ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് മെഡലില്ലാ ദിനം, ഹരിയാന മുന്നിൽ
text_fieldsസംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളയിൽ ഉത്തരേന്ത്യൻ താരങ്ങളുടെ ആധിപത്യത്തിന് മുന്നിൽ കേരളത്തിന് നില തെറ്റുന്നു. സബ് ജൂനിയർ, ജൂനിയർ ഇനങ്ങളിൽ 24 ഫൈനലുകൾ പൂർത്തിയായപ്പോൾ കേരളത്തിന് 22.5 പോയൻറ് മാത്രമാണുള്ളത്. കഴിഞ്ഞദിവസം കിട്ടിയ ഒരു വെള്ളിയും വെങ്കലവുമായി മലയാളിപ്പട പത്താം സ്ഥാനത്ത് തുടരുകയാണ്.
യു.പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 69 പോയൻറുമായി ഹരിയാന പട്ടികയിൽ ഒന്നാമതാണ്. യു.പിക്ക് 58ഉം മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 40.5ഉം പോയൻറുണ്ട്. വെള്ളിയാഴ്ച രണ്ട് റെക്കോഡുകൾ പിറന്നു. ഏഴിനങ്ങളിലായിരുന്നു മെഡൽ പോരാട്ടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 80 മീറ്റർ ഹർഡ്ൽസ് വെളിച്ചക്കുറവ് കാരണം ശനിയാഴ്ചത്തേക്കു മാറ്റി. റിലേയടക്കം 15 ഫൈനലുകൾ ശനിയാഴ്ച നടക്കും. റിലേയിലും 3000 മീറ്ററിലും മെഡൽ നേടാമെന്ന പ്രതീക്ഷയിലാണ് കേരള സംഘം. സബ് ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ കേരളത്തിെൻറ മണിപ്പൂരി താരം വാങ്മയും മുക്റാം 14ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 6.01 മീറ്റർ മാത്രമേ വാങ്മയുമിന് ചാടാനായുള്ളൂ. ഝാർഖണ്ഡിെൻറ സമീർ ഒറായോണിനാണ് സ്വർണം (6.61 മീറ്റർ). ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ സെമി ഫൈനലിെൻറ മൂന്നാം ഹീറ്റ്സിൽ 11.27 സെക്കൻഡിൽ ഓടിയെത്തി വാങ്മയും മുക്റാം ഫൈനലിന് യോഗ്യത നേടി.
പെൺകുട്ടികളിൽ മെൽബ മേരി സാബു സെമിയിൽ 13.06 സെക്കൻഡിൽ ഒന്നാമതായാണ് ഫൈനലിൽ കയറിയത്. ജൂനിയർ, സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 4 x 100 മീറ്റർ റിലേയിൽ കേരള ടീമുകൾ ഫൈനലിലെത്തിയിട്ടുണ്ട്. ഇരു വിഭാഗങ്ങളിലും ആൺകുട്ടികളുടേത് യോഗ്യത മത്സരത്തിലെ മികച്ച സമയമായിരുന്നു. രാവിലെ സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മധ്യപ്രദേശിലെ ആദിത്യ രഘുവംശി 1.98 മീറ്റർ ചാടി പുതിയ റെക്കോർഡ് നേടി. ഡൽഹിയുടെ ഷാനവാസ് ഖാെൻറ പേരിലുണ്ടായിരുന്ന 1.97 മീറ്റർ എന്ന റെക്കോഡാണ് ആദിത്യ തകർത്തത്. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പഞ്ചാബിെൻറ ജാസ്മിൻ കൗറും റെക്കോഡ് നേടി. 15.30 മീറ്റർ എറിഞ്ഞ ജാസ്മിൻ കഴിഞ്ഞവർഷം സ്ഥാപിച്ച 13.96 മീറ്ററിെൻറ സ്വന്തം റെക്കോഡാണ് മറികടന്നത്.
ഈയിനത്തിൽ ആദ്യ നാല് സ്ഥാനക്കാരും റെക്കോഡ് ദൂരത്തിലേക്ക് ഷോട്ട് എറിഞ്ഞു. അണ്ടർ 14 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും കേരളതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നില്ല. ഉത്തരേന്ത്യൻ താരങ്ങളുടെ കൈക്കരുത്താണ് ഈയിനത്തിലും കണ്ടത്. ഹരിയാനയുടെ ഋദ്ധിയാണ് സ്വർണം നേടിയത് (33.96 മീറ്റർ). ജൂനിയർ വിഭാഗത്തിലെ ഓരോ ഇനത്തിലെയും ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ അത്ലറ്റിക്സിൽ പങ്കെടുക്കാൻ അവസരമൊരുങ്ങും.
ഗുവാഹത്തിയിൽ ജനുവരി പത്ത് മുതൽ 22 വരെയാണ് ഖേലോ ഇന്ത്യ ഗെയിംസിെൻറ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
അതിനിടെ, സംഘാടനം തീരേ നിലവാരമില്ലാത്തതാണെന്ന് ടീമുകൾ പരാതിപ്പെട്ടു. റിലേ മത്സരത്തിനിടെ മൂന്നാം സോണിൽ ചുവന്ന കൊടിക്ക് പകരം ചുവന്ന കസേര ഉയർത്തിയാണ് ചില ഒഫീഷ്യലുകൾ മത്സരം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
