ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് ഇന്ന് തുടക്കം
text_fieldsപട്യാല: കോമൺവെൽത്ത് ഗെയിംസിന് ഇനി കൃത്യം 30 ദിവസങ്ങൾ. ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റ് വേദിയാവുന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ കായിക പോരാട്ടത്തിലെ സുവർണതാരങ്ങളാവാൻ കച്ചകെട്ടുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് ഇന്നു മുതൽ പഞ്ചാബിലെ പട്യാല നേതാജി സുഭാഷ്ചന്ദ്ര ബോസ് നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സില്‍ ബലപരീക്ഷണത്തിെൻറ പകലുകൾ.
22ാമത് ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഇക്കുറി ശ്രദ്ധേയമാവുന്നത് ഏപ്രിൽ നാലിന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിെൻറ ട്രയൽസ് എന്നനിലയിൽ. നാലു ദിനങ്ങളിലെ പോരാട്ടത്തിലൂടെ യോഗ്യത മാർക്ക് കടക്കാനും യോഗ്യത നേടിയവർ മികച്ച പ്രകടനം കാഴ്ചവെക്കാനുമാവും ശ്രമം. 40 ഇനങ്ങളിലായി 700ൽ ഏറെ താരങ്ങളാണ് മത്സരിക്കുന്നത്.
37 അംഗ സംഘത്തെയാണ് ഇന്ത്യ ഇക്കുറി ആസ്ട്രേലിയയിലേക്ക് അയക്കുന്നത്. മലയാളികളായ കെ.ടി. ഇര്ഫാൻ, ബി. സൗമ്യ എന്നിവരുള്‍പ്പടെ നാലു റേസ് വാക്കിങ് താരങ്ങളും പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും വനിതകളുടെ ലോങ് ജംപില്‍ മലയാളിയായ നയന ജയിംസും മാത്രമേ ടിക്കറ്റ് ഉറപ്പാക്കിയിട്ടുള്ളൂ. ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സീമ പൂനിയ, തേജീന്ദര്‍ പാൽ, തേജസ്വിന് ശങ്കർ, എം.ആർ. പൂവമ്മ, അന്നു റാണി, അമിയകുമാര്‍ മാലിക്, ദ്യുതി ചന്ദ്, സ്രാബണി നന്ദ, ആരോക്യ രാജീവ്, ജി. ലക്ഷ്മൺ, എൽ. സൂര്യ തുടങ്ങി വമ്പന്മാരാണ് പട്യാലയിൽ പോരിനിറങ്ങുന്നത്.
കേരളവും ഏറെ പ്രതീക്ഷയിലാണ്. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്സൺ, വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്ര, വനിതകളുടെ ലോങ് ജംപില്‍ വി. നീന, ട്രിപ്ള്‍ ജംപില്‍ എൻ.വി. ഷീന, വനിതകളുടെ 400, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് എന്നിവയില്‍ അനു രാഘവൻ, അനില്‍ഡ തോമസ്, പുരുഷന്മാരുടെ 400 മീറ്റർ, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് എന്നിവയില്‍ എം.പി. ജാബിര്‍ തുടങ്ങിയ പ്രമുഖരാണ് യോഗ്യത തേടി ഇറങ്ങുന്ന മലയാളി താരങ്ങൾ.
ആദ്യ ദിനം ആറു ഫൈനൽ
ആദ്യ ദിനം അരങ്ങേറുന്നത് ആറു ഫൈനലുകൾ. മലയാളി താരങ്ങള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പുരുഷന്മാരുടെ പോൾവാള്‍ട്ട്, വനിതകളുടെ ഹൈജംപ് എന്നിവ ഇന്ന് നടക്കും. പുറമെ പുരുഷ-വനിത 5000 മീറ്റർ, വനിതകളുടെ ഡിസ്കസ്-ഹാമര്‍ത്രോ ഇനങ്ങളും ഇന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
