ചെറുത്തുനില്‍പിന്‍െറ മാതൃകയായി നജ് ല
text_fieldsബാഖൂബ: യുദ്ധം വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയിട്ടും ചെറുത്തുനില്‍പിന് ഇളംപ്രായം തടസ്സമല്ളെന്ന് നജ്ല ഇമാദ് എന്ന ഇറാഖി ബാലിക പറയുന്നത് വാക്കുകള്‍കൊണ്ടല്ല, കൈയിലെ കുഞ്ഞുറാക്കറ്റുമായാണ്. വീല്‍ചെയറിലായിപ്പോയ ജീവിതത്തെ പഴിച്ച് കഴിയുന്നതിനു പകരം ബോംബുകള്‍ ബാക്കിയാക്കിയ ഇടതുകൈയില്‍ റാക്കറ്റുപിടിച്ചാണ് ഈ 12കാരി വിസ്മയമാകുന്നത്.
ബഗ്ദാദിനു വടക്കുകിഴക്കുള്ള പട്ടണമായ ബാഖൂബയില്‍ കുടുംബമൊത്ത് കഴിയുകയായിരുന്ന ബാലികയുടെ ജീവിതം മാറ്റിയത് മൂന്നാം വയസ്സില്‍ റോഡരികില്‍ പൊട്ടിത്തെറിച്ച ബോംബാണ്. വലതുകാലും കൈയും നഷ്ടമായ ഇവരുടെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. തളര്‍ന്ന് വീടിന്‍െറ മൂലയില്‍ പരിദേവനവുമായി കഴിയേണ്ട ബാലിക പക്ഷേ, നാലാം വയസ്സില്‍തന്നെ ടേബ്ള്‍ടെന്നിസില്‍ ഒരു കൈ നോക്കിത്തുടങ്ങി. ഓരോ നാളും പുതിയ ഊര്‍ജവുമായാണ് താനിപ്പോള്‍ ഉറക്കമുണരുന്നതെന്ന് നജ്ല പറയുന്നു.
ദേശീയ അണ്ടര്‍ 16 പാരാലിമ്പിക് ടീമില്‍ ഇടംപിടിക്കാന്‍ ലക്ഷ്യമിടുന്ന ബാലികക്ക് പരിശീലനത്തിന് സഹോദരിമാരുണ്ട് കൂട്ടായി. പ്രാദേശിക മത്സരങ്ങളില്‍ ഇതിനകം നിരവധി സമ്മാനങ്ങള്‍ നജ്ല വാങ്ങിക്കൂട്ടിയതായി കോച്ച് ഹുസാം ഹുസൈന്‍ പറയുന്നു.