അഖിലേന്ത്യാ അന്തർസർവകലാശാല അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: പുരുഷ-വനിത വിഭാഗങ്ങളിലും മാംഗ്ലൂർ ഒന്നാമത്​

  • ഒാവറോൾ: എം.ജി മൂന്നാമത്

വനിതകളിലെ രണ്ടാം സ്ഥാനം കോട്ടയം എം.ജി ടീം

മൂഡബിദ്രി: ആല്‍വാസി​െൻറ കരുത്തില്‍ ആധിപത്യമുറപ്പിച്ച മാംഗ്ലൂര്‍ സർവകലാശാല, 80ാമത് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്​ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടർച്ചയായി നാലാം തവണയും ഓവറോള്‍ കിരീടമണിഞ്ഞു. ആല്‍വാസ് എജുക്കേഷന്‍ ഫൗണ്ടേഷ​​െൻറ മൂഡബിദ്രി സ്വരാജ് മൈതാനിയില്‍ അഞ്ചു ദിവസമായി നടന്ന മീറ്റില്‍ പുരുഷ, വനിത വിഭാഗങ്ങളിലും മാംഗ്ലൂരാണ്​ ഒന്നാമത്​. മറ്റുള്ളവരെ ഏറെ പിന്നിലാക്കി ഒമ്പതു വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവും നേടി 170 പോയൻറുമായാണ് മാംഗ്ലൂരി​െൻറ കിരീടധാരണം. 98.5 പോയൻറുമായി മദ്രാസ് സർവകലാശാല റണ്ണേഴ്‌സ് അപ്പായി.

കഴിഞ്ഞവര്‍ഷം ഓവറോൾ രണ്ടാം സ്ഥാനം നേടിയ കോട്ടയം എം.ജി (80) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 64 പോയൻറുമായി നാലാം സ്ഥാനമാണ് കാലിക്കറ്റ് സർവകലാശാലക്ക്. വനിതകളിൽ 69 പോയൻറുമായാണ് മാംഗ്ലൂർ ഒാവറോൾ നിലനിർത്തിയത്. 47 പോയൻറുമായി വനിതകളിലെ രണ്ടാം സ്ഥാനം കോട്ടയം എം.ജി നിലനിർത്തിയതു മാത്രമാണ് ഏക ആശ്വാസം. വനിതകളിൽ (42) മദ്രാസിനാണ് മൂന്നാം സ്ഥാനം. പുരുഷവിഭാഗത്തിൽ (101) മാംഗ്ലൂർ ഒന്നാമതും മദ്രാസ് (56.5) രണ്ടാമതും റോത്തക്ക് മഹർഷി ദയാനന്ദ് സർവകലാശാല (34) മൂന്നാമതുമെത്തി. 

മാംഗ്ലൂർ ടീമിലെ 81 പേരിൽ 75പേരും ആൽവാസിൽനിന്നുള്ളവരായിരുന്നു. ആൽവാസ്​ താരങ്ങളാണ് മാംഗ്ലൂരിന് മുഴുവൻ പോയൻറും നൽകിയത്. മീറ്റിലെ മികച്ച കോളജായി ആൽവാസിനെ തെരഞ്ഞെടുത്തു. മാംഗ്ലൂരി​െൻറ ട്രിപ്പിള്‍ ജംപ്​ താരം ജയ് പ്രദീപ് ഷാ മികച്ച പുരുഷ താരമായും ഗുണ്ടൂര്‍ നാഗാര്‍ജുന സർവകലാശാലയുടെ ഹര്‍ഡില്‍, സ്പ്രിൻറ്​ താരം വൈ. ജ്യോതി വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. മുൻവർഷങ്ങളിൽ പുരുഷ, വനിത വിഭാഗങ്ങളിൽ കേരള താരങ്ങൾ തുടരുന്ന ആധിപത്യം ഇത്തവണ നഷ്​ടമായി. മീറ്റിൽ ആകെ 25 മെഡലുകളാണ് കേരളത്തിൽനിന്നുള്ള സർവകലാശാലകൾ നേടിയത്. ഒരു സ്വർണവും ആറു വീതം  വെള്ളിയും  വെങ്കലവുമാണ് എം.ജി നേടിയത്. കാലിക്കറ്റ് നാലു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവും േനടി. രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവുമാണ് കേരളക്കുള്ളത്‍. 

സ്വർണ പറവകളായി ഗോഡ്​വിനും ദിവ്യയും
പോൾവാട്ടിൽ പുരുഷ^ വനിതാ വിഭാഗങ്ങളിൽ സുവർണ നേട്ടവുമായി കേരള താരങ്ങൾ. പാലാ ജംപ്‌സ് അക്കാദമിയില്‍നിന്നും കടം വാങ്ങിയ പോളുമായാണ് പുരുഷന്മാരുടെ പോൾവാട്ടിൽ കാലിക്കറ്റി​െൻറ ഗോഡ്​വിൻ ഡാമിയൻ സ്വർണത്തിലേക്ക് പറന്നിറങ്ങിയത്. 4.70 മീറ്റർ ചാടിയാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഗോഡ്​വിൻ സ്വർണം നേടിയത്. പാലാ ജംപ്സ് അക്കാദമിയിൽ സതീശ് കുമാറിന് കീഴിലാണ് പരിശീലനം. കഴിഞ്ഞവർഷം 3.35 മീറ്റർ പറന്നിറങ്ങി നേടിയ വെങ്കലം ഇത്തവണ സ്വർണമാക്കിയാണ്​ എം.ജിയുടെ ദിവ്യ മോഹൻ തിളങ്ങിയത്. 3.70 മീറ്ററി​െൻറ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ദിവ്യ മോഹൻ എം.ജിക്ക് മീറ്റിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ചത്. കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് കോളജ് വിദ്യാർഥിയായ ദിവ്യ മോഹനനെ ചാൾസ് ഇടപാട്ടാണ് പരിശീലിപ്പിക്കുന്നത്. 

ചിത്രയുടെ റെക്കോഡ് മറികടന്ന് ഹർമിലൻ
അവസാന ദിനം രണ്ടു റെക്കോഡ് ഉൾപ്പെടെ ആകെ ഒമ്പതു റെക്കോഡുകളാണ് പിറന്നത്. അവസാന ദിനം വനിതകളുടെ 1500 മീറ്ററില്‍ പാട്യാല പഞ്ചാബ് സര്‍വകലാശാലയുടെ ഹര്‍മിലന്‍ കൗര്‍ ബൈന്‍സ് 4:24.86 സെക്കന്‍ഡില്‍ റെക്കോഡോടെ സ്വര്‍ണം നേടി. ഒരു മൈക്രോ സെക്കന്‍ഡിലാണ് 2018ല്‍ കാലിക്കറ്റി​െൻറ പി.യു. ചിത്ര കുറിച്ച (4:24.87) റെക്കോഡ് തിരുത്തിയത്. 1500 മീറ്ററിൽ കാലിക്കറ്റി​െൻറ സി. ബബിത (4:32.66) വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ മാംഗ്ലൂരി​െൻറ ജയ് പ്രദീപ് ഷാ റെക്കോഡോടെ സ്വർണം നേടി. 2018ൽ 16.35 മീറ്റർ ചാടി ജയ് പ്രദീപ് ഷാ തന്നെ കുറിച്ച റെക്കോഡാണ് െമച്ചപ്പെടുത്തിയത്. ഇതേയിനത്തിൽ എം.ജിയുടെ എ.ബി. അരുൺ (16.12) വെള്ളി നേടി. വനിതകളുടെ 200 മീ. കാലിക്കറ്റി​െൻറ യു.വി ശ്രുതി രാജ് (24.99) വെങ്കലം നേടി. വനിതകളുടെ ട്രിപ്​ൾ ജംപിൽ എം.ജിയുടെ സാന്ദ്ര ബാബു(13.28) വെള്ളി നേടി. 

വരവറിയിച്ച് ഒ.പി. ജെയ്ഷ
കേരളം ജോലി നിഷേധിക്കപ്പെട്ട ഒളിമ്പ്യൻ ഒ.പി. ജെയ്ഷ പരിശീലകയുടെ റോളിൽ വരവറിയിച്ചു. ബംഗളൂരു സായിൽ ജെയ്ഷയുടെ കീഴിൽ പരിശീലിക്കുന്ന അമൻദീപ് 800 മീറ്ററിൽ സ്വർണവും 1500ൽ സുനിൽ വെള്ളിയും നേടി. 800,1500 എന്നീ മധ്യദൂര ഇനങ്ങളിൽ ജെയ്ഷ പരിശീലിപ്പിക്കുന്ന നാലു താരങ്ങളാണ് മത്സരിക്കാനിറങ്ങിയത്. ജെയ്ഷക്ക് സ്പോർട്സ് കൗൺസിൽ പരിശീലകയായി നിയമനം നൽകാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ജെയ്ഷ അപേക്ഷ നല്‍കിയെങ്കിലും താല്‍ക്കാലിക നിയമനമേ നല്‍കുവെന്ന്​ നിലപാട് കൗണ്‍സില്‍ സ്വീകരിച്ചതോടെ ജെയ്ഷ സായിയില്‍ ചുമതലയേൽക്കുകയായിരുന്നു. ആറുമാസമായി സായിയിൽ താരങ്ങളെ പരിശീലിപ്പിക്കുന്ന ജെയ്ഷ ത​െൻറ ഇഷ്​ടയിനമായ 1500 മീറ്ററിലേക്ക് തിരിച്ചെത്താനുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

റിലെയിൽ സ്വർണവും രണ്ടു വെള്ളിയും
മീറ്റിലെ അവസാന ഇനമായ 4x400 റിലെയിൽ സ്വർണം നേടി കാലിക്കറ്റ്. വനിതകളിൽ എൻ.പി. അർച്ചന, എസ്. അർഷിത, അബിത മേരി മാനുവൽ, ഒളിമ്പ്യൻ ജിസ്ന മാത്യു എന്നിവരടങ്ങിയ കാലിക്കറ്റ് ടീമാണ് സ്വർണം നേടിയത്​ (3:40) കെ. സ്നേഹ, പി.ആർ. അലീഷ, കെ.ടി. എമിലി, അനില വേണു എന്നിവരടങ്ങിയ എം.ജി ടീം (3:42) വെള്ളി നേടി. പുരുഷ റിലേയിൽ എം.ജിയുടെ  ടി. ടിജിൻ, അമല്‍ ജോസഫ്, അനന്തു വിജയന്‍, ടി.ആര്‍. അനിരുദ്ധ് (3:11) ടീമും വെള്ളി നേടി.


 

Loading...
COMMENTS