ഇക്കരെ ‘പച്ച’യില്ലെന്ന്; മലയാളി താരങ്ങള്‍ നാടുവിടുന്നു

23:14 PM
11/01/2017
കോയമ്പത്തൂര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റില്‍ ഇത്തവണ കര്‍ണാടകയിലെ മാംഗ്ളൂര്‍ യൂനിവേഴ്സിറ്റിയുടെ കരുത്ത് മുഴുവന്‍ മലയാളി താരങ്ങളാണ്. കേരളത്തിലേക്ക് വരേണ്ട പല മെഡലുകളും അയല്‍ സംസ്ഥാനത്തേക്ക് പോവുന്നതിന് ഉത്തരവാദി ആരെന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്‍െറ മണ്ണില്‍ പരിശീലിക്കുകയും ഇതര സംസ്ഥാന സര്‍വകലാശാലകളുടെ ജഴ്സിയില്‍ മത്സരിച്ച് അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നവരെന്ന പഴി ഇവര്‍ ദിവസവും കേള്‍ക്കുന്നുണ്ട്. എന്നാല്‍, നിവൃത്തികേടുകൊണ്ടാണ് ഇവിടം വിട്ടുപോവേണ്ടി വന്നതെന്ന പക്ഷക്കാരാണ് അത്ലറ്റുകള്‍. 

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിന്‍െറ പരിശീലന സൗകര്യങ്ങള്‍ ഉപയോഗിച്ച് മികവിന്‍െറ പടികയറിയ പലരും ഇക്കുറി മംഗലാപുരം ആല്‍വാസ് കോളജിന്‍െറ ലേബലില്‍ മാംഗ്ളൂര്‍ യൂനിവേഴ്സിറ്റി താരങ്ങളായി എത്തിയിട്ടുണ്ട്. ഉറച്ച സ്വര്‍ണപ്രതീക്ഷകളായ ദേശീയ ഗെയിംസ് മെഡല്‍ ജേതാവ് എന്‍.വി. ഷീന (ട്രിപ്ള്‍ ജംപ്, ലോങ് ജംപ്), അനു രാഘവന്‍ (400 മീ., 400 ഹര്‍ഡ്ല്‍സ്), ശ്രീനിത്് മോഹന്‍ (ഹൈജംപ്), ശില്‍പ ചാക്കോ (ട്രിപ്ള്‍ ജംപ്), പ്രവീണ്‍ ജയിംസ് (110 മീ. ഹര്‍ഡ്ല്‍സ്), സിറാജുദ്ദീന്‍ (ലോങ്ജംപ്), ശ്രീജിത്ത് മോന്‍ (ട്രിപ്ള്‍ ജംപ്), വി.പി. ആല്‍ഫിന്‍ (ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ), സഫീദ (1500, സ്റ്റീപ്ള്‍ ചേസ്) എന്നിവര്‍ 'മംഗലാപുരത്തു'കാരായി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും സായിയുടെയും സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പരിശീലിച്ചിരുന്നത്. ഇനിയും താരങ്ങള്‍ ആല്‍വാസിലേക്ക് പോവുന്ന മട്ടിലാണ് കാര്യങ്ങള്‍.

എലൈറ്റ് സ്കീം പദ്ധതിയും സായിയുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും താരങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ആല്‍വാസ് കോളജ് പ്രതിമാസം 10,000 മുതല്‍ 50,000 രൂപവരെ താരമൂല്യമനുസരിച്ച് ഇവര്‍ക്ക് നല്‍കുന്നുണ്ട്. കൗണ്‍സിലിന്‍െറ എലൈറ്റ് സ്കീമിലുള്ളവര്‍ക്കാവട്ടെ പ്രതിദിനം 400 രൂപയുടെ ഭക്ഷണവും, 20,000 രൂപയുടെ കിറ്റും സൗജന്യതാമസവും. സംസ്ഥാനത്തിന്‍െറ പരിശീലന സൗകര്യങ്ങളും ഉപയോഗിച്ച് താരമായ ശേഷം നാടുവിടുകയും പിന്നീട് ജോലിക്കും അവാര്‍ഡുകള്‍ക്കുമായി കേരള സര്‍ക്കാറിനോട് വിലപേശുകയുമാണ് പലരുമെന്ന് കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാല പരിശീലകര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, എലൈറ്റ് സ്കീം, സെന്‍റര്‍ ഓഫ് എക്സലന്‍സ് എന്നൊക്കെ പറയുകയല്ലാതെ മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് താരങ്ങള്‍ തിരിച്ച് ചോദിക്കുന്നുണ്ട്. അവഗണനയില്‍ മനംമടുത്താണ് കേരളം വിട്ടത്. എലൈറ്റ് സ്കീമില്‍ 450 രൂപയുടെ പ്രതിദിന മെനു പറയുന്നു. എന്നാല്‍ 250 രൂപയുടെ ഭക്ഷണം പോലും ലഭിക്കുന്നില്ല. 20,000 രൂപയുടേതെന്നു പറഞ്ഞ് ലഭിച്ച കിറ്റില്‍ 10,000 രൂപയുടെ വസ്തുക്കള്‍ പോലുമില്ല. ഒരു വര്‍ഷം രണ്ടു താരങ്ങള്‍ക്ക് വിദേശ പരിശീലനമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. യാത്രാ ആനുകൂല്യവും കുടിശ്ശികയാണ്. മാസം 1000 രൂപ പോക്കറ്റ് മണിയെന്ന വാഗ്ദാനവും എന്തായെന്നാണ് താരങ്ങളുടെ ചോദ്യം.
COMMENTS