കോമൺവെൽത്ത് ഗെയിംസ് 31 അംഗ ഇന്ത്യൻ ടീമിൽ 13 മലയാളികൾ
text_fieldsന്യൂഡൽഹി: മലയാള കരുത്തുമായി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ പ്രഖ്യാപിച്ചു. 18 പുരുഷ താരങ്ങളും 13 വനിതകളും ഉൾപ്പെടെ 31 അംഗ ടീമിനെയാണ് ഇന്ത്യ ഗോൾഡ്കോസ്റ്റിലെ ട്രാക്കും ഫീൽഡും പൊന്നാക്കിമാറ്റാൻ അയക്കുന്നത്. എട്ടു പുരുഷന്മാരും മൂന്നു വനിതകളുമാണ് ടീമിലെ മലയാളികൾ. കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടിയവർക്ക് പുറമെ യോഗ്യത മാർക്കിനരികിലെത്തിയവരെ ബോണസ് പോയൻറ് നൽകിയും ടീമിലെടുത്തു.
ലോങ്ജംപിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച എം. ശ്രീശങ്കർ, ജിൻസൺ ജോൺസൺ (1500), രാകേഷ് ബാബു (ട്രിപ്ൾജംപ്) എന്നിവരാണ് വ്യക്തിഗത വിഭാഗങ്ങളിൽ ഇടം നേടിയ മലയാളികൾ. കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം) നേരത്തേ യോഗ്യത നേടിയിരുന്നു. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ജിതു ബേബി (4x400 മീ.) എന്നിവർ റിലേയിൽ മത്സരിക്കും.
വനിത വിഭാഗം ലോങ് ജംപിൽ നയന ജെയിംസും നടത്തത്തിൽ സൗമ്യ ബി.യും നേരത്തേ യോഗ്യത നേടി. നീന പിേൻറാ ബോണസ് പോയൻറുമായി ടീമിൽ ഇടം പിടിച്ചു. അതേസമയം, പി.യു. ചിത്രയെ ടീമിൽ ഉൾപ്പെടുത്തിയില്ല.
മറ്റു ടീം അംഗങ്ങൾ: ധരുൺ അയ്യസാമി (400 മീ. ഹർഡ്ൽ, റിലേ), തേജസ്വിൻ ശങ്കർ, സിദ്ധാർഥ് യാദവ് (ഹൈജംപ്), അർപിന്ദർ സിങ് (ട്രിപ്ൾജംപ്), തജീന്ദർപാൽ സിങ് (ഷോട്ട്പുട്ട്), നീരജ് ചോപ്ര, വിപിൻ കസാന (ജാലിൻ), മനിഷ് സിങ് (20 കി.മീ. നടത്തം), ജീവൻ, അരോക്യ രാജിവ് (റിലേ).
വനിതകൾ: ഹിമദാസ് (200, 400, റിലേ), എൽ. സൂര്യ (10 കി.മീ.), സീമ പൂനിയ, പൂർണിമ (ഡിസ്കസ്), കുശ്ബിർ (നടത്തം), സോണിയ, സരിതബെൻ, ജുവാന മുർമു (റിലേ).