സീനിയര്‍ സ്കൂള്‍ മീറ്റ്: ബബിതക്ക് ഇരട്ട സ്വര്‍ണം; കേരളത്തിന് മെഡല്‍കൊയ്ത്ത്
text_fieldsപുണെ: മത്സരങ്ങളുടെ സമയക്രമം തീര്‍ത്ത കടമ്പകളില്‍ തട്ടിവീഴാതെ ദേശീയ സ്കൂള്‍ (സീനിയര്‍ വിഭാഗം) കായിക മേളയിലെ മെഡല്‍ വേട്ടയില്‍ മൂന്നാം ദിവസവും കേരളം കുതിപ്പില്‍. നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും ഒരു ദേശീയ റെക്കോഡും നേടിയെടുത്ത കേരളം ഒന്നാം സ്ഥാനത്തു തലയെടുപ്പോടെ തുടരുന്നു. 1500ലും 3000ലും ഒന്നാമതത്തെി ഇരട്ട സ്വര്‍ണം നേടി കല്ലടി എച്ച്.എസ്.എസിലെ സി. ബബിത മൂന്നാം ദിനത്തിലെ താരമായി. ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡോടെ സെന്‍റ് ജോര്‍ജിലെ എസ്. അശ്വിന്‍ സ്വര്‍ണമണിഞ്ഞു.
പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടി എച്ച്.എസ്.എസിലെ അര്‍ഷ ബാബുവാണ് സ്വര്‍ണം നേടിയ മറ്റൊരാള്‍. തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുന്ദരേശന്‍ (1500), പുല്ളേപ്പടി ദാറുല്‍ ഉലൂമിലെ ടി.വി. അഖില്‍ (ലോങ് ജംപ് ), കല്ലടി എച്ച്.എസ്.എസിലെ കെ.ജി ജസന്‍ (പോള്‍വാള്‍ട്ട് ), മുണ്ടൂര്‍ എച്ച്.എസ്.എസിലെ വൈദേഹി. എസ് (5 കി.മി നടത്തം ), മാര്‍ബേസിലിലെ ദിവ്യ മോഹന്‍ (പോള്‍വാള്‍ട്ട്) എന്നിവരാണ് വെള്ളി നേട്ടക്കാര്‍. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4X400 റിലെയില്‍ വെള്ളിയാണ് കേരളത്തിന് ലഭിച്ചത്. പറളി എച്ച്.എസ്.എസിലെ ടി.പി. അമല്‍ (ലോങ്ജംപ്), കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ യു. ശ്രീലക്ഷ്മി (ഹാമര്‍ ത്രോ) എന്നിവരാണ് വെങ്കല നേട്ടക്കാര്‍.
മൂന്നാം ദിനം പിന്നിടുമ്പോള്‍ ഏഴ് സ്വര്‍ണവും 11വെള്ളിയും മൂന്ന് വെങ്കലവും നല്‍കിയ 77 പോയന്‍റുമായി കേരളം ബഹുദൂരം മുന്നിലാണ്. 36 പോയന്‍റുള്ള തമിഴ്നാട് രണ്ടാം സ്ഥാനത്തും 33 പോയന്‍റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്. അവസാന ദിവസമായ ശനിയാഴ്ച 12 ഫൈനലുകളുണ്ട്.
ദേശീയ സ്കൂള്‍ കായികമേളയിലെ കന്നിയങ്കത്തില്‍തന്നെ റെക്കോഡോടെ സ്വര്‍ണം നേടിയ എസ്. അശ്വിനായിരുന്നു വെള്ളിയാഴ്ചത്തെ താരം. സ്കൂള്‍ കായിക മേളയിലെ അവസാന മത്സരമാണ് ഈ പ്ളസ് ടു വിദ്യാര്‍ഥിക്ക്. 2013 ല്‍ റാഞ്ചിയില്‍ കേരളത്തിന്‍െറ തന്നെ വിഷ്ണു ഉണ്ണി കുറിച്ച 4.60 മീറ്റര്‍ ഉയരത്തെ 4.61 മീറ്റര്‍ ചാടിയാണ് അശ്വിന്‍ തിരുത്തിയത്. ചേര്‍ത്തല, തുറവൂര്‍ നികര്‍ത്തില്‍ സുരേഷ്കുമാര്‍-സുനിത ദമ്പതികളുടെ മകനാണ് അശ്വിന്‍.
കണ്ണീരുവീണ ഇരട്ട സ്വര്‍ണം
മേളയിലെ വീര്‍പ്പുമുട്ടിക്കുന്ന സമയക്രമത്തിന്‍െറ ഇരകളിലൊന്നായിരുന്നു സി. ബബിത. 1500, 3000 മീറ്റര്‍ ഫൈനലുകളും 800 മീറ്ററിലെ ഹീറ്റ്സും ഒറ്റ ദിവസം. എന്നിട്ടും രാവിലെ 1500ല്‍ 4:32 സെക്കന്‍ഡില്‍ കുതിച്ചത്തെി സ്വര്‍ണം നേടി. അവശതയുടെ നിമിഷങ്ങളായിരുന്നു പിന്നെ. ഛര്‍ദിയും അസ്വസ്ഥതയും. എന്നാല്‍, വൈകീട്ട് 3000 മീറ്റര്‍ ഓട്ടത്തിന് ട്രാക്കിലത്തെിയ ബബിത 9:59.84 മിനിറ്റില്‍ ഫിനിഷിങ് പോയന്‍റില്‍ കുതിച്ചത്തെി തന്‍െറ രണ്ടാം സ്വര്‍ണത്തില്‍ തൊട്ടു. തൊട്ടു പിന്നാലെ 800ലെ ഹീറ്റ്സ്. അഞ്ച് മിനിറ്റുപോലും വിശ്രമത്തിന് അവസരം ലഭിച്ചില്ല. നേരെ ട്രാക്കിലേക്ക്.
ഫൈനലില്‍ ഇടം നഷ്ടമായി ഒമ്പതാം സ്ഥാനത്ത് എത്താനെ ബബിതക്ക് കഴിഞ്ഞുള്ളൂ. ഇടവേളകളില്ലാതെ കടുത്ത സമയക്രമം ചൂണ്ടിക്കാട്ടി 800ന്‍െറ സെമി ഫൈനല്‍ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 5.15ന് നടക്കേണ്ടിയിരുന്ന ഹീറ്റ്സ് അരമണിക്കൂര്‍ നീട്ടിക്കൊടുക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. അതാകട്ടെ, 3000ന് തൊട്ടു പിറകെ. 800 കൈവിട്ട കണ്ണീരിലും ഇരട്ട സ്വര്‍ണവുമായാണ് പ്ളസ് ടു വിദ്യാര്‍ഥിയായ ബബിത ദേശീയ സ്കൂള്‍ കായിക മേളയോട് വിടപറയുന്നത്. ഒറ്റപ്പാലം വാണിയങ്കുളം ചുക്കമ്മാര്‍തൊടി ബാലകൃഷ്ണന്‍-കമല ദമ്പതികളുടെ മകളാണ് ബബിത.
അഞ്ച് റെക്കോഡുകള്‍
ആണ്‍കുട്ടികളുടെ അഞ്ചു കി. മീറ്റര്‍ നടത്തത്തില്‍ ഉത്തര്‍പ്രദേശുകാരന്‍ സത്യനാരായണ്‍, ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ പഞ്ചാബുകാരന്‍ ദംനീത് സിങ് , പെണ്‍കുട്ടികളുടെ റിലേയില്‍ തമിഴ്നാട് 3:50.05 സമയം (2015ല്‍ കേരളം 3:51.240) കുറിച്ചതുമാണ് മറ്റ് ദേശീയ റെക്കോഡുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
