10,000 മീറ്ററിലും 1500 മീറ്ററിലും സ്വർണമണിഞ്ഞ് സിഫാൻ ഹസൻ
text_fieldsദോഹ: ലോക മീറ്റിെൻറ യഥാർഥ ചാമ്പ്യനായി നെതർലൻഡ്സിെൻറ ദീർഘദൂര ഓട്ടക്കാരി സിഫാൻ ഹസൻ. നേരത്തേ 10,000 മീറ്ററിൽ സ്വർണം ചൂടിയ സിഫാൻ ശനിയാഴ്ച രാത്രിയിൽ 1500 മീറ്ററിലും എതിരില്ലാതെ പൊന്നണിഞ്ഞു. അതാവട്ടെ ലോകചാമ്പ്യൻഷിപ്പിലെ റെക്കോഡ് സമയത്തിലും. 16 വർഷമായി ഇളക്കമില്ലാതെ നിലനിന്ന 1500 മീറ്ററിലെ റെക്കോഡാണ് സിഫാൻ സ്വന്തം പേരിൽ കുറിച്ചത്.
അവസാന 200 മീറ്ററിൽ സ്പ്രിൻറ് റണ്ണപ്പിലൂടെ കുതിച്ച താരം എതിരാളികളിൽ നിന്നും ബഹുദൂരം ലീഡ് നിലനിർത്തിയാണ് ഡബ്ൾ ഗോൾഡൻ ഫിനിഷ് നടത്തിയത്്. മൂന്ന് മിനിറ്റ് 51.95 സെക്കൻഡിലായിരുന്നു ഫിനിഷ്. കെനിയയുടെ െഫയ്ത് കിപ്യെഗോനാണ് വെള്ളി.
തോൽക്കാതെ യുലിമർ
ട്രിപ്ൾ ജംപ് വനിതകളിൽ വെനിസ്വേലയുടെ യുലിമർ റോയാസിനെയാണ് ലോകം കാത്തിരുന്നത്. ജമൈക്കയുടെ ഷാനിയേകയും കൊളംബിയയുടെ ഇബർഗുവനും നടത്തിയ വെല്ലുവിളിയെ രണ്ടാം ശ്രമത്തിലെ ചാട്ടത്തിലൂടെതന്നെ യുലിമർ മറികടന്ന് സ്വർണം ഉറപ്പിച്ചു. 15.37 മീറ്ററായിരുന്നു വെനിസ്വേലൻ താരത്തിെൻറ പ്രകടനം. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ യുലിമർ 2017 ലോകചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവായിരുന്നു.
5000 മീറ്ററിൽ കെനിയയുടെ ഹെല്ലൻ ഒബിറി 2017ലെ സ്വർണം നിലനിർത്തി. ഷോട്ട് പുട്ടിൽ അമേരിക്കയുടെ ജോ കൊവാക് തുടർച്ചയായി മൂന്നാം ലോകചാമ്പ്യൻഷിപ്പിലും മെഡലണിഞ്ഞു (22.91മീ.).
സ്പ്രിൻറ് റിലേയിൽ പതിവു പോലെ അമേരിക്കൻ ജമൈക്കൻ ആധിപത്യം പ്രകടനമായി.
4x100 മീറ്റർ പുരുഷ വിഭാഗത്തിൽ 100 മീറ്ററിലെ ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ, ജസ്റ്റിൻ ഗാറ്റ്ലിൻ, നോഹ ലെയ്ലസ്, മൈക്കൽ റോജേഴ്സ് എന്നിവരടങ്ങിയ ടീം (37.10സെ.) സ്വർണം നേടി. ബ്രിട്ടൻ രണ്ടും, ജപ്പാൻ മൂന്നുമായി. വനിതകളിൽ ഷെല്ലി ആൻഫ്രെയ്സർ, നതാലിയ വൈറ്റ്, ജോനിലെ സ്മിത്ത്, ഷെറിക ജാക്സൺ എന്നിവരുടെ ജമൈക്ക (41.44സെ.) സ്വർണം നേടി.