അര്‍ജുന നഷ്ടത്തില്‍ സങ്കടമില്ല; ബെറ്റിക്ക് വേണ്ടത് ജോലി
text_fieldsകോഴിക്കോട്: കനോയിങ്ങില്‍ രാജ്യത്തിനായി പലവട്ടം മെഡലുകള്‍ സ്വന്തമാക്കിയ ബെറ്റി ജോസഫിന് അര്‍ജുന അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ കൂടെ ഒരു ’റെക്കോഡും’ സ്വന്തമാകുമായിരുന്നു. ദശകത്തിലേറെയായി തുഴച്ചില്‍ താരമായിട്ടും ജോലിയില്ലാതെ അര്‍ജുന പുരസ്കാരം തേടിയത്തെുന്ന അപൂര്‍വ താരമെന്ന ‘റെക്കോഡ്’. അതെ, തുടര്‍ച്ചയായി മൂന്നാം വട്ടവും രാജ്യത്തെ ഉന്നതമായ കായിക ബഹുമതി അകന്നുപോകുമ്പോഴല്ല ബെറ്റിക്ക് സങ്കടം. മറിച്ച്, സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൂവണിയാത്തതിലാണ്.
ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ ബെറ്റിക്ക് അര്‍ഹതയുള്ള അംഗീകാരമാകുമായിരുന്നു അര്‍ജുന അവാര്‍ഡ്. കനോയിങ്ങില്‍ ഏഷ്യന്‍തലത്തിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍ സ്വന്തമായുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും അഞ്ച് വെങ്കലവും. 2011ല്‍ ഇറാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടി. അന്ന് ഡബ്ള്‍ ഇനത്തിലായിരുന്നു സ്വര്‍ണം. ഉസ്ബകിസ്താനിലും രണ്ട് വെങ്കലമുണ്ടായിരുന്നു. 2013ല്‍ ഫ്രാന്‍സില്‍ നടന്ന കനോയിങ് ലോകകപ്പില്‍ വെങ്കലവും നേടി.
കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന ദേശീയ ഗെയിംസില്‍ ഒരു സ്വര്‍ണവും നാല് വെള്ളിയും തുഴഞ്ഞെടുത്ത ബെറ്റിക്ക് ദേശീയ തലത്തില്‍ ആകെ 40 മെഡലുകളുണ്ട്. ദേശീയ ഗെയിംസിന് ശേഷം സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയാണ് ബെറ്റി.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്ക് ജോലി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ബെറ്റിയടക്കം 68 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള അറിയിപ്പും അയച്ചുകൊടുത്തു. പിന്നെ തെരഞ്ഞെടുപ്പും പുതിയ സര്‍ക്കാറിന്‍െറ വരവും കഴിഞ്ഞിട്ടും ജോലിക്കാര്യത്തില്‍ തീരുമാനമായില്ല. മാസത്തില്‍ പലതവണ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കായിക മന്ത്രി ഇ.പി. ജയരാജനെയും കണ്ടിരുന്നു. സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി 2010 മുതല്‍ റാങ്ക്ലിസ്റ്റിലുണ്ട്. 2009 വരെ ഈ പട്ടികയിലുള്ളവരെ നിയമിച്ചു കഴിഞ്ഞു.
ആലപ്പുഴ സായി സെന്‍ററില്‍നിന്ന് ഉയര്‍ന്നുവന്ന ബെറ്റി ഇപ്പോള്‍ സ്വന്തം നിലയില്‍ പരിശീലനത്തിലാണ്. 2005 മുതല്‍ ദേശീയ ടീമിലുണ്ട്. ആദ്യം കയാക്കിങ്ങായിരുന്നു. 2010 മുതല്‍ കനോയിങ്ങിലേക്ക് തുഴ മാറ്റിയെറിഞ്ഞ ശേഷമാണ് അന്താരാഷ്ട്ര താരമായുയര്‍ന്നത്. ചമ്പക്കുളം ചെമ്പുംപുറം പുഷ്പമംഗലം വീട്ടില്‍ ജോസഫ്- അന്നമ്മ ദമ്പതികളുടെ ബെറ്റിക്ക് ഇനിയൊരു അര്‍ജുന അവാര്‍ഡ് പ്രതീക്ഷയില്ല.
കിട്ടിയാല്‍ കൈനീട്ടി സ്വീകരിക്കുമെന്ന് മാത്രം. എന്നാല്‍, ജീവതം തുഴയാന്‍ ജോലിക്കായി കാത്തിരിക്കുകയാണ് ഈ 26കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
