കേരള കായിക ഇന്‍സ്റ്റിറ്റ്യൂട്ടിന് മുഖ്യമന്ത്രി ശിലയിട്ടു
text_fieldsകോട്ടയം: ഇന്ത്യന്‍ കായികമേഖലക്ക് കുതിപ്പേകാന്‍ ലക്ഷ്യമിട്ട് കായിക ശാസ്ത്ര, പഠന, ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലയിട്ടു. കോട്ടയം ചിങ്ങവനത്ത് ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് ലിമിറ്റഡ് പ്രവര്‍ത്തിച്ചിരുന്ന 11 ഏക്കര്‍ ഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് അപൈ്ളഡ് റിസര്‍ച്-കേരള (ISPARK) എന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്ഥാപനം പ്രവര്‍ത്തിക്കുക. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക താല്‍പര്യമെടുത്താണ് പദ്ധതി സാധ്യമാക്കിയത്. സ്പോര്‍ട്സ് സയന്‍സ്, ന്യൂട്രീഷന്‍, സൈക്കോളജി, മെഡിസിന്‍, ബയോമെക്കാനിക്സ് ആന്‍ഡ് പെര്‍ഫോമന്‍സ് അനാലിസിസ്, എക്സര്‍സൈസ് ഫിസിയോളജി വിഷയങ്ങളില്‍ ഡിപ്ളോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയിലാണ് കോഴ്സുകള്‍ തുടങ്ങുന്നത്.
വിക്ടോറിയന്‍ സര്‍വകലാശാല, ആസ്ട്രേലിയന്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി അഫിലിയേറ്റ് ചെയ്ത് പുതിയ അക്കാദമിക വര്‍ഷത്തില്‍ രണ്ടു കോഴ്സ് ആരംഭിക്കും. ഓരോ കോഴ്സിലും 20 പേര്‍ക്കാണ് പ്രവേശം. ആദ്യഘട്ടത്തില്‍ അത്ലറ്റിക്സ്, സ്വിമ്മിങ്, വോളിബാള്‍, സൈക്ളിങ്, ബാസ്കറ്റ്ബാള്‍, ഫെന്‍സിങ് എന്നീ ഇനങ്ങളില്‍ എലൈറ്റ് ട്രെയ്നിങ്ങും ഉണ്ടാകും. 400 മീറ്റര്‍ ട്രാക്കോടു കൂടിയ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യവും സജ്ജീകരിക്കും. ഒളിമ്പിക്സ് ലക്ഷ്യമാക്കി അന്തര്‍ദേശീയ നിലവാരത്തില്‍ അത്ലറ്റുകള്‍ക്ക് പരിശീലനം നല്‍കാനും ലക്ഷ്യമിടുന്നു.
ഐ.ഐ.ടി മാതൃകയിലുള്ള ദേശീയ സ്ഥാപനമാക്കി ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് മെഡിസിന്‍ വിഷയങ്ങളില്‍ ഗവേഷണത്തിന് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണിതെന്ന് അഞ്ജു ബോബി ജോര്‍ജ് ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ജില്ലാ കലക്ടര്‍ യു.വി. ജോസ്, സഞ്ജയന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
