ഏഷ്യൻ ഗെയിംസ്: ആറാം ദിനം ഇന്ത്യക്ക് മെഡൽമഴ
text_fieldsജകാർത്ത: 18ാമത് ഏഷ്യൻ ഗെയിംസിെൻറ ആറാം ദിനം ഇന്ത്യക്ക് ഏഴ് മെഡൽ. വെള്ളിയാഴ്ച രണ്ട് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കിയ ഇന്ത്യ ആകെ മെഡൽ നേട്ടം 25 (ആറ് സ്വർണം, അഞ്ച് വെള്ളി, 14 വെങ്കലം) ആക്കിയുയർത്തി മെഡൽപട്ടികയിൽ എട്ടാം സ്ഥാനത്തേക്കുയർന്നു. ടെന്നിസ് പുരുഷ ഡബ്ൾസിലും റോവിങ് പുരുഷ ക്വാഡ്രാപ്ൾ സ്കൾസിലുമായിരുന്നു സ്വർണ നേട്ടങ്ങൾ. വനിത കബഡി ടീം വെള്ളി നേടിയപ്പോൾ റോവിങ്ങിൽ രണ്ടും ഷൂട്ടിങ്ങിലും ടെന്നിസിലും ഒാരോന്നും വെങ്കലങ്ങളും ഇന്ത്യൻ അക്കൗണ്ടിലെത്തി.
ടെന്നിസിൽ സ്വർണവും വെങ്കലവും
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഭിമാനമായി ടെന്നിസ്. സ്വർണവും രണ്ട് വെങ്കലവുമാണ് ടെന്നിസ് ഇന്ത്യക്ക് സമ്മാനിച്ചത്. കഴിഞ്ഞദിവസം വനിത സിംഗ്ൾസിൽ അങ്കിത റെയ്ന വെങ്കലം നേടിയതിനുപിന്നാലെ പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം കരസ്ഥമാക്കിയത്. പിന്നാലെ സെമിയിൽ തോറ്റെങ്കിലും പുരുഷ സിംഗ്ൾസിൽ പ്രജ്നേഷ് ഗുണശേഖരൻ വെങ്കലം നേടി.
ടോപ് സീഡുകളായ രോഹൻ ബൊപ്പണ്ണയും ദിവിജ് ശരണുമടങ്ങിയ ടീം ഉസ്ബകിസ്താെൻറ അലക്സാണ്ടർ ബുബ്ലിക്-ഡെനിസ് യെവസയേവ് ജോടിയെ നേരിട്ടുള്ള സെറ്റുകളിൽ (6-3 6-4) തോൽപിച്ചാണ് സ്വർണത്തിലേക്ക് റാക്കറ്റു വീശിയത്. പ്രജ്നേഷ് സെമിയിൽ ഉസ്ബകിസ്താെൻറ പരിചയസമ്പന്നായ ഡെനിസ് ഇസ്റ്റോമിനോട് 2-6, 2-6ന് കീഴടങ്ങി. നാലാം തവണയാണ് ഇന്ത്യ പുരുഷ ഡബ്ൾസിൽ സ്വർണം നേടുന്നത്. 2002ലും 2006ലും ലിയാൻഡർ പേസ്-മഹേഷ് ഭൂപതി ജോടിയും 2010ൽ സോംദേവ് ദേവ് വർമൻ-സനം സിങ് സഖ്യവും സ്വർണം കരസ് ഥമാക്കിയിരുന്നു. 2014ൽ സനം സിങ്-സാകേത് മൈനേനി ജോടി വെള്ളിയും നേടി.
ഒരു സ്വർണവും രണ്ട് വെള്ളിയുമായി റോവിങ്
റോവിങ്ങിലായിരുന്നു ആറാം ദിനം ഇന്ത്യൻ മെഡൽ കൊയ്ത്ത്. സവർണ് സിങ്, ദത്തു ഭോകാനൽ, ഒാം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ ടീം പുരുഷന്മാരുടെ ക്വാഡ്രാപ്ൾ സ്കൾസിലാണ് സ്വർണം കരസ്ഥമാക്കിയത്. ലൈറ്റ്വെയ്റ്റ് ഡബ്ൾ സ്കൾസിൽ രോഹിത് കുമാർ-ഭഗവാൻ സിങ് ജോടിയും ലൈറ്റ് വെയ്റ്റ് സിംഗ്ൾ സ്കൾസിൽ ദുഷ്യന്തുമാണ് വെങ്കലം സമ്മാനിച്ചത്.
ഷൂട്ടിങ്: വെങ്കലം ഹീന; നിരാശപ്പെടുത്തി മനു
ഷൂട്ടിങ്ങിൽ ഹീന സിദ്ദുവിെൻറ വെങ്കലം മാത്രമാണ് വെള്ളിയാഴ്ചത്തെ മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലായിരുന്നു സിദ്ദുവിെൻറ വെങ്കലം. അതേസമയം, സ്വർണ പ്രതീക്ഷയുണ്ടായിരുന്ന കൗമാരതാരം മനു ഭാക്കർ നിരാശപ്പെടുത്തി. തെൻറ ഇഷ്ടയിനത്തിൽ 16കാരിക്ക് അഞ്ചാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
ബാഡ്മിൻറൺ: ശ്രീകാന്തും പ്രണോയിയും വീണു
മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിൻറൺ പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും രണ്ടാം റൗണ്ടിൽ പുറത്തായി. ലോക എട്ടാം റാങ്കുകാരനായ ശ്രീകാന്ത് 21-23, 19-21ന് 28ാം റാങ്കുകാരനായ ഹോേങ്കാങ്ങിെൻറ വോങ് വിങ് കി വിൻസെൻറിനോടും 11ാം റാങ്കുകാരനായ പ്രണോയ് 12-21 21-15 15-21ന് 32ാം റാങ്കുകാരനായ തായ്ലൻഡിെൻറ കാൻഡാഫോൺ വാങ് ചെറോണിനോടുമാണ് തോറ്റത്.
അതേസമയം, വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി ജോടി ക്വാർട്ടറിലെത്തി. 21-17, 16-21, 21-19ന് മലേഷ്യയുടെ ചോ മെയ് ക്വാൻ-ലീ മെങ് യീൻ സഖ്യത്തെയാണ് തോൽപിച്ചത്. വനിത സിംഗ്ൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സൈന നെഹ്വാളും ശനിയാഴ്ച രണ്ടാം റൗണ്ട് മത്സരങ്ങൾക്കിറങ്ങും.
സ്ക്വാഷിൽ മൂന്ന് മെഡലുറപ്പിച്ചു
സ്ക്വാഷിൽ സെമി ഫൈനലിൽ കടന്ന ഇന്ത്യയുടെ സൗരവ് ഘോഷാൽ, ജോഷ്ന ചിന്നപ്പ, മലയാളി താരം ദീപിക പള്ളിക്കൽ എന്നിവർ ചുരുങ്ങിയത് വെങ്കല മെഡലുറപ്പിച്ചു. പുരുഷ സിംഗ്ൾസിൽ ടോപ് സീഡായ ഘോഷാൽ 9-11, 11-7, 11-7, 11-7ന് നാട്ടുകാരനായ ഹരീന്ദർ പാൽ സന്ധുവിനെയും വനിത സിംഗ്ൾസിൽ ജോഷ്ന 11-5,12-10, 5-11, 12-10ന് ഹോേങ്കാങ്ങിെൻറ ചാൻ ഹോ ലിങ്ങിനെയും ദീപിക 11-5, 11-6, 11-8ന് ജപ്പാെൻറ കൊബയാഷി മിസാകിയെയുമാണ് തോൽപിച്ചത്.
കബഡി: വനിതകൾക്കും കാലിടറി
തങ്ങളുടെ സ്വന്തം ഇനമായ കബഡിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യക്ക് ഇറാനുമുന്നിൽ കാലിടറി. പുരുഷന്മാരെ സെമിയിൽ മലർത്തിയടിച്ച ഇറാൻ, വനിതകളെ ഫൈനലിൽ വീഴ്ത്തിയാണ് ഇന്ത്യക്ക് ഇരട്ടപ്രഹരം സമ്മാനിച്ചത്. 27-24നായിരുന്നു കഴിഞ്ഞ രണ്ട് ഗെയിംസുകളിലെയും ജേതാക്കളായ ഇന്ത്യൻ വനിതകളുടെ തോൽവി. പുരുഷ ഫൈനലിൽ ദക്ഷിണ കൊറിയയെ 26-16ന് തോൽപിച്ച ഇറാൻ ഇരട്ടക്കിരീടം കരസ്ഥമാക്കി.
ബോക്സിങ്: മനോജ് മുന്നോട്ട്; സോളങ്കി പുറത്ത്
ബോക്സിങ്ങിൽ മെഡൽ പ്രതീക്ഷയായിരുന്ന ഗൗരവ് സോളങ്കി ആദ്യ റൗണ്ടിൽ പുറത്തായി. കോമൺവെൽത്ത് സ്വർണ ജേതാവായ സോളങ്കി 69 കി. വിഭാഗത്തിൽ ജപ്പാെൻറ റയോമി തനാകയോടാണ് തോറ്റത്. അതേസമയം, 52 കി. വിഭാഗത്തിൽ വെറ്ററൻ ബോക്സർ മനോജ് കുമാർ പ്രീക്വാർട്ടറിൽ കടന്നു. ഭൂട്ടാെൻറ സൻഗയ് വാൻഗ്ദിയെ 5- 0ത്തിനാണ് മനോജ് ഇടിച്ചിട്ടത്.
ഹോക്കി: ജപ്പാനെ തകർത്ത് ഇന്ത്യ
പുരുഷ ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി. ജപ്പാനെ 8-0ത്തിനാണ് ഇന്ത്യ തകർത്തത്. നേരത്തേ, ഇന്തോനേഷ്യയെ 17-0ത്തിനും ഹോേങ്കാങ്ങിനെ 26-0ത്തിനും ഇന്ത്യ തോൽപിച്ചിരുന്നു.
ഹാൻഡ്ബാളിൽ ജയം
ഹാൻഡ്ബാളിൽ പാകിസ്താനെ 28-27ന് തോൽപിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം ജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
