ദേശീയ ജൂനിയർ മീറ്റ്: കപ്പ് കൈവിട്ട് കേരളം; ഹരിയാനക്ക് ഒാവറോൾ കിരീടം
text_fieldsവിജയവാഡ: സ്പ്രിൻറ് മത്സരത്തിെൻറ വീറും വാശിയും നിറഞ്ഞ ഒാവറോൾ ചാമ്പ്യൻഷിപ് പോരാട്ടം. ലീഡുകൾ മാറിയും മറിഞ്ഞും നിന്ന പകലിനൊടുവിൽ ഫോേട്ടാഫിനിഷിലൂടെ കിരീടം നിർണയിക്കപ്പെട്ടപ്പോൾ കേരളത്തെ വീഴ്ത്തി 33ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹരിയാനയുടെ മുത്തം. 23ാമത്തെയും തുടർച്ചയായ ആറാമത്തെയും കിരീടമെന്ന സ്വപ്നം എട്ടു പോയൻറ് വ്യത്യാസത്തിൽ കൈവിട്ട കേരളത്തിന് പെൺകുട്ടികളിലും വിവിധ പ്രായവിഭാഗങ്ങളിലും മേധാവിത്വം നിലനിർത്തിയതിൽ ആശ്വസിക്കാം. 2011ൽ റാഞ്ചിയിൽ ചാമ്പ്യൻഷിപ് നഷ്ടപ്പെട്ട ശേഷം ഇതാദ്യമായാണ് കേരളം ഹരിയാനക്ക് വഴിമാറുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലായി നടന്ന അഞ്ചുദിനത്തിലെ വീറുറ്റ അങ്കത്തിനൊടുവിൽ 27 സ്വർണവും 16 വെള്ളിയും 16 വെങ്കലവുമായി ഹരിയാന 408 പോയൻറ് നേടിയപ്പോൾ, 400 പോയൻറുമായാണ് (24-17-18) കേരളം റണ്ണറപ്പായത്. ഉത്തർപ്രദേശ് മൂന്നും തമിഴ്നാട് നാലും സ്ഥാനക്കാരായി.മീറ്റിലെ മികച്ച താരങ്ങളുെട പട്ടികയിൽ ഇതാദ്യമായി കേരള താരങ്ങൾക്കൊന്നും ഇടമില്ലാതെ പോയപ്പോൾ, എ.എഫ്.െഎ എൻട്രിയിൽ മത്സരിച്ച മലയാളി താരം ജിസ്ന മാത്യു അണ്ടർ 20 പെൺകുട്ടികളിൽ മികച്ച താരമായി മാറി.
ഫോേട്ടാഫിനിഷിൽ വീണ് കേരളം
ചാമ്പ്യൻഷിപ്പിലേക്ക് 30 പോയൻറ് വ്യത്യാസവുമായാണ് കേരളം അഞ്ചാം ദിനം ട്രാക്കിെലത്തിയത്. സ്റ്റാർട്ട് ലിസ്റ്റിലെ കണക്കുകളും താരങ്ങളുടെ റെക്കോഡും നോക്കിയാൽ അനായാസം എത്തിപ്പിടിക്കാവുന്ന ലീഡ്. എന്നാൽ, സ്വർണമുറപ്പിച്ച ഇനങ്ങളിൽ അപ്രതീക്ഷിത അട്ടിമറി വഴങ്ങിയേപ്പാൾ ഹരിയാന ലീഡ് പിടിച്ച് മുന്നേറി. അഞ്ചു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ് മംഗളഗിരി ആചാര്യ നാഗാർജുന സർവകലാശാല സ്റ്റേഡിയത്തിൽ തിങ്കളാഴ്ച കേരളം നേടിയത്.
ആൻസി സോജൻ (അണ്ടർ 18, 200 മീ.), അഭിഷേക് മാത്യു (അണ്ടർ 18, 800 മീ.), അബിത മേരി മാനുവൽ (അണ്ടർ 20, 800 മീ.), ബിബിൻ ജോർജ് (അണ്ടർ 20, 3000 മീ. സ്റ്റീപ്ൾചേസ്) എന്നിവയിലെ സ്വർണത്തിനൊപ്പം ഏതാനും വെള്ളികൂടി പിറന്നതോടെ കേരളം കിരീടം ഉറപ്പിച്ചിരുന്നു. അണ്ടർ 16 പെൺകുട്ടികളുടെ 800ൽ എ.എസ്. സാന്ദ്ര, അണ്ടർ 20 ആൺ 800ൽ അബിൻ സാജൻ, അണ്ടർ 18 പെൺ സ്റ്റീപ്ൾ ചേസിൽ ജി. ഗായത്രി, അണ്ടർ 20 ആൺ ട്രിപ്ൾ ജംപിൽ എൻ. അനസ് എന്നിവർ നേടിയ വെള്ളിയും സി. ബബിത (അണ്ടർ 20, 3000 മീ.), എ. റാഷിദ് (അണ്ടർ 20, 400 മീ. ഹർഡ്ൽസ്), എ. അജിത് (അണ്ടർ 18 ട്രിപ്ൾ ജംപ്), ബോബി സാബു (അണ്ടർ 20 ട്രിപ്ൾ ജംപ്) എന്നിവർ നേടിയ വെങ്കലവും കേരളത്തിെൻറ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു.

അവസാന ഇനമായ 4x400 മീ. റിലേ കൂടി ബാക്കിനിൽക്കെ ചാമ്പ്യൻഷിപ് കുതിപ്പിൽ ഒപ്പത്തിനൊപ്പമായി. കേരളത്തിനായിറങ്ങിയ എം.എസ്. ബിബിൻ, ലിബിൻ ഷിബു, ഷെറിൻ മാത്യു, എ. അർഷാദ് എന്നിവരുടെ ടീം സ്വർണമാവെട്ട എന്നായിരുന്നു മലയാള ക്യാമ്പിലെ പ്രാർഥന. എന്നാൽ, ആദ്യ ലാപ്പിൽ തന്നെ കേരളത്തെയും ലോക ജൂനിയർ താരം അമോജ് ജേക്കബ് നയിച്ച ഡൽഹിയെയും അട്ടിമറിച്ച് കുതിച്ച ഹരിയാനയെ തളക്കാൻ ആർക്കും കഴിഞ്ഞില്ല. മീറ്റ് റെക്കോഡ് പ്രകടനത്തോടെ അവർ സ്വർണവും ചാമ്പ്യൻഷിപ് കിരീടവും ഉറപ്പിച്ചു. പിന്നാലെ നടന്ന പെൺകുട്ടികളുടെ റിലേയിൽ ലിനറ്റ് ജോർജ്, അൻസ ബാബു, അബിഗെയ്ൽ ആരോഗ്യനാഥ്, അബിത മേരി മാനുവൽ എന്നിവരുടെ ടീം സ്വർണമണിഞ്ഞെങ്കിലും കിരീടം അതിനുംമുേമ്പ കൈവിട്ടുപോയിരുന്നു.
200 മീറ്ററിൽ 24.75 െസക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻസി സോജൻ സ്വർണം നേടിയത്. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർഥിനിയാണ് സ്കൂൾ മീറ്റിലെ സൂപ്പർ താരമായ ആൻസി. അണ്ടർ 18 ആൺ. 800 മീറ്ററിൽ തമിഴ്നാടിെൻറ ശക്തമായ വെല്ലുവിളി അതിജയിച്ചാണ് മാർ ബേസിൽ കോതമംഗലത്തിെൻറ അഭിഷേക് മാത്യു (1 മി. 52.84 സെ.) സ്വർണം പിടിച്ചത്. അണ്ടർ 20 പെൺകുട്ടികളിൽ ഉഷ സ്കൂൾ താരം അബിത മേരി മാനുവൽ അനായാസം (2:08.90) സ്വർണമണിഞ്ഞു. സീനിയർ ആൺ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ തുടക്കം മുതൽ നേടിയ ലീഡിലൂടെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിബിൻ ജോർജ് (9:28.22) സ്വർണം നേടിയത്.
മിന്നിത്തിളങ്ങി ജിസ്ന
കേരളത്തിെൻറ അക്കൗണ്ടിൽ വരവുചേർന്നില്ലെങ്കിലും ജിസ്ന മാത്യുവും അമോജ് ജേക്കബും മീറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. നേരത്തേ 400 മീറ്ററിൽ സ്വർണമണിഞ്ഞ ജിസ്ന തിങ്കളാഴ്ച 200ൽ മീറ്റ് റെക്കോഡ് പ്രകടനത്തോടെ (24.24 സെ.) സ്വർണം നേടി. ഏഴു വർഷം പഴക്കമുള്ള നിരുപമ സുന്ദറിെൻറ (24.28 സെ.) സമയമാണ് തിരുത്തിയത്.
ടീം ചാമ്പ്യൻഷിപ്
ബോയ്സ്: അണ്ടർ 20 (കേരളം 99 പോയൻറ്), അണ്ടർ 18 (ഹരിയാന 79), അണ്ടർ 16 (യു.പി 64), അണ്ടർ 14(ഹരിയാന 28).
ഗേൾസ്: അണ്ടർ 20 (കേരളം 76), അണ്ടർ 18 (കേരളം 79), അണ്ടർ 16 (കേരളം 64), അണ്ടർ 14 (മഹാരാഷ്ട്ര 31).
ആൺ ടീം ചാമ്പ്യൻഷിപ്: യു.പി ആൻഡ് ഹരിയാന (221 പോയൻറ്)
പെൺ ടീം ചാമ്പ്യൻഷിപ്: കേരളം 230 പോയൻറ്
ചാമ്പ്യൻഷിപ്പ് പോയൻറ്
സ്വർണം, വെള്ളി, വെങ്കലം, പോയൻറ്
ഹരിയാന 27-16-16-408
കേരളം 24-17-18-400
ഉത്തർപ്രദേശ് 15-17-17-340
തമിഴ്നാട് 6-19-15-277
കേരളം മുന്നേറി;
തോറ്റത് പ്രായത്തട്ടിപ്പിൽ
33-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സില് കേരളത്തിന്റേത് മികച്ച പ്രകടനമാണ്. മുൻ വർഷത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണം നേടിയ കേരളം നാലു വിഭാഗങ്ങളില്‍ ജേതാക്കളുമായി. പക്ഷേ, കിരീടം കൈവിട്ടുപോയത് നിരാശയായി. ജേതാക്കളായ ഹരിയാനയ്ക്ക് അഭിനന്ദനങ്ങള്‍. പ്രകടനത്തിലെ പോരായ്മകളല്ല കേരളത്തിെൻറ ചാമ്പ്യൻഷിപ്പ് നഷ്ടപ്പെടാൻ കാരണം. ‘പ്രായ’ത്തില്‍ മൂത്തവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ചാല്‍ എന്തു ചെയ്യാനാകും. പ്രായത്തട്ടിപ്പുകാരെ കണ്ടെത്താന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കു പകരം മെഡിക്കല്‍ പരിശോധന എന്നു മുതല്‍ വരുന്നോ അന്നു മുതല്‍ കിരീടങ്ങള്‍ കേരളത്തിന്റെ കൈവശം തന്നെയിരിക്കും.
ഡോ. വി.സി. അലക്സ്
കേരളാ ടീം ചെഫ് ഡി മിഷന്