തോമസ് എബ്രഹാമിന് സ്വര്‍ണ പ്രമോഷന്
text_fieldsകോഴിക്കോട്: അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളിയില്‍നിന്ന് തോമസ് എബ്രഹാമിന് സ്വര്‍ണ പ്രമോഷന്. സംസ്ഥാന മീറ്റില്‍ നേടിയ വെള്ളി മെഡല്‍ ദേശീയ മീറ്റില്‍ സ്വര്‍ണമായി ഉയര്‍ത്തിയിരിക്കുകയാണ് തോമസ് എബ്രഹാം. സംസ്ഥാന മീറ്റില്‍ സ്വര്‍ണമണിഞ്ഞ എ. അനീഷിനെ പിന്നിലാക്കിയാണ് തോമസ് സ്വര്‍ണത്തിലേക്ക് നടന്നുകയറിയത്.
കോതമംഗലം മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ളസ് ടു അഗ്രികള്‍ചറല്‍ വിദ്യാര്‍ഥിയായ തോമസ് 21:00.81 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. സെയില്‍സ്മാനായ നീര്‍വേലില്‍ എബ്രഹാമിന്‍െറയും ഷീബയുടെയും ഇളയമകനാണ് തോമസ്. പി.ഐ. ബാബുവിനു കീഴിലാണ് പരിശീലനം. കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയാണ് തോമസ്. പാലക്കാട് പറളി എച്ച്.എസ്.എസിലെ എ. അനീഷ് 22:08.95 മിനിറ്റില്‍ ഫിനിഷ് ചെയ്തു.
തുടക്കംമുതലേ അനീഷിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, അവസാന ലാപ്പുകളില്‍ പേശിവലിവും വേദനയും അനീഷിന്‍െറ പ്രകടനത്തിന് തിരിച്ചടിയായി. ഹരിയാനയുടെ ഗൗരവിനാണ് ഈയിനത്തില്‍ വെങ്കലം.
