കുളിരുമായി മഴത്തുള്ളിക്കിലുക്കം
text_fieldsഒളിമ്പിക്സിന് മുമ്പുതന്നെ റിയോയുടെ ആകാശത്തു കാര്‍മേഘങ്ങളുണ്ടായിരുന്നു. മാറക്കാന സ്റ്റേഡിയത്തിലെ ഉദ്ഘാടനദിവസം താഴേക്ക് തൂങ്ങിനിന്നതല്ലാതെ പെയ്തില്ല. എന്നാല്‍, ആറാം ദിവസം മഴയത്തെി, കുളിരുള്ള ശക്തമായ കാറ്റുമായി. മഴയത്ത് റിയോ ഒന്നുകൂടി സുന്ദരിയാകും. ചുറ്റും അതിരിടുന്ന മലനിരകളുമായി മേഘക്കൂട്ടങ്ങള്‍ സല്ലപിക്കുന്ന വിദൂര കാഴ്ചകള്‍ ആരുടെയും മനസ്സ് കുളിര്‍പ്പിക്കും. ഒളിമ്പിക്സ് കാലത്ത് നഗരത്തിലത്തെിയ ലക്ഷക്കണക്കിന് വിദേശ സന്ദര്‍ശകര്‍ക്ക് റിയോയുടെ മഴ അനുഭവിക്കാനായതില്‍ ബ്രസീലുകാരും സന്തോഷത്തിലാണ്. എന്നാല്‍, സംഘാടകരുടെ ഉള്ളില്‍ കാറ്റും കോളുമാണ്. ബുധനാഴ്ചയിലെ ചാറ്റല്‍ മഴയില്‍ രണ്ടു വേദികളില്‍ മത്സരങ്ങള്‍ മാറ്റിവെക്കേണ്ടിവന്നു. വെള്ളിയാഴ്ച അത്ലറ്റിക്സ് തുടങ്ങാനിരിക്കുന്നു. ബുധനാഴ്ച മാറ്റിവെച്ച മത്സരങ്ങളില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും കളിക്കുന്ന ടെന്നിസ് മിക്സഡ് ഡബ്ള്‍സ് മത്സരവും ഉള്‍പ്പെടുന്നു. മുന്‍ ചാമ്പ്യന്മാരായ ബ്രിട്ടന്‍െറ ആന്‍ഡി മറെ, സ്പെയിനിന്‍െറ റാഫേല്‍ നദാല്‍ എന്നിവരുടെ മത്സരങ്ങളും മാറ്റി.
തുഴച്ചില്‍ മത്സരം ശക്തമായ കാറ്റുകാരണം രണ്ടാം ദിവസവും പൂര്‍ണമായും നിര്‍ത്തിവെച്ചു. ബുധനാഴ്ച രണ്ടു ഫൈനലുള്‍പ്പെടെ 22 മത്സരങ്ങളാണ് തുഴച്ചിലില്‍ നടക്കേണ്ടിയിരുന്നത്.എന്നാല്‍, വരും ദിവസങ്ങളിലും കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥിതി വഷളാകും. ചില ഇനങ്ങള്‍ റദ്ദാക്കേണ്ടിവരും. രണ്ടു കി. മീറ്റര്‍ മത്സരം ദൂരം കുറക്കേണ്ടിയും വന്നേക്കാം.അതേസമയം, ഇന്‍ഡോര്‍ വേദികളിലെ മത്സരച്ചൂടിന് കുറവൊന്നുമില്ല. ബോക്സിങ്ങും ജൂഡോയും ബാസ്കറ്റ്ബാളും വോളിബാളും ഷൂട്ടിങ്ങും ജിംനാസ്റ്റിക്സുമെല്ലാം പുരോഗമിക്കുന്നു. മഴയത്തെിയാല്‍ പിന്നെ റിയോയില്‍ എല്ലാം നിശ്ചലമാകുമെന്നാണ് ബ്രസീലുകാര്‍ പറയുന്നത്. ‘പഞ്ചസാരകൊണ്ട് നിര്‍മിച്ചവരാണ് റിയോ വാസികള്‍, അവര്‍ മഴയത്ത് അലിഞ്ഞുപോകും’ എന്നൊരു പറച്ചില്‍തന്നെ അവര്‍ക്കിടയിലുണ്ട്. പക്ഷേ, മത്സരങ്ങള്‍ കാണാനത്തെിയവരുടെ തിരക്കില്‍ കുറവൊന്നുമില്ളെങ്കിലും തണുപ്പ് കൂടിയപ്പോള്‍ ബ്രസീലുകാരുടെ വസ്ത്രം ഒന്നുകൂടി വലുതായിരിക്കുന്നു.
ബ്രസീലുകാരുടെ ദേശീയ വസ്ത്രം നിക്കറാണെന്ന് പറയാം. പ്രത്യേകിച്ച് സ്ത്രീകളുടെ. പ്രായ വ്യത്യാസമില്ലാതെ നിക്കര്‍ ധരിച്ചാണ് നടപ്പ്. കടകളിലും മറ്റുമുള്ള വനിത ജീവനക്കാര്‍ക്കും നിക്കറാണ് വേഷം. ആണുങ്ങള്‍ കുറെ കൂടി മെച്ചമാണ്. ജീന്‍സും പാന്‍റ്സുമെല്ലാം ധരിക്കും. നിക്കറിനേക്കാള്‍ ഇറക്കത്തില്‍ ബര്‍മുഡയും. ടീ ഷര്‍ട്ടും ബനിയനുമാണ് ആണുങ്ങളുടെ മേല്‍വസ്ത്രമെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ എന്തുമാകാം എന്നതാണ് അവസ്ഥ. എന്തായാലും ഇറുകിയതായിരിക്കും. സൗന്ദര്യം സംരക്ഷിക്കുന്നതിലും പ്രദര്‍ശിപ്പിക്കുന്നതിലും ബ്രസീല്‍ പെണ്ണുങ്ങള്‍ ശ്രദ്ധാലുക്കളായതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍. പൊതുസ്ഥലങ്ങളിലെ സ്നേഹപ്രകടനം നമ്മെ പോലുള്ള പിന്തിരിപ്പന്മാര്‍ക്ക് അരോചകമായി തോന്നും. അതിലും പ്രായഭേദമൊന്നുമില്ല. വൃദ്ധ ദമ്പതികള്‍ വരെ ട്രെയിനിലും ബസിലും നടപ്പാതകളിലുമെല്ലാം ഇടക്കിടെ ആലിംഗനബദ്ധരാകും. യുവ ജോഡികളുടെ കാര്യം പറയുകയും വേണ്ട. അപ്പോള്‍ മറ്റാരെയും ഇവര്‍ ഗൗനിക്കില്ല. മറ്റുള്ളവരും അങ്ങനത്തെന്നെ. തണുപ്പ് കൂടിയതോടെ വ്യാഴാഴ്ച ഡച്ച് വനിതകള്‍ ട്രാക്സ്യൂട്ടണിഞ്ഞാണ് ബീച്ച് വോളിബാള്‍ കളിച്ചത്. ഇന്ത്യയുടെ മൂന്നു മടങ്ങ് വലുപ്പമുള്ള ബ്രസീലില്‍ ഓരോ പ്രദേശത്തിനുമനുസരിച്ചും കാലാവസ്ഥ മാറിക്കൊണ്ടിരിക്കും. അഞ്ചു വ്യത്യസ്ത കാലാവസ്ഥാ മേഖലകള്‍ ബ്രസീലിനകത്തുണ്ട്. കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് റിയോ.
ആമസോണ്‍ മഴക്കാടുകളുടെ സമീപമുള്ള മനാസ് ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ അവിടെ മഴയുണ്ടാകും. പശ്ചിമ ബ്രസീലിലെ പ്രകൃതി സമ്പന്നമായ പന്താനലില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ നല്ല മഴയായിരിക്കും. എന്നാല്‍, വടക്കുകിഴക്കുള്ള സാല്‍വദോറില്‍ മേയ് മുതല്‍ ജൂലൈ വരെയാണ് മഴക്കാലം. ഏതായാലും റിയോയില്‍ വെള്ളിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
