ഒപ്പത്തിനൊപ്പം
text_fieldsതേഞ്ഞിപ്പലം: റെക്കോഡ് തിളക്കത്തില്‍ സ്വര്‍ണം ചൂടി ശ്രീശങ്കര്‍, വെങ്കലമണിഞ്ഞ് അഞ്ജലിയും റുബീനയും അനഘയും, ഹാമര്‍ കരുത്തില്‍ ഒന്നാമതത്തെി ഉത്തര്‍പ്രദേശ്-ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിന്‍െറ രണ്ടാം ദിന ചിത്രം തെളിയുമ്പോള്‍ കിരീടത്തിനായി കേരളം വിയര്‍ക്കുന്നു. എടുത്തുപറയാന്‍ നാല് മെഡലുകള്‍ മാത്രം കിട്ടിയ വെള്ളിയാഴ്ച കടന്നുപോകുമ്പോള്‍ 57 പോയന്‍റുമായി ആതിഥേയര്‍ രണ്ടാം സ്ഥാനത്താണ്. മറ്റ് ഇനങ്ങളിലൊന്നും ഒരു മെഡല്‍പോലും നേടാത്ത ഉത്തര്‍പ്രദേശ് ഹാമര്‍ ത്രോയില്‍ നാല് മെഡല്‍ എറിഞ്ഞെടുത്ത് 60 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ ഹരിയാന (51) മൂന്നാം സ്ഥാനത്തും മഹാരാഷ്ട്ര (49.5) നാലാം സ്ഥാനത്തുമുണ്ട്. രണ്ടാം ദിനത്തിലെ ഏക ദേശീയ റെക്കോഡ് ഗുജറാത്തിന്‍െറ ധീരേന്ദ്ര കുമാറിന്‍െറ പേരില്‍ എഴുതി.
പ്രതീക്ഷ തെറ്റിച്ച വെള്ളിയാഴ്ച
കേരളം ഇതിലേറെ പ്രതീക്ഷിച്ചതാണ്. ആദ്യം നടന്ന 10000 മീറ്റര്‍ മുതല്‍ അവസാനം നടന്ന 1500 മീറ്റര്‍ വരെ കേരളം പ്രതീക്ഷവെച്ചിരുന്നു. ലോങ് ജംപ് പിറ്റില്‍ എം. ശ്രീശങ്കര്‍ ചാടിയെടുത്ത റെക്കോഡ് സ്വര്‍ണമാണ് ആശ്വസിക്കാന്‍ വകനല്‍കുന്നത്. 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അഞ്ജലി തോമസ് നേടിയ വെങ്കലത്തിലൂടെയായിരുന്നു കേരളത്തിന്‍െറ ആദ്യ മെഡല്‍ എത്തിയത്. 14.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തെലങ്കാനയുടെ വൈ. ജ്യോതിയുടെ പിന്നാലെ 15.39 സെക്കന്‍ഡില്‍ അഞ്ജലി ഓടിച്ചാടിയത്തെി. വൈകാതെ തന്നെ ഹൈജംപ് പിറ്റില്‍ നിന്നും നല്ലവാര്‍ത്തയത്തെി. 1.58 മീറ്റര്‍ ചാടി മലപ്പുറംകാരി കെ.എ. റുബീന നാട്ടുകാര്‍ക്ക് മുന്നില്‍ വെങ്കലമണിഞ്ഞു. 1.61 മീറ്റര്‍ ഉയര്‍ന്ന ബംഗാളിന്‍െറ രാജശ്രീ ദാസിനാണ് സ്വര്‍ണം. അവസാന ഇനമായ 1500 മീറ്ററില്‍ അനഘ ടോം (5.03.38 മി)വെങ്കലം നേടിയതോടെ കേരളത്തിന്‍െറ മെഡല്‍ പട്ടിക പൂര്‍ത്തിയായി.
എറിഞ്ഞു വീഴ്ത്തി യു.പി
രണ്ടാം ദിനവും ലോട്ടറിയടിച്ചത് ഉത്തര്‍പ്രദേശിനാണ്. ഹാമര്‍ ത്രോ ഒഴികെ ഒരിനത്തില്‍ പോലും മെഡലടിക്കാന്‍ യു.പിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുവരെ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു യു.പിയുടെ സ്ഥാനം. പുരുഷ വിഭാഗം ഹാമര്‍ ത്രോയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അര്‍ധ സെഞ്ചറിയിലത്തെി യു.പിയുടെ പോയന്‍റ്. മൂന്ന് മെഡലടക്കം 16 പോയന്‍റാണ് ഉത്തര്‍പ്രദേശ് എറിഞ്ഞെടുത്തത്. വനിതാ വിഭാഗത്തിലെ സ്വര്‍ണവും സ്വന്തം പട്ടികയില്‍ ചേര്‍ത്തതോടെ യു.പിയുടെ സ്ഥാനം ഇളക്കംതട്ടാതെ നിന്നു. വിക്രാന്തയും മുഹമ്മദ് അര്‍ഷലാനും മെറാജ് അലിയും ആയിഷ പട്ടേലുമാണ് യു.പിക്കായി മെഡലണിഞ്ഞത്. പോള്‍വാള്‍ട്ടില്‍ 4.72 ചാടിയാണ് ഗുജറാത്തിന്‍െറ ധീരേന്ദ്ര കുമാറര്‍ ആറ് വര്‍ഷം പഴക്കമുള്ള റെക്കോഡ് രേഖകളില്‍ നിന്ന് തുടച്ച് നീക്കിയത്. ഡെക്കാത്ലണില്‍ 6198 പോയന്‍റ് കൂട്ടിവെച്ച് തമിഴ്നാടിന്‍െറ രാജേഷ് സ്വന്തം റെക്കോഡ് തിരുത്തി.
16 ഫൈനലാണ് ശനിയാഴ്ച അരങ്ങേറുന്നത്. ജിസ്ന മാത്യുവും ലിനറ്റ് ജോര്‍ജും എസ്. ഷെബിനയും മെഡലുകള്‍ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
