Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകേരളത്തിന് രണ്ടുവീതം...

കേരളത്തിന് രണ്ടുവീതം സ്വര്‍ണവും വെള്ളിയും; ഹൈജംപില്‍ സീനിയര്‍ റെക്കോഡ് മറികടന്ന് തേജശ്വിന്‍

text_fields
bookmark_border
കേരളത്തിന് രണ്ടുവീതം സ്വര്‍ണവും വെള്ളിയും; ഹൈജംപില്‍ സീനിയര്‍ റെക്കോഡ് മറികടന്ന് തേജശ്വിന്‍
cancel
കോയമ്പത്തൂര്‍: ആറ് റെക്കോഡുകള്‍ പിറന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ ആദ്യദിനം വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ളെങ്കിലും കേരളം നിരാശപ്പെടുത്തിയില്ല. 19 ഫൈനല്‍ കഴിഞ്ഞപ്പോള്‍ രണ്ടുവീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമായി ഹരിയാനക്കും ഉത്തര്‍പ്രദേശിനും പിറകില്‍ 45 പോയന്‍േറാടെ മൂന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാര്‍. ആറ് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 77 പോയന്‍റാണ് ഹരിയാനയുടെ സമ്പാദ്യം. മൂന്ന് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമുള്ള യു.പി (48) കേരളത്തിന്‍െറ തൊട്ടുമുന്നിലാണ്. ഹൈജംപിലെ സീനിയര്‍ റെക്കോഡും മറികടന്ന ഡല്‍ഹിയുടെ അണ്ടര്‍ 18 താരം തേജശ്വിന്‍ ശങ്കറിന്‍െറ പ്രകടനമാണ് ഉദ്ഘാടന ദിവസത്തെ ഹൈലൈറ്റ്. മലയാളി താരങ്ങള്‍ക്കാര്‍ക്കും റെക്കോഡ് പുസ്തകത്തില്‍ പേര് ചേര്‍ക്കാനായില്ല. ആദ്യ ദിനം അഞ്ച് ദേശീയ റെക്കോഡും മൂന്ന് മീറ്റ് റെക്കോഡും പിറന്നു. അണ്ടര്‍ 18 ഗേള്‍സ് ഹൈജംപില്‍ ഗായത്രി ശിവകുമാറും അണ്ടര്‍ 16 ഗേള്‍സ് ലോങ്ജംപില്‍ ആന്‍സി സോജനുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 17 ഫൈനല്‍ നടക്കും. 
 
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ അണ്ടര്‍ 18 ബോയ്സ് ഹൈജംപില്‍ ഡല്‍ഹിയുടെ തേജശ്വിന്‍ ശങ്കറിന്‍െറ പ്രകടനത്തില്‍നിന്ന്. സീനിയര്‍ വിഭാഗത്തിലും പുതിയ ഉയരം കുറിച്ചാണ് തേജശ്വിന്‍ മടങ്ങിയത്. -
 

ജൂനിയറിലെ സീനിയര്‍
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തേജശ്വിന്‍ പിന്തള്ളിയത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെയാണ്. 2004ല്‍ സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ ഓള്‍സ്റ്റാര്‍ അത്ലറ്റിക് മീറ്റില്‍ പശ്ചിമ ബംഗാളിന്‍െറ ഹരിശങ്കര്‍ റായ് 2.25 മീറ്റര്‍ ചാടിയതാണ് സീനിയര്‍ വിഭാഗത്തില്‍  റെക്കോഡ്. ജൂനിയറില്‍ മീറ്റ് റെക്കോഡും ദേശീയ റെക്കോഡും ഭേദിച്ച് പിന്നെയും മുന്നേറിയ തേജശ്വിന്‍ 2.26 മീറ്റര്‍ ഉയരവുമായി മടങ്ങുമ്പോള്‍ മറ്റൊരുതാരം പിറവിയെടുക്കുകയായിരുന്നു.
കേരളത്തിന്‍െറ സ്വര്‍ണപ്രതീക്ഷയായിരുന്ന കെ.എസ്. അനന്തു കാര്യമായ വെല്ലുവിളിയൊന്നും തേജശ്വിന് സൃഷ്ടിച്ചില്ല. 2.04 മീറ്ററില്‍ വെള്ളികൊണ്ട് അനന്തു തൃപ്തിപ്പെട്ടു. 2011ല്‍ കര്‍ണാടകയുടെ എസ്. ഹര്‍ഷിത് കുറിച്ച 2.17 എന്ന മീറ്റ് റെക്കോഡും ദേശീയ റെക്കോഡും ഒറ്റ ശ്രമത്തിലൂടെ മറികടന്ന തേജശ്വിന് നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല. ഉയരം 2.21 ആക്കി വര്‍ധിപ്പിച്ചപ്പോഴും തുടര്‍ന്ന് 2.24ലത്തെിയപ്പോഴും തഥൈവ. സീനിയര്‍ റെക്കോഡുകാരനെ രണ്ടാം ശ്രമത്തില്‍ പിന്തള്ളി. 

ഈ സീസണില്‍ ലോകത്തെ മികച്ച രണ്ടാമത്തെ പ്രകടനമാണ് തന്‍േറതെന്ന് തേജശ്വിന്‍ പറയുന്നു. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി. ഇക്കൊല്ലം ആദ്യം കോഴിക്കോട്ട് നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ അണ്ടര്‍ 20യില്‍ റെക്കോഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. അന്ന് 2.15 മീറ്ററായിരുന്നു ഉയരം. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നതിനാല്‍ ലോക സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായില്ല. ലോദി റോഡ് സര്‍ദാല്‍ പട്ടേല്‍ വിദ്യാലയത്തിലെ 12ാം ക്ളാസ് വിദ്യാര്‍ഥിയായ തേജശ്വിന് സ്കൂളില്‍ പക്ഷേ, മതിയായ പരിശീലന സൗകര്യമില്ല. ബംഗളൂരുവിലെ ജെ.എസ്.ഡബ്ള്യൂ സ്പോര്‍ട്സ് അക്കാദമി കഴിഞ്ഞ ഏപ്രിലില്‍ താരത്തെ അമേരിക്കയില്‍ പരിശീലനത്തിനയച്ചിരുന്നു. അവിടെ ഒളിമ്പ്യന്‍ ജാമി നിയറ്റോക്ക് കീഴില്‍ രണ്ടുമാസം. തമിഴ്നാട് മധുര സ്വദേശിയാണെങ്കിലും കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ്. അച്ഛന്‍ ഹരിശങ്കര്‍ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. അമ്മ ലക്ഷ്മി സുപ്രീംകോടതി അഭിഭാഷകയാണ്. 

ഗായത്രി, അമ്മയുടെ മകള്‍
ആദ്യ ഇനമായ അണ്ടര്‍ 20 ഗേള്‍സ് 5000 മീറ്റര്‍ ഓട്ടത്തിലൂടെ ഉത്തര്‍പ്രദേശുകാരി സുധാപാലാണ് സ്വര്‍ണവേട്ടക്ക് തുടക്കമിട്ടത്. അധികം താമസിയാതെ കേരളത്തെത്തേടി സന്തോഷവാര്‍ത്ത ജംപിങ്പിറ്റില്‍ നിന്നത്തെി.അണ്ടര്‍ 18 ഗേള്‍സ് ഹൈജംപില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഗായത്രി ശിവകുമാര്‍ സ്വര്‍ണം നേടി. ഹരിയാനയുടെ റുബീന യാദവുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഗായത്രി സ്വന്തം ഉയരം മെച്ചപ്പെടുത്തിയത്. 1.67 മീറ്റര്‍ ചാടിയ താരത്തിന് പക്ഷേ ദേശീയ, മീറ്റ് റെക്കോഡുകള്‍ക്ക് (1.69) വേണ്ടിയുള്ള ശ്രമത്തില്‍ കാലിടറി. കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ വെള്ളിയായിരുന്നു. രവിപുരം ‘കൗസ്തുഭ’ത്തില്‍ ശിവകുമാറിന്‍െറയും ഹൈജംപ് മുന്‍ ദേശീയ മെഡല്‍ ജേതാവ് ഷീബയുടെയും മകളാണ് ഗായത്രി. 

മെഡലിലേക്ക് ഇരട്ടച്ചാട്ടം
ഉച്ചക്കുശേഷം നടന്ന അണ്ടര്‍ 20 ഗേള്‍സ് 1500 മീറ്ററില്‍ കേരളത്തിന്‍െറ സി. ബബിത (4: 33.77 മിനിറ്റ്), പശ്ചിമ ബംഗാളിന്‍െറ ലിലി ദാസിന് (4: 25.22 മിനിറ്റ്) പിറകില്‍ രണ്ടാമതായി. ഇതിനിടെ ലോങ്ജംപ് പിറ്റില്‍നിന്ന് ഇരട്ടി സന്തോഷം. അണ്ടര്‍ 16 ഗേള്‍സില്‍ കേരള താരങ്ങള്‍ക്ക് സ്വര്‍ണവും വെങ്കലവും ലഭിച്ചു. തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജനും (5.58 മീറ്റര്‍) മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്്.എസ്.എസിലെ പി.എസ്. പ്രഭാവതിയുമാണ് (5.38) മെഡല്‍ നേട്ടക്കാര്‍. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ ആന്‍സി നാട്ടിക ഇടപ്പിള്ളി സോജന്‍-ജാന്‍സി ദമ്പതികളുടെ മകളാണ്.അണ്ടര്‍ 18 ബോയ്സ് ഹൈജംപില്‍ കെ.എസ്. അനന്തുവാണ് കേരളത്തിനായി രണ്ടാമത്തെ വെള്ളി നേടിയത്. അണ്ടര്‍ 16 ഗേള്‍സ് 2000 മീറ്ററില്‍ സാന്ദ്ര എസ്. നായരും (6:37.76 മിനിറ്റ്) അണ്ടര്‍ 20 ബോയ്സ് 1500 മീറ്ററില്‍ അബിന്‍ സാജനും (3:58.36 മിനിറ്റ്) മൂന്നാം സ്ഥാനക്കാരായി. 

അണ്ടര്‍ 16 ബോയ്സ് ഡിസ്കസ്ത്രോയില്‍ ഹരിയാനയുടെ സാഹില്‍ സില്‍വാല്‍ 53.96 മീറ്റര്‍ എറിഞ്ഞാണ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം ഹരിയാനയുടെ അഭയ്ഗുപ്ത കുറിച്ച 53.02 മീറ്റര്‍ പഴങ്കഥയായി. അണ്ടര്‍ 16 ഗേള്‍സ് ഷോട്ട്പുട്ടില്‍ 2012ല്‍ മഹാരാഷ്ട്രയുടെ മേഘ്ന ദേവാംഗയുടെ പേരിലുള്ള 13.28 മീറ്റര്‍ റെക്കോഡ്് പരംജ്യോത് കൗര്‍ 14.21 മീറ്റര്‍ എറിഞ്ഞാണ് തകര്‍ത്തത്. അണ്ടര്‍ 16 ഗേള്‍സ് 2000 മീറ്ററില്‍ യു.പിയുടെ അമൃത പട്ടേല്‍ 6:25.26 മിനിറ്റില്‍ ഓടിയത്തെിയപ്പോള്‍ 2003ല്‍ പഞ്ചാബുകാരി മന്‍പ്രീത് കൗര്‍ ഫിനിഷ് ചെയ്ത 6:28.60 മിനിറ്റ് റെക്കോഡ് വഴിമാറി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletic meet
News Summary - athletic meet
Next Story