ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്; അപർണക്കും ഗോകുലിനും സ്വർണം
text_fieldsതിരുവണ്ണാമല: ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക്സിൽ ആദ്യ ദിനത്തിലെ നിരാശക്ക് സ് വർണംകൊണ്ട് സങ്കടം തീർത്ത് കേരളം. ഒന്നാം ദിനം ഒരു വെള്ളിയും രണ്ടുവെങ്കലവും മാത്രം ന േടിയ കേരളം, രണ്ടാം ദിനത്തിൽ രണ്ടു സ്വർണവും മൂന്നു വെള്ളിയുംകൂടി സ്വന്തമാക്കി. അണ്ടർ 20 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്സിൽ അപർണ റോയും ആൺകുട്ടികളുടെ ഡെക്കാത്ലണിൽ ആർ. ഗോകുലുമാണ് സ്വർണം നേടിയത്. ഹർഡ്ൽസിൽ നിരവധി ദേശീയ മെഡൽ നേടിയ അപർണ 14.14 സെക്കൻഡിൽ ഒന്നാമതെത്തിയാണ് കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ചത്. തമിഴ്നാടിെൻറ നവീൻകുമാറിനെ ബഹുദൂരം പിന്തള്ളിയാണ് ഗോകുൽ 6805 പോയൻറുമായി ഡെക്കാത്ലണിൽ ഒന്നാമതെത്തിയത്.
ട്രിപ്ൾ ജംപിൽ ലിസ്ബത് കരോലിൻ ജോസഫും (12.43 മീറ്റർ), പോൾവാൾട്ടിൽ നിവ്യ ആൻറണിയും (3.67 മീ), ആൺകുട്ടികളുടെ ലോങ്ജംപിൽ ആർ. സജനും (7.31 മീ) വെള്ളി നേടി.
ആദ്യ ദിനത്തിൽ അണ്ടർ 20 പെൺകുട്ടികളുടെ ലോങ്ജംപിൽ ആൻസി സോജൻ (5.91 മീ) വെള്ളിയും ആദിത്യ കുമാർ (100 മീ), ടി.എൻ. ദിൽഷിത് (ഹൈജംപ്) എന്നിവർ വെങ്കലവും നേടിയിരുന്നു.
