സുവർണമായി ഷീന; തേജസ്വിനും സൂര്യക്കും ഗെയിംസ് ടിക്കറ്റ്
text_fieldsപട്യാല: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ദേശീയ റെക്കോഡ് പ്രകടനവുമായി ഹൈജംപ് താരം തേജസ്വിൻ ശങ്കറും, എൽ. സൂര്യയും (10,000) കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടി. ഹൈജംപില്‍ വെള്ളി നേടിയ ഹരിയാന താരം സിദ്ധാര്‍ഥ് യാദവും ഓസീസ് ടിക്കറ്റ് സ്വന്തമാക്കി. മൂന്നാം ദിനത്തിൽ കേരളത്തിെൻറ സുവർണ നേട്ടം വനിത ട്രിപ്ൾ ജംപിൽ എൻ.വി. ഷീനയിലൊതുങ്ങി.
പുരുഷ ഹൈജംപിൽ സി. ശ്രീനിഷും വനിതകളുടെ പോള്‍വോള്‍ട്ടില്‍ കൃഷ്ണ രചനും വെങ്കലമണിഞ്ഞു. തമിഴ്നാടിനായി മലയാളി താരം വി.എസ്. സുരേഖ സ്വർണമണിഞ്ഞു. വനിതകളുടെ ട്രിപ്ള്‍ ജംപില്‍ 13.31 മീറ്റര്‍ ചാടിയാണ് ഷീന സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക് 13.90 മീറ്ററായിരുന്നു. മിന്നുന്ന ഫോമിലുള്ള തേജസ്വിൻ 2.28 മീറ്റർ ചാടിയാണ് സ്വന്തം റെക്കോഡ് തിരുത്തി ആസ്ട്രേലിയൻ ടിക്കറ്റുറപ്പിച്ചത്.