അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് സ്വരാജ് മൈതാനിയിൽ ഇന്ന് തുടക്കം
text_fieldsമൂഡബിദ്രി: 79ാമത് അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് ദക്ഷിണ കന്നട ജി ല്ലയിലെ മൂഡബിദ്രി ഗ്രാമത്തിലെ സ്വരാജ് മൈതാനിൽ ശനിയാഴ്ച വെടിമുഴങ്ങും. സർവകായികോത്സവത്തിൽ ഹാട്രിക് കിരീടത്തിലൂടെ മറ്റൊരു ചരിത്രം കുറിക്കാൻ കച്ചകെട്ടിയാണ് ആതിഥേയരായ മാംഗ്ലൂർ സർവകലാശാല സ്വരാജ് മൈതാനിയിലിറങ്ങുന്നത്. എന്നാൽ, വനിതകളിലെ ഒാവറോൾ തങ്ങൾക്കു തന്നെയെന്ന് ഉറപ്പിച്ചാണ് കോട്ടയം എം.ജി സർവകലാശാല ടീം എത്തിയത്. പുരുഷ വിഭാഗത്തിലാണ് അന്താരാഷ്ട്ര താരങ്ങളുമായി എത്തുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രതീക്ഷ. ശക്തമായ വെല്ലുവിളിയുമായി മാംഗ്ലൂരും എം.ജിയും പട്യാലയുമുണ്ട്.
ജൈന കാശിയിൽ പൊടിപാറും
18ഒാളം ജൈന ക്ഷേത്രങ്ങളുള്ള മൂഡബിദ്രിയിൽ ഗ്രാനൈറ്റിൽ തീർത്ത 1000 തൂണുകളുള്ള ത്രിഭുവൻ തിലക് ചൂഡാമണി (ചന്ദ്രനാഥ ക്ഷേത്രം) ഏറെ പ്രശസ്തമാണ്. പൗരാണിക കാലഘട്ടത്തിൽ ഇവിടം നിറയെ മുളംകാടുകളായിരുന്നുവെന്നും അങ്ങനെയാണ് ഈ സ്ഥലത്തിന് മൂഡബിദ്രി എന്ന പേരുകിട്ടിയതെന്നുമാണ് പറയപ്പെടുന്നത്. ജൈന കാശി എന്നുകൂടി അറിയപ്പെടുന്ന മൂഡബിദ്രിയിലെ സ്വരാജ് മൈതാനിയിലെ ട്രാക്കുണരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് താരങ്ങൾ. അധികം തിരക്കില്ലാത്ത മംഗളൂരുവിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കൊച്ചുഗ്രാമം. നല്ല കാലാവസ്ഥ, നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ ഫ്ലഡ് ലിറ്റ് മൈതാനം.
4200 അത്ലറ്റുകൾ, ആദ്യദിനം ഫൈനലില്ല
ആദ്യദിനമായ ശനിയാഴ്ച പുരുഷ-വനിത വിഭാഗങ്ങളിലായി 16 ഇനങ്ങളിലാണ് മത്സരം. 5000 മീ, 800 മീ, 400 മീ ഹർഡ്ൽസ്, 100 മീ എന്നിവയുടെ ഹീറ്റ്സും ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയുടെ യോഗ്യത മത്സരവുമാണ് ശനിയാഴ്ച നടക്കുക. വൈകീട്ട് 4.30ന് മാർച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 275 സർവകലാശാലകളിൽ നിന്നായി ആകെ 4200 അത്ലറ്റുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ 6.30ന് പുരുഷ വിഭാഗം 5000 മീ. ഹീറ്റ്സ് മത്സരത്തോടെയാണ് ട്രാക്കുണരുക.
പോരാടാനുറച്ച് കാലിക്കറ്റും എം.ജിയും
2017ൽ വിജയവാഡയിലും 2016ൽ കോയമ്പത്തൂരിലും നടന്ന അന്തർ സർവകലാശാല മീറ്റിൽ മാംഗ്ലൂരിനായിരുന്നു കിരീടം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് അത്ലറ്റുകളെ ടീമിലെത്തിച്ച് മികവ് കാട്ടുന്ന മാംഗ്ലൂർ ഇത്തവണയും ശക്തരാണ്. 82 പേരടങ്ങുന്ന മാംഗ്ലൂർ സർവകലാശാല ടീമിൽ 80 പേരും ആതിഥേയരായ ആൽവാസ് കോളജിൽ നിന്നുള്ളവരാണ്. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് സ്വന്തം നാട്ടിലെ ട്രാക്കിൽ മാംഗ്ലൂരിെൻറ താരങ്ങൾ ഇറങ്ങുമ്പോൾ മറുഭാഗത്ത് ശക്തമായ മത്സരം നൽകാനായി കാലിക്കറ്റ് സർവകലാശാലയുടെയും എം.ജിയുടെയും താരങ്ങൾ നേരേത്ത തന്നെ മൂഡബിദ്രിയിൽ എത്തിയിട്ടുണ്ട്.
44 വനിതകളും 30 പുരുഷന്മാരും ഉൾപ്പെടെ 74 പേരടങ്ങുന്ന എം.ജി സർവകലാശാല ടീം വ്യാഴാഴ്ച തന്നെ എത്തി. 2017ലെ മികച്ച കായികാധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടിയ കോതമംഗലം എം.എ കോളജിലെ ഡോ. മാത്യൂസ് ജേക്കബിെൻറ നേതൃത്വത്തിലുള്ള ഒമ്പതംഗ പരിശീലക സംഘവുമുണ്ട്. ഹൈജംപിൽ ജിയോ ജോസ്, ട്രിപ്ൾ ജംപിൽ ലിസ്ബത്ത് കരോലിൻ, 100 മീറ്ററിൽ എൻ.എസ്. സിമി, 1500 മീറ്ററിൽ അനുമോൾ തമ്പി എന്നിവരാണ് എം.ജിയുടെ സ്റ്റാർ അത്ലറ്റുകൾ. ഇത്തവണ പുരുഷ വിഭാഗത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ് ലക്ഷ്യമിട്ടാണ് കാലിക്കറ്റ് സർവകലാശാല എത്തിയത്. 36 പുരുഷന്മാരും 22 വനിതകളും ആറ് ഒഫീഷ്യലും ഉൾപ്പെടെ 64 പേർ. . ജിസ്ന മാത്യൂ 4x100, 4x400 റിലേയിൽ മത്സരിക്കും. മുഹമ്മദ് അനീസ് (ലോങ്ജംപ്), അബിത മേരി മാനുവൽ (800 മീ), ബബിത (1500, 800), കെ.എസ്. അനന്തു (ഹൈംജംപ്) എന്നീ അന്താരാഷ്ട്ര താരങ്ങൾ കാലിക്കറ്റിനായിറങ്ങും.
1500 മീറ്ററിൽ ക്രൈസ്റ്റ് കോളജിലെ ബിബിൻ ജോർജ്, 800 മീറ്ററിൽ ശ്രീകൃഷ്ണ കോളജിലെ തോംസൺ, എയ്ഞ്ചൽ പി. ദേവസ്യ (ഹൈംജംപ്) എന്നിവരും പ്രതീക്ഷകളാണ്. 18 പുരുഷന്മാരും എട്ടു വനിതകളും ഉൾപ്പെടെ 26 പേരുമായാണ് കേരള സർവകലാശാല എത്തിയത്. ഏഴു വനിതകളും ആറു പുരുഷന്മാരും ഉൾപ്പെട്ടതാണ് കണ്ണൂർ സർവകലാശാല ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
