ലോകം കീഴടക്കിയ യൂടൂബ് മാന്‍
text_fieldsബെയ്ജിങ്: ‘ഓട്ടക്കാരുടെ നാടാണ് കെനിയ. ഇവിടെ ജാവലിന് പരിശീലകനും വഴികാട്ടിയുമില്ലാതെ നീ എന്തുചെയ്യും. ഓടിപ്പഠിച്ചാല്‍ എന്തെങ്കിലും നേടാം’ -ജാവലിനും കൈയിലേന്തി വലിയ മോഹങ്ങളുമായി കെനിയയിലെ ടിന്‍ഡേര്‍ട് തെരുവിലൂടെ നടന്ന സ്കൂള്‍പയ്യന്‍ ജൂലിയസ് യെഗോക്ക് അച്ഛന്‍ നല്‍കിയ ഉപദേശമായിരുന്നു ഇത്. നാട്ടിലെ അത്ലറ്റുകളെല്ലാം ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലുമായി ദീര്‍ഘ^മധ്യദൂര ഇനങ്ങളില്‍ സ്വര്‍ണം നേടുന്നവര്‍. അങ്ങനെയുള്ളൊരു നാട്ടില്‍നിന്ന് ഏറുകാരനാവാന്‍ തീരുമാനിച്ചവനെ വഴിപിഴച്ചവനെന്നേ വീട്ടുകാരും മുദ്രകുത്തൂ.
പക്ഷേ, ചരിത്രം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പിലൂടെ 26കാരനായ യെഗോ അത് തെളിയിക്കുകയും ചെയ്തു. ജാവലിന്‍ ത്രോയില്‍ കെനിയയുടെ ആദ്യ ലോക ചാമ്പ്യനായതിനൊപ്പം 14 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏറുമായി അത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫീല്‍ഡ് വിഭാഗത്തില്‍ കെനിയയുടെ കന്നി സ്വര്‍ണം സ്വന്തമാക്കിയ യെഗോ ആദ്യം നന്ദിയര്‍പ്പിച്ചത് തന്‍െറ പരിശീലകന്‍ ‘യൂടൂബിന്’. വീട്ടുകാരും സുഹൃത്തുക്കളും പിന്തിരിപ്പിച്ചപ്പോള്‍ നാട്ടിലെ ഇന്‍റര്‍നെറ്റ് കഫേയില്‍ യൂടൂബ് വിഡിയോ ആയിരുന്നു കൂട്ട്. ജാവലിന്‍ ത്രോയിലെ ലോകതാരങ്ങളായ ജാന്‍ സെലന്‍സിയുടെയും ആന്ദ്രെസ് തോര്‍കിസിന്‍െറയുമൊക്കെ വിഡിയോകള്‍ യെഗോയുടെ പരിശീലക വേഷത്തിലത്തെി. മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്മാരുടെ പ്രകടനങ്ങള്‍ ഇന്‍റര്‍നെറ്റ് കഫേയിലിരുന്ന് നിരീക്ഷിച്ച് ജാവലിന്‍ ത്രോയുടെ ടെക്നിക്സുകള്‍ ഓരോന്നായി പഠിച്ചെടുത്തു. പകലും രാത്രിയുമായി വിഡിയോ നിരീക്ഷിച്ച് സ്വന്തമാക്കുന്ന പാഠങ്ങള്‍, രാവിലെയും വൈകുന്നേരവുമായി നാലു മണിക്കൂര്‍ നീളുന്ന പരിശീലനത്തില്‍ പയറ്റിനോക്കും. കൂട്ടായി സഹോദരനും വന്നതോടെ യെഗോയുടെ ആത്മവിശ്വാസം കൂടി. 2003ല്‍ ഹൈസ്കൂളില്‍ മത്സരിച്ചു തുടങ്ങിയ യെഗോ 2006ല്‍ കെനിയന്‍ ജൂനിയര്‍ റെക്കോഡുമായി ദേശീയ ശ്രദ്ധനേടി. 2008ല്‍ 19ാം വയസ്സില്‍ സീനിയര്‍തലത്തില്‍ ദേശീയ ചാമ്പ്യനായ യെഗോ തുടര്‍വര്‍ഷങ്ങളിലും ഒന്നാമതത്തെി. 2010ല്‍ നൈറോബിയില്‍ നടന്ന ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലുമായി കെനിയയുടെ ഫീല്‍ഡിലെ നേട്ടങ്ങള്‍ക്ക് തുടക്കമിട്ടു. അതേവര്‍ഷം ഡല്‍ഹിയിലെ കോമണ്‍വെല്‍ത് ഗെയിംസില്‍ ഏഴാം സ്ഥാനത്തായി. പരിശീലകനില്ലാതെയായിരുന്നു ഇവിടം വരെ ജൂലിയസ് യെഗോയുടെ ജൈത്രയാത്രകള്‍. 2011ല്‍ ആഫ്രിക്കന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതോടെ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ യൂറോപ്പില്‍ പരിശീലനത്തിനായി സ്കോളര്‍ഷിപ്പ് നല്‍കി യെഗോയുടെ കൈപിടിച്ചു. അപ്പോഴും, ജാവലിന്‍ ത്രോയെയും യെഗോയെയും മുഖവിലക്കെടുക്കാന്‍ കെനിയ തയാറായില്ല.

പിന്നെ, ലോകം കണ്ടതെല്ലാം മറ്റൊരു വീരഗാഥ. യൂറോപ്പിലെ ഉന്നതരായ പരിശീലകര്‍ക്കു കീഴില്‍ പുതിയ പാഠങ്ങള്‍ അഭ്യസിച്ച യെഗോ ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യത നേടിയതോടെ കെനിയക്കാര്‍ ഈ യുവാവിന്‍െറ ആരാധകരായി മാറി. ഒളിമ്പിക്സില്‍ 12ാമതായ താരം അടുത്തവര്‍ഷത്തെ മോസ്കോ ലോകചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തത്തെി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡുമായി സ്വര്‍ണമണിഞ്ഞ് വീണ്ടും കെനിയന്‍ ദേശീയ ഹീറോ ആയി. നിലവിലെ ലോക ചാമ്പ്യന്‍ കെഷോണ്‍ വാല്‍കോടിനെ വീഴ്ത്തിയായിരുന്നു 83.87 മീറ്റര്‍ എറിഞ്ഞ് റെക്കോഡ് സ്ഥാപിച്ചത്. അതേ മികവുമായി ബെയ്ജിങ്ങിലത്തെിയപ്പോള്‍ യെഗോക്ക് ഉറപ്പായിരുന്നു, ഇത് തന്‍െറ ലോകമേളയെന്ന്. മൂന്നാമത്തെ ശ്രമത്തില്‍ 92.72 എറിഞ്ഞ് കെനിയന്‍ താരം സര്‍ക്കിള്‍ വിടുമ്പോള്‍ കായികലോകം അദ്്ഭുതത്തോടെ മൂക്കത്ത് വിരല്‍വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
