മെഡൽ തേടി മലയാളിപ്പട
text_fieldsപാലക്കാട്: കോമൺവെൽത്ത് ഗെയിംസിന് കൊടിയുയരുമ്പോൾ ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾക്ക് നിറംപകരാൻ 20 മലയാളി താരങ്ങൾ. 28 അംഗ അത്ലറ്റിക്സ് ടീമിൽ ഇടംപിടിച്ചത് 11 മലയാളികൾ. വനിതകളിൽ മൂന്നുപേരും പുരുഷന്മാരിൽ എട്ടുപേരുമാണ് ട്രാക്കിലും ഫീൽഡിലുമായി ഇറങ്ങുക. 20 കിലോമീറ്റർ നടത്തത്തിൽ കെ.ടി. ഇർഫാനും വനിതകളിൽ സൗമ്യ ബേബിയും ഇറങ്ങും. മെഡൽ സാധ്യത പട്ടികയിൽ മുന്നിൽനിൽക്കുന്ന താരമാണ് ഇർഫാൻ.
വനിത ലോങ് ജമ്പ് പിറ്റിലിറങ്ങുന്നത് കോഴിക്കോട്ടുകാരായ വി. നീനയും നയന ജെയിംസും. പരിക്കേറ്റ് രഞ്ജിത് മഹേശ്വരിക്ക് അവസരം നഷ്ടമായതോടെ രാകേഷ് ബാബുവാണ് ട്രിപ്ൾ ജമ്പിൽ മത്സരിക്കുന്നത്. 4x400 മീറ്റർ പുരുഷ റിലേ ടീമിനെ നയിക്കുന്നത് മലയാളി താരങ്ങളാണ് -ജിത്തു ബേബി, ജീവൻ സുരേഷ്, കുഞ്ഞുമുഹമ്മദ് എന്നിവർ. ആരോക്യ രാജീവാണ് ഇതര സംസ്ഥാനത്തുനിന്നുള്ള ഏകതാരം.
1500 മീറ്ററിൽ ജിൻസൺ ജോൺസണും 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും മുഹമ്മദ് അനസും മത്സരിക്കും. മെഡൽ പ്രതീക്ഷയുള്ള പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത് മലയാളി താരം പി.ആർ. ശ്രീജേഷാണ്. പുരുഷ ബാഡ്മിൻറണിൽ എച്ച്.എസ്. പ്രണോയിയും മെഡൽ പ്രതീക്ഷയാണ്. വനിത ബാസ്കറ്റ്ബാളിൽ നാല് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ. കേരള ടീം ക്യാപ്റ്റൻ പി.ജി. അഞ്ജന, പി.എസ്. ജീന, ഗ്രിമ മെർലിൻ വർഗീസ്, ശ്രുതി പ്രവീൺ എന്നിവരാണ് കരുത്താകുക. സൈക്ലിങ്ങിൽ അലീന റെജിയും നീന്തലിൽ സജൻ പ്രകാശും മത്സരിക്കും. സ്ക്വാഷിൽ ദീപിക കാർത്തിക്കും മലയാളി സാന്നിധ്യമാകും.