് റെക്കോഡ്
നദിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സുവർണ ദിനം. മൂന്നു സ്വർണം കൂടി അക്കൗണ്ടിൽ വരവുവെച്ച കേരളം ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാം ദിനത്തിൽ 100 മീറ്റർ ഹർഡ്ൽസിൽ അപർണ റോയ് ദേശീയ റെക്കോഡോടെ (13.91സെ) സ്വർണമണിഞ്ഞു. ലോങ്ജംപിൽ സാന്ദ്ര ബാബു 5.97 മീറ്റർ ചാടി തിങ്കളാഴ്ചയിലെ രണ്ടാം സ്വർണം നേടി. തൊട്ടുപിന്നാലെ 4x100 മീറ്റർ റിലേയിലാണ് മൂന്നാം സ്വർണമെത്തിയത്. അലീന വർഗീസ്, അപർണ റോയ്, അഞ്ജലി പി.ഡി, ആൻസി സോജൻ എന്നിവരടങ്ങിയ ടീമാണ് (47.58സെ) പൊന്നണിഞ്ഞത്.
1500മീറ്ററിൽ മിന്നു പി. റോയി (4:45.08) വെള്ളി നേടി. ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യുവും (13.61മീ), 3000 മീ. നടത്തത്തിൽ സി.കെ ശ്രീജയും (14:51.97 സെ) വെങ്കലമണിഞ്ഞു.
പെൺകുട്ടികളുടെ പോരാട്ടം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ 65 പോയൻറുമായി ഒന്നാമതാണ് കേരളം. തമിഴ്നാടാണ് (41) രണ്ടാമത്. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ആൺകുട്ടികളുടെ പോരാട്ടം തുടങ്ങും.