ബോബി അലോഷ്യസിന് ധ്യാൻചന്ദ് പുരസ്കാരം
text_fieldsന്യൂഡൽഹി: മുദ്ഗൽ കമ്മിറ്റി സമർപ്പിച്ച അർജുന-ഖേൽരത്ന അവാർഡ് പട്ടികക്ക് കേന്ദ്ര കായിക മന്ത്രാലയത്തിെൻറ അനുമതി. ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര പട്ടികക്കും മന്ത്രാലയം അംഗീകാരം നൽകി. മലയാളി ഹൈജംപ് താരം ബോബി അലോഷ്യസ് ഉൾപ്പെടെ നാലു പേരെയാണ് ആജീവനാന്ത സംഭാവനകൾക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മലയാളി അത്ലറ്റ് ജിൻസൺ ജോൺസൺ ഉൾപ്പെടെ 20 പേർക്ക് അർജുനയും ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി, വെയ്റ്റ് ലിഫ്റ്റർ മിരാഭായ് ചാനു എന്നിവർക്ക് രാജീവ് ഗാന്ധി ഖേൽരത്നയും തിങ്കളാഴ്ച ചേർന്ന അവാർഡ് നിർണയ സമിതിയാണ് ശിപാർശ ചെയ്തത്. പുരസ്കാരങ്ങൾ സെപ്റ്റംബർ 25ന് രാഷ്ട്രപതി സമ്മാനിക്കും. ധ്യാൻചന്ദ് പുരസ്കാരം: സത്യദേവ് പ്രസാദ് (ആർച്ചറി), ഭരത് കുമാർ ഛേത്രി (ഹോക്കി), ബോബി അലോഷ്യസ് (അത്ലറ്റിക്സ്), ചൗഗലെ ദാദു ദത്താത്രേയ (ഗുസ്തി).
പുരസ്കാര ലബ്ധിയിൽ സന്തോഷം -ബോബി അലോഷ്യസ്
തിരുവനന്തപുരം: പതിനെട്ട് വർഷം മുമ്പ് വഴുതിപ്പോയ അർജുന അവാർഡിന് പകരമാകില്ലെങ്കിലും ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതിെൻറ സന്തോഷത്തിലാണ് ബോബി അലോഷ്യസ്. 2000ത്തിൽ ഏഷ്യൻ ചാമ്പ്യനായപ്പോൾ പകരം നിൽക്കാൻ മറ്റാരുമില്ലാതിരുെന്നങ്കിലും അർജുന അവാർഡിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടുവെന്നത് വസ്തുത. പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറിയതും അവർക്ക് തടസ്സമായി.
പക്ഷേ, പിന്നീടും ബോബിക്ക് ആ പുരസ്കാരം നൽകാമായിരുന്നെങ്കിലും ലഭിച്ചില്ലെന്ന് മാത്രം. ഒടുവിൽ അത്ലറ്റിക് ഫെഡറേഷൻ അർഹതയുടെ അംഗീകാരമായി മുൻ ഹൈജംപ് താരത്തിന് ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിക്കുകയാണ്. ഇക്കുറി അത്ലറ്റിക്സ് ഫെഡറേഷൻ ഇങ്ങോട്ട് വിളിച്ചാണ് ബോബിയുടെ പേര് ശിപാർശ ചെയ്തതെന്നതും ശ്രദ്ധേയം.
ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബോബി അലോഷ്യസ് പ്രതികരിച്ചു. പലകാരണങ്ങൾ കൊണ്ടാണ് തനിക്ക് അർജുന നഷ്ടപ്പെട്ടത്. ആ പുരസ്കാരത്തിന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ അതിന് തുല്യമായ ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥയാണ് ബോബി അലോഷ്യസ്. ദേശീയതലത്തിൽ നിരവധി റെക്കോഡുകൾക്ക് ഉടമയാണ്. 2004ലെ ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളിയും ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി. മാധ്യമ പ്രവർത്തകനായ ഷാജൻ സ്കറിയയാണ് ഭർത്താവ്. സ്റ്റെഫാൻ, ഗംഗോത്രി, റിത്വിക് എന്നിവർ മക്കൾ.