ദേശീയ ട്രാക്ക് സൈക്ളിങ്: അലീനക്ക് ഇരട്ട സ്വര്‍ണം
text_fieldsതിരുവനന്തപുരം: കാര്യവട്ടം എല്‍.എന്‍.സി.പി.ഇ വെലോഡ്രോമില്‍ നടക്കുന്ന 69ാം ദേശീയ ട്രാക്ക് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാംദിനം കേരളത്തിന്‍െറ അലീന റെജി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലിലായിരുന്നു കോഴിക്കോട്ടുകാരിയായ അലീനയുടെ നേട്ടം. 2013ല്‍ അന്തമാന്‍-നികോബാര്‍ താരം ദേബോറ സ്ഥാപിച്ച 37.908 സെക്കന്‍ഡ് 37.803 സെക്കന്‍ഡ് ആയി തിരുത്തിയാണ് അലീന സ്വര്‍ണമണിഞ്ഞത്.
കേരളത്തിന്‍െറ നയന രാജേഷിനാണ് ഈയിനത്തില്‍ വെള്ളി. ആദ്യ ദിനം ആറു കിലോ മീറ്റര്‍ സ്ക്രാച്ച് റേസില്‍ അലീന സ്വര്‍ണമണിഞ്ഞിരുന്നു. ചെമ്പഴന്തി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടുവിന് പഠിക്കുന്ന അലീന കോഴിക്കോട് തിരുവമ്പാടി പുതുപ്പറമ്പില്‍ റെജി ചെറിയാന്‍്റെയും മിനിയുടെയും മകളാണ്. അല്‍ക്ക, അമലു എന്നിവര്‍ സഹോദരിമാരാണ്.
പ്രശസ്തനായ ചന്ദ്രന്‍ ചെട്ട്യാരാണ് പരിശീലകന്‍. ഇപ്പോള്‍ ഡല്‍ഹിയിലാണ് പരിശീലനം. സെപ്തംബറില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ട്രാക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു ഈ മിടുക്കി. രണ്ട് വര്‍ഷം മുമ്പ് കേരളത്തിനായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പ്ള്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
രണ്ടാംദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കേരളം 34 പോയന്‍റുമായി മുന്നേറ്റം തുടരുകയാണ്. തൊട്ടുപിറകിലുള്ള മണിപ്പൂരിന് 26ഉം മൂന്നാം സ്ഥാനത്തുള്ള അന്തമാന്‍-നികോബാറിന് 16 പോയന്‍റുമാണുള്ളത്. രണ്ടാംദിനം കേരളം ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. മുതിര്‍ന്ന പെണ്‍കുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയല്‍സില്‍ കെസിയ വര്‍ഗീസ് വെള്ളിയും 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയല്‍സില്‍ കെ.ജെ. കല്യാണി വെങ്കലവും സ്വന്തമാക്കി.