കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം
text_fieldsഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായിരുന്ന രാജ്യങ്ങളുടെ കായിക മാമാങ്കമായ കോമൺവെൽത്ത് ഗെയിംസിെൻറ 21ാമത് പതിപ്പിന് ബുധനാഴ്ച ആസ്ട്രേലിയയിലെ ഗോൾഡ് കോസ് റ്റിൽ തുടക്കമാവും. ഗോൾഡ് കോസ്റ്റ് മുഖ്യകേന്ദ്രമായി ബ്രിസ്ബേൻ, ടൗൺസ്വില്ലെ, കെയിൻസ് എന്നിവിടങ്ങളിലായി 18 ഇനങ്ങളിൽ നടക്കുന്ന ഗെയിംസിൽ 71 രാജ്യങ്ങളിൽനിന്നായി 6600 അത്ലറ്റുകൾ മാറ്റുരക്കും. ബുധനാഴ്ച ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. വ്യാഴാഴ്ച മുതലാണ് മത്സരങ്ങൾ. 11 ദിവസം നീളുന്ന മേളക്ക് ഇൗമാസം 15ന് കൊടിയിറങ്ങും. മികച്ച സൗകര്യങ്ങളുമായി കോമൺവെൽത്ത് ഗെയിംസ് വില്ലേജ് ഒരുക്കിയിട്ടുണ്ട്.
മുഴുവൻ അത്ലറ്റുകൾക്കും ഒഫീഷ്യലുകൾക്കുമുള്ള താമസസൗകര്യം ഇവിടെയുണ്ട്.
രാജ്യത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ ജീവിയായ കോലയാണ് ബോർബോയ് എന്ന പേരിൽ ഗെയിംസിെൻറ ഭാഗ്യചിഹ്നം. ജമൈക്കൻ സ്പ്രിൻറർ യൊഹാൻ ബ്ലേക്ക്, ആസ്ട്രേലിയൻ ഹർഡ്ലർ സാലി പിയേഴ്സൺ, ബ്രിട്ടീഷ് ഡൈവർ ടോം ഡാലി, ദക്ഷിണാഫ്രിക്കൻ അത്ലറ്റ് കാസ്റ്റർ സെമന്യ, ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം എം.സി. മേരികോം തുടങ്ങിയവരാണ് ഗെയിംസിനെത്തുന്ന സൂപ്പർ താരങ്ങൾ.
കരുത്തോടെ ഇന്ത്യ
കഴിഞ്ഞതവണ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലുകളായിരുന്നു ഇന്ത്യക്ക്. ഇംഗ്ലണ്ട് (58 സ്വർണം), ആസ്ട്രേലിയ (49), കാനഡ (32), സ്കോട്ട്ലൻഡ് (19) എന്നിവക്കു പിറകിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. അതേസമയം, 2010ൽ ന്യൂഡൽഹി ആതിഥ്യം വഹിച്ച ഗെയിംസിൽ ആസ്ട്രേലിയക്കു (74) പിറകിൽ 38 സ്വർണവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയെക്കാൾ (101) കൂടുതൽ മെഡലുകൾ ഇംഗ്ലണ്ടിന് (142) ഉണ്ടായിരുന്നെങ്കിലും സ്വർണനേട്ടത്തിൽ മുൻതൂക്കമുണ്ടായിരുന്ന ഇന്ത്യ (ഇംഗ്ലണ്ടിന് 37 സ്വർണം) രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
ഇത്തവണ 218 അംഗ സംഘവുമായാണ് ഇന്ത്യ ആസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. ബോക്സിങ്, ബാഡ്മിൻറൺ, ഗുസ്തി എന്നിവയിലാണ് ഇന്ത്യയുടെ പ്രധാന സുവർണ പ്രതീക്ഷകൾ. ഹോക്കി, ജിംനാസ്റ്റിക്സ്, ടേബ്ൾ ടെന്നിസ് എന്നിവയിലും മെഡൽസാധ്യതയുണ്ട്. അത്ലറ്റിക്സിലും ചില ഇനങ്ങളിൽ മെഡൽ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യൻ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
