ബോള്‍ട്ട് തന്നെ വേഗരാജന്‍
text_fieldsബെയ്ജിങ്: ‘ഇപ്പോള്‍ ഞാന്‍ ഇതിഹാസമായി. ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ അത്ലറ്റ് ഞാന്‍ തന്നെ’ -2012 ലണ്ടനില്‍ ഇരട്ട ഒളിമ്പിക്സ് സ്വര്‍ണം നിലനിര്‍ത്തിയ ബോള്‍ട്ട് ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ ആരാധകര്‍ അദ്ദേഹത്തെ അഹങ്കാരിയെന്ന് വിളിച്ചു. എന്നാല്‍, ബെയ്ജിങ്ങിലും ബോള്‍ട്ട് അജയ്യനെന്ന് തെളിയിച്ചപ്പോള്‍, അഹങ്കാര വാക്കുകളെ അര്‍ഹിച്ചവന്‍െറ അവകാശവാദമെന്ന് ലോകം തിരുത്തുകയാണ്. ഇതിഹാസതുല്ല്യര്‍ക്കും അപ്രാപ്യമെന്ന് തോന്നുന്ന നേട്ടവുമായി അതിമാനുഷനായ ഉസൈന്‍ ബോള്‍ട്ട് പക്ഷിക്കൂട്ടില്‍ വീണ്ടുമൊരിക്കല്‍ പറന്നിറങ്ങി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയും സ്പ്രിന്‍റ് ഡബ്ളുമായി ഒരേയൊരു ഉസൈന്‍ ബോള്‍ട്ട്.
ഞായറാഴ്ചത്തെ 100 മീറ്റര്‍ പോരാട്ടത്തിന്‍െറ തനിയാവര്‍ത്തനമായ 200 മീറ്റര്‍ ഫൈനലില്‍ മുഖ്യ വൈരി ജസ്റ്റിന്‍ ഗാറ്റ്ലിനെ ബഹുദൂരം പിന്നിലാക്കി ബോള്‍ട്ട് ട്രാക്കിലെ ജീവിക്കുന്ന ഇതിഹാസമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തിലായിരുന്നു (19.55 സെ) ജമൈക്കന്‍ എക്സ്പ്രസിന്‍െറ ഫിനിഷിങ്. ജസ്റ്റിന്‍ ഗാറ്റ്ലിന്‍ 19.74 സെക്കന്‍ഡില്‍ വെള്ളി നേടി. ദക്ഷിണാഫ്രിക്കയുടെ അനസോ ജൊബ്ഡ്വാനോ ക്കാണ് (19.87സെ.) വെങ്കലം.

ഗാറ്റ്ലിനോടല്ല, സ്വന്തത്തോട് തന്നെയാണ് തന്‍െറ പോരാട്ടമെന്നു തെളിയിക്കുന്നതായിരുന്നു ബോള്‍ട്ടിന്‍െറ പ്രകടനം. 2008 ഒളിമ്പിക്സില്‍ ലോകതാരമായി മാറിയ അതേ പക്ഷിക്കൂട്ടില്‍ തന്നെയത്തെിയപ്പോള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളിലെ 12ല്‍ 11 ലോക സ്പ്രിന്‍റ് പോരാട്ടത്തിലും ബോള്‍ട്ട് അജയ്യനായി. 2009 ബര്‍ലിന്‍, 2013 മോസ്കോ, ഇപ്പോള്‍ ബെയ്ജിങ്. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പിലും സ്പ്രിന്‍റ് ഡബ്ള്‍. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളിലും ഇതേ നേട്ടം. 2011 ദെയ്ഗു ചാമ്പ്യന്‍ഷിപ്പില്‍ മാത്രം 200 മീറ്റര്‍ സ്വര്‍ണത്തിലൊതുങ്ങി.
സ്വന്തം പേരിലെ ലോക റെക്കോഡായ 19.19 സെ. തിരുത്തുക ലക്ഷ്യമല്ലായിരുന്നുവെന്നാണ് ചരിത്ര പോരാട്ടത്തിനു ശേഷം ബോള്‍ട്ട് പ്രതികരിച്ചത്. ‘മറ്റൊരു ലോക റെക്കോഡിന് മത്സരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. നാല് ലോക ചാമ്പ്യന്‍ഷിപ്പിലും 200 മീറ്ററില്‍ സ്വര്‍ണം. ഇതൊരു വലിയ വിജയമാണ്’ -ബോള്‍ട്ട് പറഞ്ഞു.
100 മീറ്റര്‍ പോലെ സമ്മര്‍ദത്തിലായിരുന്നില്ല ബോള്‍ട്ട് ഇന്നലെയിറങ്ങിയത്. അതേസമയം, എതിരാളിയായ ഗാറ്റ്ലിന്‍ അതിസമ്മര്‍ദങ്ങളുടെ നടുവിലും. വെടിമുഴക്കത്തിനു പിന്നാലെ, ആദ്യ 100 മീറ്ററില്‍ ഒപ്പത്തിനൊപ്പമായിരുന്നു കുതിപ്പ്. അടുത്ത നൂറില്‍ ജമൈക്കന്‍ കൊടുങ്കാറ്റ് കണക്കെ ആഞ്ഞുവീശിയ ബോള്‍ട്ട്, അവസാന 3കക0-40 മീറ്ററില്‍ വ്യക്തമായ ലീഡുമായി അജയ്യ ഫിനിഷിങ്.
ഹാമര്‍ത്രോയില്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡ് കുറിച്ച പോളണ്ടിന്‍െറ അനിറ്റ വൊഡ്റികാണ് വ്യാഴാഴ്ചയിലെ മറ്റൊരു താരമായത്. 80.85 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്. 81.08 മീറ്ററുമായി അനിറ്റയുടെ പേരില്‍ തന്നെയാണ് ലോക റെക്കോഡ്. ചൈനയുടെ സാങ് വെന്‍സൂ വെള്ളിയും ഫ്രാന്‍സിന്‍െറ അലക്സാണ്ട്ര ടവെര്‍നിര്‍ വെങ്കലവും നേടി.
ട്രിപ്ള്‍ ജമ്പില്‍ വര്‍ഷത്തെ മികച്ച പ്രകടവുമായി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര്‍ സ്വര്‍ണമണിഞ്ഞു. നിലവിലെ ഒളിമ്പിക്സ്-ലോകചാമ്പ്യനാണ് ടെയ്ലര്‍. 18.21 മീറ്ററാണ് മെഡല്‍ ദൂരം. 400 മീറ്ററില്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്സ് സ്വര്‍ണമണിഞ്ഞു. 49.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫെലിക്സിനു പിന്നില്‍ ബഹാമസിന്‍െറ ഷോണ്‍ മില്ലര്‍ വെള്ളിയും ജമൈക്കയുടെ ഷെറീക ജാക്സണ്‍ വെങ്കലവുമണിഞ്ഞു.
Bolt 19.55 Gatlin 19.74 Jobodwana 19.87 Edward 19.87
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
