കാലിക്കറ്റ് അത് ലറ്റിക് മീറ്റ്: കിരീടം നിലനിർത്തി ക്രൈസ്റ്റ്, തിരിച്ചുപിടിച്ച് വിമല
text_fieldsകോഴിക്കോട്: ഏഴു പുതിയ മീറ്റ് റെക്കോഡുകളോടെ സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിൽ നടന്ന 47ാമത് കാലിക്കറ്റ് സർവകലാശാല അത്്ലറ്റിക് മീറ്റിന് സമാപനം. ദേവഗിരി കോളജിെൻറ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന മീറ്റിൽ 102 പോയൻറുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ പത്തു സ്വർണവും ആറു വെള്ളിയും നാലു വെങ്കലവുമായി 82 പോയേൻറാടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കിരീടം നിലനിർത്തി. 49 പോയൻറുമായി ഗുരുവായൂർ ശ്രീകൃഷ്ണ കോളജാണ് റണ്ണറപ്പ്. 20 പോയൻറുമായി ശ്രീകൃഷ്ണപുരം വി.ടി.ബി. കോളജാണ് മൂന്നാമത്. മേളയിലെ വനിതാ വിഭാഗത്തിലെ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ അവസാന ഇനമായ 4x400 റിലെവരെ കാത്തിരിക്കേണ്ടിവന്നു.
ആവേശപ്പോരാട്ടത്തിനൊടുവിൽ 4x400 മീറ്റർ റിലേയിലെ സ്വർണനേട്ടത്തോടെ എട്ടു സ്വർണവും എട്ടു വെള്ളിയും വെങ്കലവുമടക്കം 80 പോയേൻറാടെ തൃശ്ശൂർ വിമല കോളജ് മൂന്നുവർഷത്തിനുശേഷം കിരീടം തിരിച്ചുപിടിച്ചു. 4x400 റിലേക്കു മുമ്പുവരെ ഒരു പോയേൻറാടെ പാലക്കാട് മേഴ്സി കോളജായിരുന്നു മുന്നിൽ.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ റിലേയിൽ ഒന്നാമതെത്തി വനിതാ വിഭാഗം ഓവറോൾ വിമല കോളജ് സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായിരുന്ന പാലക്കാട് മേഴ്സി കോളജ് ഒമ്പത് സ്വർണവും ആറു വെള്ളിയും ആറു വെങ്കലവുമായി 77 പോയേൻറാടെ റണ്ണറപ്പായി. വനിതാ വിഭാഗത്തിൽ 20 പോയൻറ് വീതം നേടി ശ്രീകൃഷ്ണപുരം വി.ടി.ബി. കോളജും ക്രൈസ്റ്റ് കോളജും മൂന്നാമതെത്തി. അവസാന ദിവസം മൂന്നു മീറ്റ് റെക്കോഡുകളാണ് പിറന്നത്. 20 കിലോമീറ്റർ നടത്തത്തിലും 200 മീറ്റർ ഓട്ടത്തിലും 4x 400 മീറ്റർ റിലേയിലും പുതിയ മീറ്റ് റെക്കോഡുകൾ പിറന്നു. പുരുഷ വിഭാഗം 20 കിലോമീറ്റർ നടത്ത മത്സരത്തോടെയാണ് അവസാനദിനം മീറ്റ് ആരംഭിച്ചത്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ റിബാസ് മൊസാഹി ഒരു മണിക്കൂർ 39 മിനുട്ടിനുള്ളിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 200 മീറ്ററിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അമൽ രാജ് 21.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റിലെ തെൻറ രണ്ടാം വ്യക്തിഗത റെക്കോഡും നേടി. 4x400 മീറ്റർ റിലേയിലും അമൽ രാജ് ഉൾപ്പെട്ട ടി.എസ്. ശങ്കർദാസ്, ഡിവിൻ ദാമോദരൻ, പി.കെ. മുഹമ്മദ് റാഷിദ് എന്നിവരടങ്ങിയ ടീം മീറ്റിലെ അവസാന റെക്കോഡ് കുറിച്ചു. ഇതോടെ മൂന്നു ദിവസങ്ങളിലായി ഏഴു റെക്കോഡുകളാണ് കുറിക്കപ്പെട്ടത്. സി.പി. പ്രജിത (ജാവ്്ലിൻ ത്രോ), മെൽബി ടി. മാനുവൽ (പോൾവാട്ട്), പി.ജി. അമൽ രാജ് (400, 200 മീറ്റർ ഓട്ടം), റിബാസ് മൊസാഹി (20കി.മി നടത്തം), 4x100, 4x400 റിലെ ടീം (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട) എന്നിവയാണ് മേളയിലെ മീറ്റ് റെക്കോഡുകൾ.
സമാപന സമ്മേളനം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ദേവഗിരി പ്രിൻസിപ്പൽ സിബിച്ചൻ എം. തോമസ് അധ്യക്ഷത വഹിച്ചു. റിട്ട.ഐ.ജി. ജോസ് ജോർജ് പുരസ്കാരങ്ങൾ നൽകി. പി.എ. ദേവസ്യ, ഡോ. കെ.പി. മനോജ്, ഡോ. സക്കരിയാസ് ജോസഫ്, കെ.വി. ദേവകുമാർ, ഫാ. ബോണി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.