മുറിയിൽ സൂചി, ബാഗിൽ സിറിഞ്ച്; ഇർഫാനെയും രാകേഷിനെയും പുറത്താക്കി
text_fieldsഗോൾഡ്കോസ്റ്റ്: താമസസ്ഥലത്തുനിന്ന് സൂചിയും ബാഗിൽ സിറിഞ്ചും കണ്ടെത്തിയതിനെ തുടർന്ന് മലയാളി അത്ലറ്റുകളെ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പുറത്താക്കി. 20 കി.മീ നടത്തത്തിൽ 13ാമതെത്തിയ കെ.ടി. ഇർഫാൻ, ട്രിപ്ൾജംപ് ഫൈനലിന് യോഗ്യത നേടിയ വി. രാകേഷ് ബാബു എന്നിവർക്കെതിരെയാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷെൻറ നടപടി. ഫെഡറേഷെൻറ ‘നോ നീഡ്ൽ പോളിസി’ ലംഘിച്ച ഇരുതാരങ്ങളുടെയും അക്രഡിറ്റേഷൻ റദ്ദാക്കി ഗെയിംസ് വില്ലേജിൽനിന്ന് പുറത്താക്കി.
ശനിയാഴ്ച ട്രിപ്ൾ ജംപ് ഫൈനലിൽ മത്സരിക്കാനിരുന്ന രാകേഷ് ബാബുവിെൻറ എൻട്രിയും റദ്ദാക്കി. ഇരുവരെയും ആദ്യ വിമാനത്തിൽതന്നെ കയറ്റിവിടാൻ ഗെയിംസ് ഫെഡറേഷൻ പ്രസിഡൻറ് ലൂയിസ് മാർടിൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ഇന്ത്യൻ കോമൺവെൽത്ത് അസോസിയേഷനോട് ആവശ്യപ്പെട്ടു. ഇരുവരും മരുന്നടിച്ചിട്ടില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നടപടിയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറും ഒളിമ്പിക് അസോസിയേഷനും രംഗത്തെത്തി. ഗെയിംസ് വില്ലേജിന് പുറത്തായ താരങ്ങൾ സ്വകാര്യ കേന്ദ്രത്തിലാണുള്ളത്. മലപ്പുറം കിഴുപറമ്പ് സ്വദേശിയായ ഇർഫാൻ 20 കി.മീ നടത്തത്തിൽ ദേശീയ റെക്കോഡിനുടമയാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായി ഫിനിഷ് ചെയ്തിരുന്നു. ട്രിപ്ൾ ജംപ് താരമായ രാകേഷ് കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയാണ്.
അപ്പീൽ നൽകും -െഎ.ഒ.എ
ഗെയിംസ് ഫെഡറേഷെൻറ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ടീം ജനറൽ മാനേജർ നംദേവ് ശിർഗാവോങ്കർ അറിയിച്ചു. ‘ഫെഡറേഷൻ നടപടി സംശയകരമാണ്. ആരോപണം എങ്ങനെ സ്ഥിരീകരിക്കപ്പെെട്ടന്ന് വ്യക്തമാവുന്നില്ല. രാകേഷ് ബാബുവിെൻറ ബാഗിൽ സിറിഞ്ച് കണ്ടെത്തിയതിന് ഇർഫാനെ വിലക്കിയതിെൻറ യുക്തിയെന്താണ്’ -ഇന്ത്യൻ അത്ലറ്റിക്സ് ടീം മാനേജ്ർ രവീന്ദർ ചൗധരി ചോദിക്കുന്നു.
മൂന്നംഗ സംഘം അന്വേഷിക്കും
രണ്ട് അത്ലറ്റുകളെ പുറത്താക്കിയ സംഭവം അന്വേഷിക്കാനായി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ മൂന്നംഗ സമിതിയെ നിയമിച്ചു. മുൻ സായ് സെക്രട്ടറി കെ.ബി. സിൻഹയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഒരു സ്പോർട്സ് ഡോക്ടർ, ഒരു മുൻ അത്ലറ്റ് എന്നിവരെ ഉൾപ്പെടുത്തുമെന്ന് എ.എഫ്.െഎ പ്രസിഡൻറ് അദിലെ ജെ സുമരിവാല അറിയിച്ചു. ‘ഇത് ഉത്തേജക കേസല്ല. എന്നാൽ, അതുമായി ബന്ധപ്പെട്ടത് എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഇന്ത്യൻ അത്ലറ്റുകൾ ക്ലീൻ ആയിരിക്കണം. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.
മരുന്നില്ല, അച്ചടക്ക ലംഘനമാണ് പ്രശ്നം
ഉത്തേജ പരിശോധനയിൽ ഇരുവരും മരുന്നടിച്ചിട്ടില്ലെന്ന് വ്യക്തമാണ്. എന്നാൽ, ഗെയിംസിെൻറ ‘നോ നീഡ്ൽ പോളിസി’ ലംഘിച്ച് സിറിഞ്ചും സൂചിയും കൈവശംവെച്ചതാണ് താരങ്ങൾക്ക് തിരിച്ചടിയായത്. മുൻ സംഭവത്തിൽ ഇന്ത്യൻ ടീമിന് നൽകിയ മുന്നറിയിപ്പ് ലംഘിച്ചത് നടപടി കർശനമാവാൻ കാരണമായി.
ഗോൾഡ്കോസ്റ്റിൽ സംഭവിച്ചത്?
ഉത്തേജക മരുന്ന് ഉപയോഗം തടയാൻ കർശന നിയന്ത്രണങ്ങളാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ഏർപ്പെടുത്തിയത്. മരുന്നിെൻറ നേരിയ സാധ്യതപോലും തടയുന്നതിന് ആസ്ട്രേലിയൻ ആൻറി ഡോപിങ് ഏജൻസി ജാഗരൂകരായി രംഗത്തുണ്ട്. ഇതിെൻറ ഭാഗമാണ് ‘നോ നീഡ്ൽ പോളിസി’.
അത്ലറ്റുകളുടെ താമസസ്ഥലത്തോ മറ്റോ സിറിഞ്ച്, സൂചി, മരുന്ന് തുടങ്ങിയ സംശയകരമായതൊന്നും ഉണ്ടാവരുതെന്നാണ് നിർദേശം. ഗെയിംസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്യാമ്പിലും ഏതാനും ദിവസം മുമ്പ് ഇന്ത്യൻ ബോക്സിങ് ടീമിെൻറ മുറിക്ക് പുറത്തും സിറിഞ്ച് കണ്ടെത്തിയതോടെ ആസ്ട്രേലിയൻ ആൻറി ഡോപിങ് ഏജൻസി നിരീക്ഷണം സജീവമാക്കി.
ഇതിനിടെയാണ് ക്ലീനിങ് സ്റ്റാഫ് ഇർഫാനും രാകേഷിനും അനുവദിച്ച മുറിയിൽനിന്ന് ഏപ്രിൽ ഒമ്പതിന് ഉപയോഗിച്ച സൂചി കണ്ടെത്തുന്നത്. മുറിയിലെ ടേബ്ളിൽ പ്ലാസ്റ്റിക് കപ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഇത്. തുടർന്ന് ആൻറി ഡോപിങ് സ്ക്വാഡിെൻറ മിന്നൽ പരിശോധനയിൽ രാകേഷിെൻറ ബാഗിൽനിന്ന് സിറിഞ്ചും കണ്ടെത്തി. അടുത്തദിവസം ഗെയിംസ് ഫെഡറേഷൻ കോടതി അത്ലറ്റുകളുടെ വിശദീകരണം തേടി. ഇരുവരും നിഷേധിച്ചെങ്കിലും നടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
