ഉത്തേജിക്കുമ്പോള്‍ ഓര്‍മിക്കപ്പെടുന്ന ബെന്‍
text_fields1988 സെപ്റ്റംബര്‍ 24. സോള്‍ ഒളിമ്പിക്സ് സ്റ്റേഡിയം മാത്രമല്ല, ലോകം മുഴുവന്‍ ആ കാഴ്ചകണ്ട് അന്തംവിട്ട് എഴുന്നേറ്റുനിന്നു. കാലുകളില്‍ കൊടുങ്കാറ്റു പിടിച്ചപോലൊരു മനുഷ്യന്‍ ഭൂമുഖത്തെ ഏറ്റവുംവലിയ വേഗക്കാരന്‍ എന്ന് റെക്കോഡ് ബുക്കില്‍ എഴുതിയ നിമിഷം. 9.79 സെക്കന്‍ഡിനുള്ളില്‍ ബെന്‍ ജോണ്‍സണ്‍ എന്ന കാനഡക്കാരന്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോഡിട്ട നിമിഷം. നിലവിലെ ചാമ്പ്യനായ അമേരിക്കയുടെ കാള്‍ ലൂയിസുപോലും ആ ഓട്ടത്തിനുമുന്നില്‍ ബഹുദൂരം പിന്നിലായിരുന്നു. ഒരുവര്‍ഷം മുമ്പ് റോമില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ ജോണ്‍സണ്‍ തന്നെ കുറിച്ച 9.83 സെക്കന്‍ഡിന്‍െറ ലോക റെക്കോഡ് ആ ഓട്ടത്തിനിടയില്‍ ചാമ്പലായിപ്പോയിരുന്നു. 1928ല്‍ പെര്‍സി വില്യംസ് സ്വര്‍ണമണിഞ്ഞ ശേഷം വിക്ടറി സ്റ്റാന്‍ഡില്‍ 100 മീറ്റര്‍ സ്വര്‍ണമണിഞ്ഞ ആദ്യത്തെ കാനഡക്കാരനാവുകയായിരുന്നു ബെന്‍. പക്ഷേ, മൂന്നു ദിവസത്തിനു ശേഷമായിരുന്നു യഥാര്‍ഥത്തില്‍ ലോകം ഞെട്ടിയത്. ബെന്‍ ജോണ്‍സന്‍െറ രക്തത്തിലും മൂത്രത്തിലും നിരോധിത മരുന്നായ സ്റ്റാനേസൊലോള്‍ കണ്ടത്തെിയിരിക്കുന്നു. ഉത്തേജകം ഉപയോഗിച്ചാണ് ബെന്‍ നേട്ടം കരസ്ഥമാക്കിയതെന്നറിഞ്ഞതോടെ ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, ഒരു വര്‍ഷം മുമ്പ് ലോക അത്ലറ്റിക് മീറ്റില്‍ കുറിച്ച റെക്കോഡും ബെന്നിന്‍െറ പേരില്‍നിന്ന് എടുത്തുമാറ്റി.
2013 സെപ്റ്റംബര്‍ 24ന് അതേ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍, അതേ സിന്തറ്റിക് ട്രാക്കില്‍ ഒരിക്കല്‍കൂടി ബെന്‍ ജോണ്‍സണ്‍ എത്തി. ബെന്‍ ദുരന്തത്തിന്‍െറ 25ാം വര്‍ഷത്തില്‍ ബി.ബി.സി ചാനല്‍ തയാറാക്കിയ പ്രത്യേക പരിപാടിക്കുവേണ്ടിയായിരുന്നു അത്. ഉത്തേജകവിവാദത്തില്‍ കുരുങ്ങി റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ വിലക്കുനേരിടുമ്പോള്‍ താന്‍ നായകനും വില്ലനുമായിത്തീര്‍ന്ന അതേ സ്റ്റേഡിയത്തിന്‍െറ പടവുകളിലിരുന്നു പറഞ്ഞ വാക്കുകള്‍ ശരിയായി.
‘ഓരോ തവണ മരുന്നടി വിവാദം ഉയരുമ്പോള്‍ ലോകം എന്‍െറ പേരാണ് ഓര്‍ക്കുക...’ ബെന്‍ അത് പറഞ്ഞത് അല്‍പം വേദനയോടെയായിരുന്നു. ‘ലോകം എന്നെ കുരിശില്‍ തറച്ചു. ഞാന്‍ മരുന്നടിച്ചു. നിയമം ലംഘിച്ചത് തെറ്റാണ്. പക്ഷേ, ഞാന്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂ...’ -ജോണ്‍സന്‍െറ വാക്കുകള്‍. അത് ശരിയായിരുന്നുവെന്ന് പിന്നീട് കായികലോകത്തിന് സമ്മതിക്കേണ്ടിവന്നു. അന്ന് ഫൈനല്‍ ലാപ്പില്‍ ഓടിയ എട്ടുപേരില്‍ മറ്റ് ഏഴുപേരും മരുന്നടിച്ചതായി പിന്നീട് തെളിയുകയുണ്ടായി. സാക്ഷാല്‍ കാള്‍ ലൂയിസു പോലും താന്‍ മരുന്നടിച്ചിരുന്നതായി വെളിപ്പെടുത്തുകയുണ്ടായി. ട്രാക്കില്‍ തീ പാറിച്ച് ലോക റെക്കോഡ് തിരുത്തി ഉസൈന്‍ ബോള്‍ട്ട് പായുമ്പോഴും ലോകം ബെന്‍ ജോണ്‍സനെ ഓര്‍ക്കുന്നു. ഇപ്പോള്‍ ഉത്തേജക ഉപയോഗത്തിനെതിരെ ‘ക്ളീന്‍ സ്പോര്‍ട്സ്’ സന്ദേശവുമായി കായികപരിശീലനത്തിലും ബിസിനസിലും മുഴുകിക്കഴിയുകയാണ് ഈ 55 കാരന്‍ ഇപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
